CricKerala
Crickerala is a malayalam cricket news website. Malayalam cricket news, cricket news in malayalam

തകർത്തടിച്ച് ടിം ഡേവിഡ്, പിന്നാലെ വിക്കറ്റ് മെയ്ഡനുമായി ഭുവനേശ്വർ കുമാർ, 3 റൺസിൻ്റെ വിജയവുമായി സൺറൈസേഴ്സ്

മുംബൈ ഇന്ത്യൻസിനെ 3 റൺസിന് പരാജയപ്പെടുത്തി പ്ലേയോഫ് സാധ്യത നിലനിർത്തി സൺറൈസേഴ്സ് ഹൈദരാബാദ്. മത്സരത്തിൽ സൺറൈസേഴ്സ് ഉയർത്തിയ 194 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന മുംബൈ ഇന്ത്യൻസിന് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 190 റൺസ് നേടാൻ മാത്രമേ സാധിച്ചുള്ളൂ.

മികച്ച തുടക്കമാണ് രോഹിത് ശർമ്മയും ഇഷാൻ കിഷനും മുംബൈ ഇന്ത്യൻസിന് നൽകിയത്. ഇരുവരും ഓപ്പണിങ് കൂട്ടുകെട്ടിൽ 95 റൺസ് കൂട്ടിചേർത്തു. രോഹിത് ശർമ്മ 36 പന്തിൽ 48 റൺസും ഇഷാൻ കിഷൻ 34 പന്തിൽ 43 റൺസും നേടി. ഇരുവരും പുറത്തായ ശേഷം സമ്മർദ്ദത്തിലായ മുംബൈ ഇന്ത്യൻസിനെ 18 പന്തിൽ 46 റൺസ് നേടിയ ടിം ഡേവിഡ് വിജയത്തിലെത്തിക്കുമെന്ന് പ്രതീക്ഷിച്ചുവെങ്കിലും താരം റണ്ണൗട്ടായത് തിരിച്ചടിയായി.

പിന്നാലെ 19 ആം ഓവർ എറിയാനെത്തിയ ഭുവനേശ്വർ റൺസൊന്നും വഴങ്ങാതെ ഒരു വിക്കറ്റ് നേടുകയും മത്സരം സൺറൈസേഴ്സിൻ്റെ വരുതിയിലാക്കുകയും ചെയ്തു. സൺറൈസേഴ്സിന് വേണ്ടി ഉമ്രാൻ മാലിക്ക് മൂന്ന് വിക്കറ്റും ഭുവനേശ്വർ കുമാർ, വാഷിങ്ടൺ സുന്ദർ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് 44 പന്തിൽ 76 റൺസ് നേടിയ രാഹുൽ ത്രിപാതിയുടെയും 26 പന്തിൽ 42 റൺസ് നേടിയ പ്രിയം ഗാർഗിൻ്റെയും 22 പന്തിൽ 38 റൺസ് നേടിയ നിക്കൊളാസ് പൂറൻ്റെയും മികവിലാണ് മികച്ച സ്കോർ നേടിയത്.

Leave a comment