Skip to content

ഇന്ത്യൻ ടീമിൽ തിരിച്ചെത്തുമോ, ഡബിൾ സെഞ്ചുറിയ്ക്ക് പുറകെ സെഞ്ചുറിയുമായി ചേതേശ്വർ പുജാര, വീഡിയോ കാണാം

കൗണ്ടി ക്രിക്കറ്റിലെ തൻ്റെ തകർപ്പൻ പ്രകടനം തുടർന്ന് ഇന്ത്യൻ സീനിയർ ബാറ്റ്സ്മാൻ ചേതേശ്വർ പുജാര. സസ്ക്‌സിന് വേണ്ടിയുള്ള തൻ്റെ അരങ്ങേറ്റ മത്സരത്തിൽ ഡബിൾ സെഞ്ചുറി കുറിച്ച താരം ഇപ്പോൾ തൊട്ടടുത്ത മത്സരത്തിലും സെഞ്ചുറി നേടിയിരിക്കുകയാണ്.

വോർസെസ്റ്റർഷയറിനെതിരായ മത്സരത്തിലാണ് 184 പന്തിൽ പുജാര സെഞ്ചുറി നേടിയത്. 34 റൺസിന് 2 എന്ന നിലയിൽ ക്രീസിലെത്തിയ പുജാര മൂന്നാം വിക്കറ്റിൽ ടോം ക്ലാർക്കിനൊപ്പം 121 റൺസ് കൂട്ടിച്ചേർത്ത ശേഷം 206 പന്തിൽ 109 റൺസ് നേടിയാണ് പുറത്തായത്. 16 ഫോർ ആദ്യ ഇന്നിങ്സിൽ പുജാരയുടെ ബാറ്റിൽ നിന്നും പിറന്നു. പുജാരയുടെ സെഞ്ചുറി മികവിൽ ആദ്യ ഇന്നിങ്സിൽ 269 റൺസ് നേടിയാണ് പുറത്തായത്.

ഏറെ പ്രതീക്ഷയോടെ ബാറ്റിങിനിറങ്ങിയ പാകിസ്ഥാൻ വിക്കറ്റ് കീപ്പർ മൊഹമ്മദ് റിസ്വാൻ നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായി. വെറും ഒരു പന്ത് മാത്രമാണ് പുജാരയും റിസ്വാനും തമ്മിലുള്ള കൂട്ടുകെട്ട് നീണ്ടുനിന്നത്.

നേരത്തെ സസെക്സിന് വേണ്ടിയുളള അറങ്ങേറ്റത്തിൽ ഡർബിഷയറിനെതിരെ രണ്ടാം ഇന്നിങ്സിൽ ഡബിൾ സെഞ്ചുറി പുജാര നേടിയിരുന്നു. 387 പന്തിൽ പുറത്താകാതെ 201 റൺസ് നേടിയ പുജാരയുടെ മികവിലാണ് മത്സരത്തിൽ ടീം സമനില നേടിയത്.

വീഡിയോ ;

കഴിഞ്ഞ വർഷങ്ങളിലെ മോശം പ്രകടനത്തെ തുടർന്നാണ് പുജാര ഇന്ത്യൻ ടീമിൽ പുറത്തായത്. 2020 മുതൽ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് വേണ്ടി 23 ഇന്നിങ്സിൽ നിന്നും 25.09 ശരാശിരിയിൽ 552 റൺസ് മാത്രമാണ് നേടിയിരുന്നത്. തുടർന്ന് ശ്രീലങ്കയ്ക്കെതിരായ കഴിഞ്ഞ ടെസ്റ്റ് പരമ്പരയോടെ പുജാരയെയും ഒപ്പം വൈസ് ക്യാപ്റ്റനായിരുന്ന അജിങ്ക്യ രഹാനയെയും ഇന്ത്യ ടീമിൽ നിന്നും പുറത്താക്കുകയായിരുന്നു. കൗണ്ടി ക്രിക്കറ്റിൽ ഈ ഫോം തുടരുവാൻ സാധിച്ചാൽ അധികം വൈകാതെ തന്നെ ടീമിൽ തിരിച്ചെത്താൻ പുജാരയ്ക്ക് സാധിക്കും.