Skip to content

അവസാന ഓവറിൽ വീഴ്ത്തിയത് നാല് വിക്കറ്റ്, തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ആന്ദ്രെ റസ്സൽ

ഗുജറാത്ത് ടൈറ്റൻസിനെതിരായ തകർപ്പൻ ബൗളിങ് പ്രകടനത്തോടെ ഇന്ത്യൻ പ്രീമിയർ ലീഗിൽ വമ്പൻ റെക്കോർഡ് സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ വെസ്റ്റിൻഡീസ് ഓൾ റൗണ്ടർ ആന്ദ്രെ റസ്സൽ. മത്സരത്തിൽ ഇരുപതാം ഓവർ എറിയാനെത്തിയ റസ്സൽ 5 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. ഈ പ്രകടനത്തോടെയാണ് ഐ പി എല്ലിൽ വമ്പൻ റെക്കോർഡ് റസ്സൽ സ്വന്തമാക്കിയത്.

( Picture Source : IPL / BCCI )

ഓവറിലെ ആദ്യ പന്തിൽ അഭിനവ് മനോഹറിനെ പുറത്താക്കിയ റസ്സൽ തൊട്ടടുത്ത പന്തിൽ ലോക്കി ഫെർഗൂസനെ പുറത്താക്കി. ഹാട്രിക് പ്രതീക്ഷയിൽ അടുത്ത പന്തെറിഞ്ഞ റസ്സലിനെതിരെ അൽസാരി ജോസഫ് സിംഗിൾ നേടുകയും തൊട്ടടുത്ത പന്തിൽ രാഹുൽ തെവാട്ടിയ ഫോർ നേടുകയും ചെയ്തു. എന്നാൽ അടുത്ത പന്തിൽ തെവാട്ടിയയെ പുറത്താക്കി റസ്സൽ ശക്തമായി തിരിച്ചെത്തി. പിന്നാലെ ഓവറിലെ അവസാന പന്തിൽ യാഷ് ധയാലിനെ റസ്സൽ പുറത്താക്കി.

( Picture Source : IPL / BCCI )

ഈ പ്രകടനത്തോടെ ഐ പി എൽ ചരിത്രത്തിൽ ഒരോവറിൽ നാല് വിക്കറ്റ് നേടുന്ന ആദ്യ പേസറെന്ന റെക്കോർഡ് റസ്സൽ സ്വന്തമാക്കി. ഓരോവറിൽ നാല് വിക്കറ്റ് നേടുന്ന മൂന്നാമത്തെ ബൗളർ കൂടിയാണ് റസ്സൽ. സ്പിന്നർമാരായ അമിത് മിശ്രയും യുസ്വെന്ദ്ര ചഹാലുമാണ് ഇതിനുമുൻപ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.

( Picture Source : IPL / BCCI )

2013 സീസണിൽ സൺറൈസേഴ്സ് ഹൈദരാബാദിന് വേണ്ടി കളിക്കവെ പുണെ വാരിയേഴ്സിനെതിരെയാണ് അമിത് മിശ്ര ഒരോവറിൽ നാല് വിക്കറ്റ് നേടിയത്. ഈ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിലാണ് രാജസ്ഥാൻ റോയൽസിന് വേണ്ടി യുസ്വെന്ദ്ര ചഹാൽ ഒരോവറിൽ നാല് വിക്കറ്റ് നേടിയത്.

ഹാട്രിക് നേടാതെ ഒരോവറിൽ നാല് വിക്കറ്റ് നേടുന്ന ആദ്യ ബൗളർ കൂടിയാണ് റസ്സൽ. മത്സരത്തിൽ നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 156 റൺസ് നേടാൻ മാത്രമാണ് ഗുജറാത്ത് ടൈറ്റൻസിന് സാധിച്ചത്. 49 പന്തിൽ 67 റൺസ് നേടിയ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ മാത്രമാണ് ടൈറ്റൻസിന് വേണ്ടി തിളങ്ങിയത്.

( Picture Source : IPL / BCCI )