Skip to content

കുതിപ്പ് തുടർന്ന് ഗുജറാത്ത് ടൈറ്റൻസ്, കെ കെ ആറിനെതിരെ നേടിയത് ആവേശവിജയം

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 8 റൺസിന് പരാജയപ്പെടുത്തി ഐ പി എല്ലിലെ വിജയകുതിപ്പ് തുടർന്ന് ഗുജറാത്ത് ടൈറ്റൻസ്. മത്സരത്തിൽ ടൈറ്റൻസ് ഉയർത്തിയ 157 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന കെ കെ ആറിന് നിശ്ചിത 20 ഓവറിൽ 148 റൺസ് നേടാൻ മാത്രമേ സാധിച്ചുള്ളൂ. സീസണിലെ ഗുജറാത്ത് ടൈറ്റൻസിൻ്റെ ആറാം വിജയമാണിത്. വിജയത്തോടെ ടൈറ്റൻസ് പോയിൻ്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തി.

( Picture Source : IPL / BCCI )

25 പന്തിൽ 48 റൺസ് നേടിയ ആന്ദ്രെ റസ്സലും 28 പന്തിൽ 35 റൺസ് നേടിയ റിങ്കു സിങും മാത്രമെ കൊൽക്കത്തയ്ക്ക് വേണ്ടി തിളങ്ങിയുള്ളൂ. ഗുജറാത്ത് ടൈറ്റൻസിന് വേണ്ടി റാഷിദ് ഖാൻ, മൊഹമ്മദ് ഷാമി, യാഷ് ധയാൽ എന്നിവർ രണ്ട് വിക്കറ്റ് വീതവും അൽസാരി ജോസഫ്, ലോക്കി ഫെർഗൂസൻ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

നേരത്തെ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റൻസ് 49 പന്തിൽ 67 റൺസ് നേടിയ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ മികവിലാണ് പൊരുതാവുന്ന സ്കോറിൽ എത്തിച്ചത്. ഡേവിഡ് മില്ലർ 20 പന്തിൽ 27 റൺസ് നേടി പുറത്തായി.

( Picture Source : IPL / BCCI )

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി ആന്ദ്രെ റസ്സൽ ഒരോവറിൽ 5 റൺസ് വഴങ്ങി നാല് വിക്കറ്റും ടിം സൗത്തീ നാലോവറിൽ 24 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും ഉമേഷ് യാദവ്, ശിവം മാവി എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

( Picture Source : IPL / BCCI )

മത്സരത്തിലെ വിജയത്തോടെ രാജസ്ഥാൻ റോയൽസിനെ പിന്നിലാക്കി ഗുജറാത്ത് ടൈറ്റൻസ് പോയിൻ്റ് ടേബിളിൽ വീണ്ടും ഒന്നാം സ്ഥാനത്തെത്തി.

( Picture Source : IPL / BCCI )