Skip to content

മരിച്ചാലും തല താഴ്‌ത്തി മടങ്ങാൻ മടിക്കുന്ന ഒരു നായകന്റെ മുന്നറിയിപ്പ്

ഡർബൻ, നീലപ്പടയുടെ രക്തത്തിന്റെ മണമുള്ള കാറ്റു വീശുന്ന യുദ്ധഭൂമി, പലകുറി പല നായകന്മാരുടെ കീഴിൽ പടപൊരുതാൻ കടലുകൾ താണ്ടി നീലപ്പട ഡർബനിലെത്തിയപ്പോഴും പ്രോട്ടിയാസ്‌ നിഷ്ക്കരുണം അവരെ അരിഞ്ഞു വീഴ്ത്തിയിരുന്നു. ആ ചരിത്രമുറങ്ങുന്ന യുദ്ധഭൂമിയിലേക്ക്‌ ക്രിക്കറ്റിന്റെ ചെകുത്താന്റെ കീഴിലാണു നീലപ്പട ഇക്കുറിയെത്തിയത്‌, നിശ്ചയദാർഡ്യത്തിന്റെ പ്രതിരുപമായ ആ ചെകുത്താനു മുന്നിൽ ചരിത്രം മുട്ടിൽ നിന്ന് വഴിമാറിക്കൊടുക്കയായിരുന്നു. 

ആ ചെകുത്താൻ അരിഞ്ഞു വീഴ്ത്തിയ പ്രോട്ടിയാസ്‌ പടയാളികളുടെ രക്തം മതിയാവോളം പ്രതികാരമെന്നോണം നുകർന്നു, നീലപ്പടയുടെ രക്തവും മാംസവും തിന്നു വളർന്ന പുൽത്തകിടിയിൽ ആഴത്തിൽ വിജയക്കൊടിമരം ആഴ്ത്തിൽ ആഴ്ത്തി ഏറെ ഉയർത്തിൽ തൃവർണ്ണ പതാക പാറിച്ചു…

വീരാട്‌ കോഹ്ലി, സമാനതകളില്ല ആ പേരിനു ഇന്നു ക്രിക്കറ്റിൽ, ഡർബനിൽ ഇന്നലെ ഒരിക്കൽ കൂടി അതിനു അടിവരയിടുകയായിരുന്നയാൾ. വീരാട്‌ എന്ന നായകനു കീഴിൽ ഇന്ത്യൻ ബോളേഴ്സ്‌ വെറും 269 റൺസിനു ദക്ഷിണാഫ്രിക്കയെ ഒതുക്കിയപ്പോൾ തന്നെ ഇന്ത്യ വിജയം മണത്തിരുന്നു. എന്നാൽ ചരിത്രം ദക്ഷിണാഫ്രിക്കക്കൊപ്പമായിരുന്നു അപ്പോഴും, മഹാരഥന്മാർ പോലും ഇത്തരം സ്കോറിനു മുന്നിൽ പൊരുതാൻ പോലുമാവാതെ തോറ്റു മടങ്ങിയിരുന്നു. 

രോഹിത്തിനു ശേഷം ക്രീസിലെത്തുന്ന വീരാടിനു കൂട്ടായുണ്ടായിരുന്നത്‌ ഒഴുകുന്ന ധവാനായിരുന്നു. കോലിയുടെ തെറ്റെന്നു വിളിക്കാവുന്ന ഒരോട്ടത്തിൽ ധവാൻ പുറത്താവുന്നു, ക്ഷുഭിതനായി മടങ്ങിയ ധവാൻ വീരാടിനെ വേദനിപ്പിച്ചിരുന്നു എന്നു വ്യക്തമായിരുന്നു. 

പിന്നീട്‌ ക്രീസിലെത്തിയത്‌ രെഹാന, 4ആം നമ്പറിലെ ആശയക്കുഴപ്പത്തിനു പരിഹാരമാകാനായി 2019 ലോകകപ്പ്‌ മുന്നിൽ കണ്ട്‌ വീരാട്‌ നടത്തുന്ന മറ്റൊരു പരീക്ഷണം. തക്കം പാത്ത്‌ നിന്ന ദക്ഷിണാഫ്രിക്കക്കൻ പേസർമ്മാരും ലെഗ്ഗി ഇമ്രാൻ താഹിറും വളരെ മികച്ച പന്തുകളുമായി വരിഞ്ഞു മുറുക്കാൻ ശ്രമം തുടങ്ങിയിരുന്നു. എന്നാൽ രെഹാനയിൽ മികച്ചൊരു കൂട്ടാളിയെ വീരാട്‌ കണ്ടെത്തുന്നതാണു പിന്നെ കാണുന്നത്‌, വളരെ മനോഹരമായി അവരിരുവരും സാഹചര്യത്തിനുസരിച്ച്‌ താളം കണ്ടെത്തുന്നു. ചേസിംഗിലെ വീരാടിന്റെ സമാനതകളില്ലാത്ത വൈദിഗ്ധ്യത്തിനു ഒരിക്കൽ കൂടി സാക്ഷ്യം വഹിക്കുകയായിരുന്നു ക്രിക്കറ്റ്‌ ലോകം. തികച്ചും യാന്ത്രികമായാണയാൾ ലക്ഷ്യത്തിലേക്കു നീങ്ങുന്നത്‌, റൺസ്‌ നേടണമെന്ന് വീരാട്‌ കരുതുമ്പോഴെല്ലാം വീരാടിനതിനു സാധിക്കുന്നു, നിസ്സഹായരായി വീരാടെന്ന യന്ത്രത്തിനു റണ്ണുൽപാദിപ്പിക്കുന്നതിനായി പന്തെറിയുന്ന പാവകളായി മാറുകയായിരുന്നു പേരുകേട്ട ദക്ഷിണാഫ്രിക്കൻ ബോളിംഗ്‌ നിര. രെഹാന ഒരറ്റത്ത്‌ നിന്ന് അയാളുടെ ഏകദിന കരിയർ തന്നെ പുനർ നിർവ്വചിക്കാൻ ശേഷിയുള്ള ഒരു ഇന്നിംഗ്സ്‌ അതി മനോഹരമായി പാകപ്പെടുത്തുകയായിരുന്നു. വിക്കറ്റുകൾക്കിടയിൽ അവരുടെ പാദങ്ങൾ അതിവേഗത്തിൽ ചലിച്ചപ്പോൾ കൂടുതൽ കൂടുതൽ അസ്വസ്തനാകുന്ന ദക്ഷിണാഫ്രിക്കൻ നായകന്റെ മുഖം ശ്രദ്ധേയമായ ചിത്രമായിരുന്നു. 

3 ആം വിക്കറ്റിൽ വീരാട്‌ രെഹാനക്കൊപ്പം ചേർത്ത 189 റൺസ്‌ തന്നെയായിരുന്നു ഇന്ത്യൻ ഇന്നിംഗ്സിന്റെ നട്ടെല്ല്. ഗാംഗുലിയും സച്ചിനും ചേർന്ന് 2001 ഇൽ നേടിയ 193 റൺസ്‌ മാത്രമായിരുന്നു ദക്ഷിണാഫ്രിക്കക്കെതിരെ ദക്ഷിണാഫ്രിക്കൻ മണ്ണിൽ അവർക്കു മുന്നിൽ വീഴാതെ പോയ ഇന്ത്യൻ കൂട്ടുകെട്ട്‌. 41 ആം ഓവറിലെ 5 ആം പന്തിനെ മനോഹരമായി കവറിലേ ബൗണ്ടറി ലൈനിലെത്തിച്ച്‌ വീരാട്‌ ഏകദിന കരിയറിൽ 33 ആം തവണ മൂന്നക്കം കടന്നു. നായകനെന്ന നിലയിൽ 11 ആം സെഞ്ച്വറി, ഉത്തരവാദിത്ത്വങ്ങളും സമർദ്ദവും വീരാടിനു ഊർജ്ജമാണു, കൂടുതൽ തിളക്കത്തിൽ തിളങ്ങാനുള്ള ഊർജ്ജം. 

സെഞ്ച്വറി നേടിയ ശേഷം ഒരൽപ്പം അനിമേറ്റഡയുള്ള വീരാടെന്ന ജയിച്ചവന്റെ ആഘോഷം കണ്ട്‌ നിൽക്കുന്നവരിലേക്കു കൂടി ഊർജ്ജമൊഴുക്കുന്നുണ്ടായിരുന്നു. ഗാലറികളിൽ നിറഞ്ഞിരുന്ന സൗത്താഫ്രിക്കൻ കാണികൾ എഴുന്നേറ്റ്‌ നിന്ന് കയ്യടിച്ച്‌ വിരാട്‌ എന്ന പ്രതിഭയെ ആദരിക്കുന്നതിൽ തന്നെ വ്യക്തമായിരുന്നു വീരാടെന്ന ക്രിക്കറ്റർ ലോക ക്രിക്കറ്റിൽ ഉണ്ടാക്കി കൊണ്ടിരിക്കുന്ന ഇമ്പാക്ടിന്റെ വലിപ്പം. വിജയത്തിനു തൊട്ടരികിൽ വീണു പോയെങ്കിലും, കാലങ്ങൾക്കപ്പുറം ഈ വിജയം ഓർക്കപ്പെടുക വീരാടിന്റെ പേരിൽ മാത്രമാവും. 

വീരാട്‌ ഡർബനിൽ പ്രോട്ടിയാസിനു നൽകിയത്‌ ഒരു വ്യക്തമായ മുന്നറിയിപ്പ്‌ തന്നെയാണു, മരിച്ചാലും തല താഴ്ത്തി മടങ്ങാൻ മടിക്കുന്ന ഒരു നായകന്റെ മുന്നറിയിപ്പ്‌
-കൃപൽ ഭാസ്ക്കർ