Skip to content

ഇന്ത്യയ്‌ക്കായി കൂടുതൽ മത്സരങ്ങൾ അവൻ കളിക്കേണ്ടതായിരുന്നു, സഞ്ജു നിർഭാഗ്യവാനാണെന്ന് ഷോയിബ് അക്തർ

മലയാളി താരവും രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനുമായ സഞ്ജു സാംസൺ ഇന്ത്യയ്ക്ക് വേണ്ടി കൂടുതൽ മത്സരങ്ങൾ കളിക്കേണ്ടതായിരുന്നുവെന്ന് മുൻ പാകിസ്ഥാൻ പേസർ ഷോയിബ് അക്തർ. പ്രമുഖ സ്പോർട്സ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അക്തർ സഞ്ജുവിനെ പ്രശംസിച്ചത്.

( Picture Source : IPL / BCCI )

ഐ പി എൽ 2022 ൽ മികച്ച തുടക്കമാണ് സഞ്ജു സാംസണ് ലഭിച്ചത്. സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിലും ടീമിനെ വിജയത്തിലെത്തിച്ച സഞ്ജു ബാറ്റിങിലും മികവ് പുലർത്തി. സൺറൈസേഴ്സിനെതിരായ മത്സരത്തിൽ 27 പന്തിൽ 55 റൺസ് നേടിയ സഞ്ജു മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ 21 പന്തിൽ 30 റൺസ് നേടി. രണ്ട് മത്സരങ്ങളിൽ നിന്നും മാത്രം എട്ട് സിക്സാണ് സഞ്ജു സാംസൺ നേടിയത്.

( Picture Source : IPL / BCCI )

” സഞ്ജു സാംസൺ ഇന്ത്യയ്ക്കായി കൂടുതൽ മത്സരങ്ങൾ കളിക്കണമായിരുന്നു, അവൻ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ്. നിർഭാഗ്യവശാൽ ഇന്ത്യൻ ടീമിൽ സ്ഥാനം ഉറപ്പിക്കാൻ അവന് കഴിഞ്ഞിട്ടില്ല. എന്നാൽ ഒരു മികച്ച പ്രതിഭയാണ്. ” അക്തർ പറഞ്ഞു.

( Picture Source : IPL / BCCI )

സഞ്ജുവിനൊപ്പം രാജസ്ഥാൻ റോയൽസിൻ്റെ ഇംഗ്ലീഷ് ബാറ്റ്സ്മാൻ ജോസ് ബട്ട്ലറെയും അക്തർ പ്രശംസിച്ചു.

” ബെൻ സ്റ്റോക്സിന് പകരം ജോസ് ബട്ട്ലർക്കാണ് ഇംഗ്ലണ്ട് സ്ഥാനകയറ്റം നൽകിയതെങ്കിൽ ബട്ലർ ഇംഗ്ലണ്ടിൻ്റെ സൂപ്പർസ്റ്റാറായി മാറിയേനെ. ബട്ട്ലർ വലിയ മാന്ത്രികനാണ്. മോശം വിക്കറ്റുകളിൽ റൺസ് നേടാനും നല്ല വിക്കറ്റുകളിൽ ബൗളർമാരെ തകർക്കാനും അവന് കഴിയും. അർഹമായ ക്രെഡിറ്റ് അവന് ലഭിച്ചിട്ടില്ല. ഏറ്റവും പെർഫെക്റ്റ് കളിക്കാരിൽ ഒരാളാണ് ബട്ട്ലർ. അവൻ്റെ യഥാർത്ഥ കഴിവ് ആരും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ” അക്തർ കൂട്ടിച്ചേർത്തു.

( Picture Source : IPL / BCCI )

മുംബൈ ഇന്ത്യൻസിതിരെ തകർപ്പൻ സെഞ്ചുറി നേടിക്കൊണ്ട് സീസണിലെ ആദ്യ സെഞ്ചുറി ബട്ട്ലർ സ്വന്തം പേരിൽ കുറിച്ചിരുന്നു. ഐ പി എല്ലിലെ തൻ്റെ രണ്ടാം സെഞ്ചുറിയാണ് മുംബൈയ്ക്കെതിരെ ബട്ട്ലർ കുറിച്ചത്. സീസണിൽ രാജസ്ഥാൻ റോയൽസിൻ്റെ സാധ്യത നിർണ്ണയിക്കുക സഞ്ജുവിൻ്റെയും ബട്ട്ലറുടെയും പ്രകടനമാണ്. ഇരുവരും ഈ പ്രകടനം തുടർന്നാൽ റോയൽസിനെ പിടിച്ചുകെട്ടുകയെന്നത് മറ്റു ടീമുകൾക്ക് എളുപ്പമാവില്ല.

( Picture Source : IPL / BCCI )