Skip to content

അനിൽ കുംബ്ലെയുടെ കോച്ചിങിൽ യുവതാരങ്ങൾ ഭയപെട്ടിരുന്നു, കോഹ്ലിയും കുംബ്ലെയും തമ്മിലുണ്ടായ തർക്കത്തെ കുറിച്ച് വിനോദ് റായ്

2017 ൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും ഹെഡ് കോച്ച് അനിൽ കുംബ്ലെയും തമ്മിലുണ്ടായ ഭിന്നതയ്ക്ക് പിന്നിലെ യഥാർത്ഥ കാരണം വെളിപ്പെടുത്തി കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സ് ചെയർമാനായിരുന്ന വിനോദ് റായ്. അടുത്തിടെ പുറത്തിറക്കിയ പുസ്തകത്തിലാണ് വിവാദങ്ങൾക്ക് വഴിവെച്ച ഇക്കാര്യത്തെ കുറിച്ച് വിനോദ് റായ് പ്രതിപാദിച്ചത്.

വിരാട് കോഹ്ലിയും അനിൽ കുംബ്ലെയും തമ്മിലുള്ള തർക്കം ഇന്ത്യൻ ക്രിക്കറ്റിലെ തന്നെ ഏറ്റവും വിവാദപരമായ അധ്യായങ്ങളിലൊന്നാണ്. കുംബ്ലെയുടെ പരിശീലന ശൈലിയിൽ കളിക്കാർ തൃപ്തരായിരുന്നില്ലെന്ന് വിരാട് കോഹ്ലി ബിസിസിഐയെ അറിയിച്ചിരുന്നു.

” ക്യാപ്റ്റനുമായും ടീം മാനേജ്മെൻ്റുമായും ഞാൻ നടത്തിയ സംഭാഷണങ്ങളിൽ കുംബ്ലെ വലിയ അച്ചടക്കക്കാരനായിരുന്നുവെന്നും അതുകൊണ്ട് തന്നെ ടീമംഗങ്ങൾ അദ്ദേഹത്തിൽ സന്തുഷ്ടരല്ലെന്നും അറിയാൻ സാധിച്ചു. ഈ വിഷയത്തിൽ ഞാൻ വിരാട് കോഹ്ലിയോട് സംസാരിച്ചു. അനിൽ കുംബ്ലെ പ്രവർത്തിക്കുന്ന രീതിയിൽ യുവതാരങ്ങൾ ഭയത്തിലാണെന്ന് കോഹ്ലി പറഞ്ഞു. ”

” യു കെയിൽ നിന്നും മടങ്ങിയെത്തിയ അനിൽ കുംബ്ലെയുമായി ഞങ്ങൾ ദീർഘനേരം സംസാരിച്ചു. ഈ സംഭവവികാസങ്ങളിൽ അദ്ദേഹം അസ്വസ്ഥനായിരുന്നു. തന്നോട് അന്യായമായി പെരുമാറിയെന്നും ഒരു ക്യാപ്റ്റനോ ടീമിനോ ഇത്രയധികം പ്രാധാന്യം നൽകേണ്ടതില്ലയെന്നും അദ്ദേഹം പറഞ്ഞു. ടീമിൽ അച്ചടക്കവും പ്രൊഫഷണലിസവും കൊണ്ടുവരേണ്ടത് പരിശീലകൻ്റെ കടമയാണെന്നും സീനിയർ എന്ന നിലയിൽ തൻ്റെ കാഴ്ച്ചപാടുകൾ മറ്റുള്ളവർ മാനിക്കണമെന്നായിരുന്നു അദ്ദേഹത്തിൻ്റെ പക്ഷം. ” തൻ്റെ പുസ്തകത്തിൽ വിനോദ് റായ് പറഞ്ഞു.

2017 ഐസിസി ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ പാകിസ്ഥാനോട് പരാജയപെട്ടതോടെയാണ് അനിൽ കുംബ്ലെ ഇന്ത്യൻ പരിശീലകസ്ഥാനം രാജിവെച്ചത്. തുടർന്ന് രവി ശാസ്ത്രി ഇന്ത്യൻ ഹെഡ് കോച്ചായി തിരികെയെത്തുകയായിരുന്നു. കഴിഞ്ഞ മൂന്ന് സീസണുകളായി ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിങ്സിൻ്റെ ഹെഡ് കോച്ചാണ് അനിൽ കുംബ്ലെ.