ഹാട്രിക് നേടാൻ സാധിക്കാതിരുന്നതിൽ നിരാശയുണ്ട്, ഹാട്രിക് നഷ്ടപെട്ടതിനെ കുറിച്ച് യുസ്വേന്ദ്ര ചഹാൽ

മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ഹാട്രിക് മിസ്സായതിൽ വിഷമമുണ്ടെന്ന് രാജസ്ഥാൻ റോയൽസ് സ്പിന്നർ യുസ്വേന്ദ്ര ചഹാൽ. രാജസ്ഥാൻ റോയൽസ് 23 റൺസിന് വിജയിച്ച മത്സരത്തിൽ നാലോവറിൽ 26 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകൾ ചഹാൽ നേടിയിരുന്നു.

( Picture Source : IPL )

മത്സരത്തിലെ പതിനാറാം ഓവറിലെ ആദ്യ രണ്ട് പന്തുകളിൽ ടിം ഡേവിഡിനെയും ഡാനിയെൽ സാംസിനെയും പുറത്താക്കിയ ചഹാൽ ഹാട്രിക് പന്തിൽ മുരുഗൻ അശ്വിനെ പുറത്താക്കാനുള്ള അവസരം സൃഷ്ടിച്ചിരുന്നുവെങ്കിലും അശ്വിൻ്റെ ബാറ്റിൽ തട്ടി എഡ്ജ് ചെയ്ത പന്ത് കൈപ്പിടിയിലൊതുക്കാൻ സ്ലിപ്പിൽ നിന്നിരുന്ന കരുൺ നായർക്ക് സാധിച്ചില്ല.

” എനിക്കൽപ്പം വിഷമം തോന്നി ( ഹാട്രിക് നേടാൻ സാധിക്കാത്തതിൽ ), പക്ഷേ ഇത് കളിയുടെ ഭാഗമാണ്. ഈ കളി ജയിക്കുകയെന്നതായിരുന്നു ഞങ്ങളുടെ പ്രധാന ലക്ഷ്യം. ഇതൊരു രസകരമായ മത്സരമായിരുന്നു. ഇതുവരെയും ഹാട്രിക് ഞാൻ നേടിയിട്ടില്ല, അതുകൊണ്ട് ഹാട്രിക് ലഭിച്ചിരുന്നുവെങ്കിൽ നന്നായേനെ. ” ചഹാൽ പറഞ്ഞു.

( Picture Source : IPL )

” നല്ല ബൗൺസും ടേണും ലഭിക്കുന്നതിനാൽ വരുന്ന ബാറ്റ്സ്മാന്മാർക്കെതിരെ ഗൂഗ്ലി ചെയ്യാനായിരുന്നു എൻ്റെ പദ്ധതി. ടീമിന് എന്താണ് വേണ്ടതെന്ന് നോക്കിയാണ് വിക്കറ്റിന് വേണ്ടിയാണോ അതോ റൺസ് വഴങ്ങാതിരിക്കാനാണോ ശ്രമിക്കേണ്ടതെന്ന് ഞാൻ തീരുമാനിക്കുന്നത്. പൂനെയിലും ഇവിടെയും ഡ്യൂ ഇല്ലായിരുന്നു, ഇനി സ്വിമിങ് പൂളിൽ പന്തെറിയുമ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് നോക്കാം. ” വാങ്കഡെ സ്റ്റേഡിയത്തിലെ സാഹചര്യങ്ങളെ ട്രോളികൊണ്ട് ചഹാൽ പറഞ്ഞു.

( Picture Source : IPL )

മത്സരത്തിൽ 23 റൺസിൻ്റെ വിജയമാണ് രാജസ്ഥാൻ റോയൽസ് നേടിയത്. സീസണിലെ സഞ്ജുവിൻ്റെയും കൂട്ടരുടെയും രണ്ടാം വിജയമാണിത്. വിജയത്തോടെ പോയിൻ്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്താനും രാജസ്ഥാൻ റോയൽസിന് സാധിച്ചു. സീസണിൽ ആദ്യം ബാറ്റ് ചെയ്തുകൊണ്ട് ടോട്ടൽ ഡിഫൻഡ് ചെയ്താണ് രണ്ട് മത്സരങ്ങളിലും രാജസ്ഥാൻ റോയൽസ് വിജയിച്ചത്. സീസണിൽ ആദ്യം ബാറ്റ് ചെയ്ത മറ്റു ഏഴ് ടീമുകളും പരാജയപെടുകയും ചെയ്തു.

( Picture Source : IPL )