പതിനാറാം സെഞ്ചുറിയുമായി ബാബർ അസം, ഓസ്ട്രേലിയയെ തകർത്ത് ഏകദിന പരമ്പര സ്വന്തമാക്കി പാകിസ്ഥാൻ

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ പാകിസ്ഥാന് 9 വിക്കറ്റിൻ്റെ വിജയം. മത്സരത്തിൽ ഓസ്ട്രേലിയ ഉയർത്തിയ 211 റൺസിൻ്റെ വിജയലക്ഷ്യം 37.5 ഓവറിൽ ഒരു വിക്കറ്റ് നേട്ടത്തിൽ പാകിസ്ഥാൻ മറികടന്നു. മത്സരത്തിലെ വിജയത്തോടെ ഏകദിന പരമ്പര 2-1 ന് പാകിസ്ഥാൻ സ്വന്തമാക്കി. 2002 ന് ശേഷം ഇതാദ്യമായാണ് ഓസ്ട്രേലിയക്കെതിരെ പാകിസ്ഥാൻ ഏകദിന പരമ്പര നേടുന്നത്.

( Picture Source : Twitter )

സെഞ്ചുറി നേടിയ ക്യാപ്റ്റൻ ബാബർ അസമും 89 റൺസ് നേടിയ ഇമാം ഉൾ ഹഖുമാണ് പാകിസ്ഥാൻ വിജയം അനായാസമാക്കിയത്. ഇമാം ഉൾ ഹഖ് 100 പന്തിൽ 89 റൺസ് നേടിയപ്പോൾ ഏകദിന കരിയറിലെ തൻ്റെ പതിനാറാം സെഞ്ചുറി നേടിയ ബാബർ 115 പന്തിൽ 105 റൺസ് നേടി പുറത്താകാതെ നിന്നു.

മത്സരത്തിലെ സെഞ്ചുറിയോടെ പാകിസ്ഥാന് വേണ്ടി ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന രണ്ടാമത്തെ ബാറ്റ്സ്മാനായി ബാബർ അസം മാറി. 15 സെഞ്ചുറി നേടിയ മൊഹമ്മദ് യൂസഫിനെയാണ് ബാബർ പിന്നിലാക്കിയത്. 20 സെഞ്ചുറി നേടിയ സയിദ് അൻവറാണ് ഇനി പാക് താരങ്ങളുടെ പട്ടികയിൽ ബാബറിന് മുൻപിലുള്ളത്.

( Picture Source : Twitter )

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയക്ക് 210 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടപ്പെട്ടിരുന്നു. ഒരു ഘട്ടത്തിൽ 67 റൺസിന് അഞ്ച് വിക്കറ്റ് നഷ്ടപെട്ട ഓസ്ട്രേലിയയെ 61 പന്തിൽ 56 റൺസ് നേടിയ അലക്സ് കാരിയും 34 റൺസ് നേടിയ കാമറോൺ ഗ്രീനും 40 പന്തിൽ 49 റൺസ് നേടിയ സീൻ അബോട്ടുമാണ് ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്.

പാകിസ്ഥാന് വേണ്ടി ഹാരീസ് റൗഫ്, മൊഹമ്മദ് വാസിം എന്നിവർ മൂന്ന് വിക്കറ്റ് വീതവും ഷഹീൻ അഫ്രീദി 2 വിക്കറ്റും നേടി. പരമ്പരയിലെ ആദ്യ മത്സരത്തിൽ 88 റൺസിന് പരാജയപ്പെട്ട പാകിസ്ഥാൻ രണ്ടാം ഏകദിനത്തിൽ 6 വിക്കറ്റിൻ്റെ വിജയം നേടിയിരുന്നു. ടെസ്റ്റ് പരമ്പരയാകട്ടെ 1-0 ന് ഓസ്ട്രേലിയ സ്വന്തമാക്കിയിരുന്നു.

( Picture Source : Twitter )