Skip to content

ഇന്ത്യക്കാരിൽ ആറാമൻ, തകർപ്പൻ നേട്ടം സ്വന്തമാക്കി എം എസ് ധോണി

ചെന്നൈ സൂപ്പർ കിങ്സിൻ്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ ശേഷമുളള ആദ്യ രണ്ട് മത്സരങ്ങളിലും മികച്ച പ്രകടമാണ് എം എസ് ധോണി കാഴ്ച്ചവെച്ചത്. കെ കെ ആറിനെതിരായ മത്സരത്തിൽ ഫിഫ്റ്റി നേടിയ ധോണി ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരായ മത്സരത്തിൽ 6 പന്തിൽ പുറത്താകാതെ 16 റൺസ് നേടി. ഈ മത്സരത്തോടെ ടി20 ക്രിക്കറ്റിൽ തകർപ്പൻ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് എം എസ് ധോണി.

( Picture Source : BCCI / IPL )

മത്സരത്തിൽ 16 റൺസ് നേടിയതോടെ ടി20 ക്രിക്കറ്റിൽ 7000 റൺസ് എം എസ് ധോണി പൂർത്തിയാക്കി. ടി20 ക്രിക്കറ്റിൽ ഈ നാഴികക്കല്ല് പിന്നിടുന്ന ആറാമത്തെ ഇന്ത്യൻ ബാറ്റ്സ്മാനാണ് എം എസ് ധോണി. 10326 റൺസ് നേടിയിട്ടുള്ള വിരാട് കോഹ്ലി, 9936 റൺസ് നേടിയ രോഹിത് ശർമ്മ, 8818 റൺസ് നേടിയിട്ടുള്ള ശിഖാർ ധവാൻ, 8654 റൺസ് നേടിയ സുരേഷ് റെയ്ന, 7070 റൺസ് നേടിയ റോബിൻ ഉത്തപ്പ എന്നിവരാണ് ധോണിയ്ക്ക് മുൻപ് ടി20 ക്രിക്കറ്റിൽ 7000 തിലധികം റൺസ് നേടിയിട്ടുള്ള ഇന്ത്യൻ ബാറ്റ്സ്മാന്മാർ.

( Picture Source : BCCI / IPL )

ഇതുവരെ നേടിയ 7001 റൺസിൽ 4687 റൺസ് ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടിയാണ് ധോണി നേടിയിട്ടുള്ളത്. ഇന്ത്യയ്ക്ക് വേണ്ടി അന്താരാഷ്ട്ര ടി20 യിൽ 1617 റൺസും റൈസിങ് പുനെ സൂപ്പർ ജയൻ്റ്സിന് വേണ്ടി 574 റൺസും ജാർഖണ്ഡിന് വേണ്ടി 123 റൺസും ധോണി നേടിയിട്ടുണ്ട്.

( Picture Source : BCCI / IPL )

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിങ്സ് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 210 റൺസ് നേടി. 27 പന്തിൽ 50 റൺസ് നേടിയ റോബിൻ ഉത്തപ്പ, 22 പന്തിൽ 35 റൺസ് നേടിയ മൊയിൻ അലി, 30 പന്തിൽ 49 റൺസ് നേടിയ ശിവം ദുബെ, 20 പന്തിൽ 27 റൺസ് നേടിയ അമ്പാട്ടി റായുഡു, 9 പന്തിൽ 17 റൺസ് നേടിയ ജഡേജ, 6 പന്തിൽ 16 റൺസ് നേടിയ എം എസ് ധോണി എന്നിവരാണ് ചെന്നൈ സൂപ്പർ കിങ്സിന് മികച്ച സ്കോർ സമ്മാനിച്ചത്.

( Picture Source : BCCI / IPL )