Skip to content

ചാമ്പ്യൻ ബ്രാവോ, ഐ പി എൽ വിക്കറ്റ് വേട്ടയിൽ ലസിത് മലിംഗയ്ക്കൊപ്പം

ഐ പി എൽ പതിനഞ്ചാം സീസണിലെ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് പരാജയപെട്ടുവെങ്കിലും മികച്ച പ്രകടനമാണ് ഡ്വെയ്ൻ ബ്രാവോ കാഴ്ച്ചവെച്ചത്. 20 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ ബ്രാവോ വീഴ്ത്തിയിരുന്നു. ഈ പ്രകടനത്തോടെ ഐ പി എല്ലിലെ വിക്കറ്റ് വേട്ടയിൽ മുൻ ശ്രീലങ്കൻ പേസർ ലസിത് മലിംഗയ്ക്കൊപ്പം ബ്രാവോയെത്തി.

( Picture Source : BCCI / IPL )

മത്സരത്തിൽ 6 വിക്കറ്റിനായിരുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ വിജയം. സി എസ് കെ ഉയർത്തിയ 132 റൺസിൻ്റെ വിജയലക്ഷ്യം 18.3 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ കെ കെ ആർ മറികടന്നു.

മത്സരത്തിലെ 18 ആം ഓവറിലെ മൂന്നാം പന്തിൽ സാം ബില്ലിങ്സിനെ പുറത്താക്കിയാണ് ഐ പി എല്ലിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയവരുടെ പട്ടികയിൽ മലിംഗയ്ക്കൊപ്പം ബ്രാവോ എത്തിയത്. 122 മത്സരങ്ങളിൽ നിന്നും 170 വിക്കറ്റ് നേടിയാണ് മലിംഗ ഒന്നാം സ്ഥാനം നിലനിർത്തിയിരുന്നത്. 152 മത്സരങ്ങൾ കളിച്ചുകൊണ്ടാണ് ബ്രാവോ വിക്കറ്റ് വേട്ടയിൽ മലിംഗയ്ക്കൊപ്പം എത്തിയത്.

166 വിക്കറ്റ് നേടിയ അമിത് മിശ്ര, 157 വിക്കറ്റ് നേടിയ പിയൂഷ് ചൗള, 150 വിക്കറ്റ് നേടിയ ഹർഭജൻ സിങ് എന്നിവരാണ് മലിംഗയ്ക്കും ബ്രാവോയ്ക്കും പിന്നിലുള്ളത്.

( Picture Source : BCCI / IPL )

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സി എസ് കെയെ 38 പന്തിൽ 50 റൺസ് നേടി പുറത്താകാതെ നിന്ന എം എസ് ധോണിയാണ് അൽപ്പമെങ്കിലും ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. മറുപടി ബാറ്റിങിൽ 34 പന്തിൽ 44 റൺസ് നേടിയ അജിങ്ക്യ രഹാനെയുടെയും 22 പന്തിൽ 25 റൺസ് നേടിയ ബില്ലിങ്സിൻ്റെയും മികവിൽ 18.3 ഓവറിൽ കെ കെ ആർ വിജയലക്ഷ്യം മറികടന്നു. നാലോവറിൽ 20 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി സി എസ് കെയെ കുറഞ്ഞ സ്കോറിൽ ഒതുക്കിയ ഉമേഷ് യാദവാണ് പ്ലേയർ ഓഫ് ദി മാച്ച്.

( Picture Source : BCCI / IPL )