ദയവായി ഹെൽമെറ്റ് ധരിക്കൂ, ഷെൽഡൻ ജാക്സണ് നിർദ്ദേശവുമായി മുൻ ഇന്ത്യൻ താരം യുവരാജ് സിങ്

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനഞ്ചാം സീസണിലെ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ വിക്കറ്റിന് പുറകിൽ തകർപ്പൻ പ്രകടമാണ് കെ കെ ആർ വിക്കറ്റ് കീപ്പർ ഷെൽഡൻ ജാക്സൺ കാഴ്ച്ചവെച്ചത്. മിന്നൽ സ്റ്റമ്പിങിലൂടെ റോബിൻ ഉത്തപ്പയെ പുറത്താക്കിയ ജാക്സണെ സച്ചിൻ ടെണ്ടുൽക്കർ അടക്കമുള്ള മുൻ താരങ്ങൾ പ്രശംസിച്ചിരുന്നു. എന്നാൽ മറ്റൊരു കാര്യത്തിൽ ഷെൽഡൻ ജാക്സൺ ക്രിക്കറ്റ് ആരാധകരുടെ നെറ്റിചുളിപ്പിച്ചു, മുൻ ഇന്ത്യൻ താരം യുവരാജ് സിങ് ഇക്കാര്യം താരത്തിൻ്റെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്തു.

( Picture Source : IPL )

സ്പിന്നർമാർ പന്തെറിയുമ്പോൾ ഹെൽമെറ്റ് ധരിക്കാതെയാണ് ഷെൽഡൻ ജാക്സൻ കീപ്പ് ചെയ്തത്. ഇക്കാര്യം ക്രിക്കറ്റ് ആരാധകർ സോഷ്യൽ മീഡിയയിൽ ചൂണ്ടികട്ടുകയും ചെയ്തിരുന്നു. 2012 ൽ ഇത്തരത്തിൽ ഹെൽമെറ്റ് ധരിക്കാതെ കീപ്പ് ചെയ്ത്കൊണ്ട് ബെയിൽ കണ്ണിൽ തെറിച്ചുകൊണ്ട് സൗത്താഫ്രിക്കൻ വിക്കറ്റ് കീപ്പർ മാർക്ക് ബൗച്ചർക്ക് പരിക്ക് പറ്റുകയും ഈ പരിക്ക് ബൗച്ചറുടെ കരിയർ തന്നെ അവസാനിപ്പിക്കുകയും ചെയ്തു.

( Picture Source : IPL )

” പ്രിയപെട്ട ജാക്സൺ സ്പിന്നർമാർക്ക് വേണ്ടി കീപ്പ് ചെയ്യുമ്പോൾ ദയവായി ഹെൽമെറ്റ് ധരിക്കൂ, നിങ്ങൾ വളരെ കഴിവുള്ള കളിക്കാരനാണ്. വളരെകാലത്തിന് ശേഷം നിനക്ക് ഒരു മികച്ച അവസരം ലഭിച്ചിരിക്കുന്നു. സുരക്ഷിതനായി ഇരിക്കൂ, എൻ്റെ ആശംസകൾ. ” ട്വിറ്ററിൽ യുവരാജ് സിങ് കുറിച്ചു.

യുവരാജ് സിങിൻ്റെ നിർദ്ദേശം ശ്രദ്ധയിൽ പെട്ട ജാക്സൺ മത്സരത്തിന് ശേഷം മുൻ ഇന്ത്യൻ ഓൾ റൗണ്ടറോട് നന്ദി പറയുകയും ചെയ്തു.

35 ക്കാരനായ ഷെൽഡൻ ജാക്സൺ ഇന്ത്യയ്ക്ക് വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിച്ചിട്ടില്ല. ആഭ്യന്തര ക്രിക്കറ്റിൽ സൗരാഷ്ട്രയുടെ വിക്കറ്റ് കീപ്പറാണ് ജാക്സൺ. ഐ പി എല്ലിലും അധികം അവസരങ്ങൾ താരത്തിന് ലഭിച്ചിട്ടില്ല. 2013 ൽ ആർ സി ബിയിൽ ഉണ്ടായിരുന്നുവെങ്കിലും പ്ലേയിങ് ഇലവനിൽ താരത്തിന് അവസരം ലഭിച്ചില്ല. ഏതാനും വർഷങ്ങളായി കെ കെ ആറിനൊപ്പമുള്ള താരം ഇതുവരെ അഞ്ച് മത്സരങ്ങളിൽ മാത്രമാണ് കളിച്ചിട്ടുള്ളത്.

( Picture Source : IPL )