ഐ പി എൽ 2022 ലെ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 6 വിക്കറ്റിൻ്റെ തകർപ്പൻ വിജയം. മത്സരത്തിൽ സി എസ് കെ ഉയർത്തിയ 132 റൺസിൻ്റെ വിജയലക്ഷ്യം 18.3 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ കെ കെ ആർ മറികടന്നു.
മികച്ച തുടക്കമാണ് രഹാനെയും വെങ്കടേഷ് അയ്യരും കൊൽക്കത്തയ്ക്ക് നൽകിയത്. ഓപ്പണിങ് കൂട്ടുകെട്ടിൽ 43 റൺസ് ഇരുവരും കൂട്ടിച്ചേർത്തു. വെങ്കടേഷ് അയ്യർ 16 റൺസ് നേടി പുറത്തായപ്പോൾ അജിങ്ക്യ രഹാനെ 34 പന്തിൽ 6 ഫോറും ഒരു സിക്സുമടക്കം 44 റൺസ് നേടിയാണ് പുറത്തായത്. നിതീഷ് റാണ 17 പന്തിൽ 21 റൺസും സാം ബില്ലിംഗ്സ് 22 പന്തിൽ നിന്നും 25 റൺസും നേടി പുറത്തായി. ക്യാപ്റ്റൻ ശ്രേയസ് അയ്യർ 19 പന്തിൽ 20 റൺസ് നേടി പുറത്താകാതെ നിന്നു.

സി എസ് കെയ്ക്ക് വേണ്ടി ഡ്വെയ്ൻ ബ്രാവോ നാലോവറിൽ 20 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും മിച്ചൽ സാൻ്റ്നർ ഒരു വിക്കറ്റും നേടി.

നേരത്തേ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിങ്സ് മുൻ ക്യാപ്റ്റൻ എം എസ് ധോണിയുടെ മികവിലാണ് തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം ഭേദപ്പെട്ട സ്കോർ നേടിയത്. 61 റൺസിൽ അഞ്ച് വിക്കറ്റ് നഷ്ടപെട്ട ശേഷം ക്രീസിലെത്തിയ ധോണി ജഡേജയ്ക്കൊപ്പം ആറാം വിക്കറ്റിൽ 70 റൺസ് കൂട്ടിച്ചേർത്തു. ജഡേജ 28 പന്തിൽ 26 റൺസ് നേടിയപ്പോൾ ഐ പി എല്ലിലെ തൻ്റെ 24 ആം ഫിഫ്റ്റി നേടിയ ധോണി 38 പന്തിൽ പുറത്താകാതെ 50 റൺസ് നേടി.

കൊൽക്കത്തയ്ക്ക് വേണ്ടി ഉമേഷ് യാദവ് 4 ഓവറിൽ 20 റൺസ് വഴങ്ങി രണ്ട് വിക്കറ്റും വരുൺ ചക്രവർത്തി, ആന്ദ്രെ റസ്സൽ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
മാർച്ച് 30 ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെയാണ് കൊൽക്കത്തയുടെ അടുത്ത മത്സരം. മാർച്ച് 31 ന് ലഖ്നൗ സൂപ്പർജയൻ്റ്സിനെതിരെയാണ് സി എസ് കെയുടെ അടുത്ത മത്സരം.
