Skip to content

ഞാനും എൻ്റെ ടീമിലെ എല്ലാവരുമായി ചങ്ങാത്തത്തിൽ ആയിരുന്നില്ല, ഹൂഡയും ക്രുനാൽ പാണ്ഡ്യയും ഒരുമിച്ച് കളിക്കുന്നതിനെ കുറിച്ച് ഗൗതം ഗംഭീർ

ദീപക് ഹൂഡയും ക്രുനാൽ പാണ്ഡ്യയും ഐ പി എല്ലിൽ ഒരേ ടീമിൽ കളിക്കുന്നതിൽ യാതൊരു പ്രശ്നവും ഉണ്ടാവില്ലെന്ന് ലഖ്നൗ സൂപ്പർ ജയൻ്റ്സ് മെൻ്റർ ഗൗതം ഗംഭീർ. അവർ ഇരുവരും പ്രൊഫഷണലുകളാണെന്നും ഇതവർ ചെയ്തുതീർക്കേണ്ട ജോലിയാണെന്ന് അവർക്ക് അറിയാമെന്നും ഗംഭീർ പറഞ്ഞു.

ഇരുവരെയും മെഗാ ലേലത്തിലാണ് ലഖ്നൗ സൂപ്പർ ജയൻ്റ്സ് സ്വന്തമാക്കിയത്. നേരത്തേ ആഭ്യന്തര ടൂർണ്ണമെൻ്റിൽ ബറോഡയ്ക്ക് വേണ്ടി കളിക്കവെ ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. തുടർന്ന് ടൂർണമെൻ്റിൽ നിന്നും ദീപക് ഹൂഡ പിന്മാറുകയും ചെയ്തിരുന്നു. ഇതിനുശേഷമാണ് ഇപ്പോൾ ഇരുവരും ഐ പി എല്ലിൽ ഒരുമിച്ച് കളിക്കാൻ പോകുന്നത്.

” നോക്കൂ മൈതാനത്ത് മികച്ച പ്രകടനം പുറത്തെടുക്കാൻ ഓഫ് ഫീൽഡിൽ മികച്ച സുഹൃത്തുക്കളായിരിക്കേണ്ടതില്ല. അവർ പ്രൊഫഷണലുകളാണ്. അവർക്ക് ഒരു ജോലി ചെയ്യാനുണ്ടെന്ന് അവർക്കറിയാം. നിങ്ങൾ ഒരേ ടീമിൽ കളിക്കുകയാണെങ്കിൽ എല്ലാ ദിവസവും ഡിന്നറിനായി ഒരുമിച്ച് പുറത്ത് പോകേണ്ടതില്ല. ” ഗംഭീർ പറഞ്ഞു.

” ഞാൻ കളിച്ചിട്ടുള്ള ടീമുകളിലെ എല്ലാവരുമായും ഞാൻ ചങ്ങാത്തത്തിൽ ആയിരുന്നില്ല. എന്നാലത് മൈതാനത്ത് മികച്ച പ്രകടനം പുറത്തെടുക്കുന്നതിൽ എനിക്ക് തടസ്സമായില്ല. ഇവർ ഇരുവരും പക്വതയുള്ളവരാണ്. ലഖ്നൗവിനെ വിജയത്തിൽ എത്തിക്കാനാണ് അവർ ഇവിടെ എത്തിയിട്ടുള്ളത്. ”

” ടീമിന് വേണ്ടി തന്ത്രങ്ങൾ ഒരുക്കവെ കൂടുതൽ ഓൾ റൗണ്ടർമാരെ ടീമിലെത്തിക്കാൻ ഞങ്ങൾ തീരുമാനിച്ചു. അതിൽ ടീം ചെയർമാൻ്റെ അംഗീകാരവും ഞങ്ങൾക്ക് ലഭിച്ചു. ഓൾ റൗണ്ടർമാർ കൂടുതൽ ഓപ്ഷൻ നൽകുന്നു. രണ്ടോ മൂന്നോ ഓവർ എറിയാൻ സാധിക്കുന്ന കഴിവുള്ള ബാറ്റർമാരുള്ളത് നല്ലതാണ്. ” ഗൗതം ഗംഭീർ കൂട്ടിച്ചേർത്തു.