Skip to content

രണ്ടാം ഇന്നിങ്സിൽ 13 റൺസിന് പുറത്ത്, 2017 ന് ശേഷം കോഹ്ലിയുടെ കരിയറിൽ ഒടുവിൽ അതും സംഭവിച്ചു

ടെസ്റ്റ് ക്രിക്കറ്റിൽ ഫോമിൽ തിരിച്ചെത്താനാകാതെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ബാംഗ്ലൂർ ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ 48 പന്തിൽ 23 റൺസ് നേടി പുറത്തായ കോഹ്ലി രണ്ടാം ഇന്നിങ്സിൽ 16 പന്തിൽ 13 റൺസ് നേടാൻ മാത്രമേ സാധിച്ചുള്ളൂ. ഇതോടെ 2017 ന് ശേഷം കോഹ്ലിയുടെ ടെസ്റ്റ് ബാറ്റിങ് ശരാശരി 50 ലും താഴെയെത്തി.

( Picture Source : BCCI )

അവസാന സെഞ്ചുറി നേടിയത് 2019 ലാണെങ്കിലും മൂന്ന് ഫോർമാറ്റിലും 50 ലും മുകളിൽ ശരാശരി നിലനിർത്താൻ കോഹ്ലിയ്ക്ക് സാധിച്ചിരുന്നു. എന്നാൽ ഈ പരമ്പരയിലെ മോശം പ്രകടനം കോഹ്ലിയ്ക്ക് തിരിച്ചടിയായി. ബാറ്റിങ് ശരാശരി 50 ലും മുകളിൽ നിലനിർത്താൻ ഈ മത്സരത്തിൽ 43 റൺസ് എങ്കിലും കോഹ്ലിയ്ക്ക് നേടിയാൽ മതിയായിരുന്നു. എന്നാൽ രണ്ട് ഇന്നിങ്സിൽ നിന്നും 36 റൺസ് നേടാൻ മാത്രമേ കോഹ്ലിയ്ക്ക് സാധിച്ചുള്ളൂ. ഇതിനുമുൻപ് 2017 ഓഗസ്റ്റിലാണ് കോഹ്ലിയുടെ ടെസ്റ്റ് ബാറ്റിങ് ശരാശരി 50 ലും താഴെപോയത്.

( Picture Source : BCCI )

101 മത്സരങ്ങളിൽ നിന്നും 8043 റൺസ് നേടിയ കോഹ്ലിയുടെ നിലവിലെ ബാറ്റിങ് ശരാശരി 49.96 ആണ്. ഏകദിനത്തിൽ 58 ന് മുകളിൽ ശരാശരിയുള്ള കോഹ്ലിയുടെ ടി20 ക്രിക്കറ്റിലെ ബാറ്റിങ് ശരാശരി 51 ന് മുകളിലാണ്.

( Picture Source : BCCI )

മത്സരത്തിൽ രണ്ടാം ഇന്നിങ്സിൽ 143 റൺസിൻ്റെ ലീഡുമായി ഇറങ്ങിയ ഇന്ത്യ 303 റൺസ് നേടി ഡിക്ലയർ ചെയ്ത് ശ്രീലങ്കയ്ക്ക് മുൻപിൽ 447 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം ഉയർത്തി. 31 പന്തിൽ 50 റൺസ് നേടിയ റിഷഭ് പന്തും 67 റൺസ് നേടിയ ശ്രേയസ് അയ്യരുമാണ് രണ്ടാം ഇന്നിങ്സിൽ ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയത്. ക്യാപ്റ്റൻ രോഹിത് ശർമ്മ 46 റൺസും ഹനുമാ വിഹാരി 35 റൺസും നേടി പുറത്തായി.

( Picture Source : BCCI )