28 പന്തിൽ നിന്നും ഫിഫ്റ്റി, സാക്ഷാൽ കപിൽ ദേവിൻ്റെ റെക്കോർഡ് തകർത്ത് റിഷഭ് പന്ത്

ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്ര റെക്കോർഡ് റെക്കോർഡ് കുറിച്ച് ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത്. ശ്രീലങ്കയ്ക്കെതിരായ ഡേ നൈറ്റ് ടെസ്റ്റിലെ തകർപ്പൻ പ്രകടനത്തോടെയാണ് സാക്ഷാൽ കപിൽ ദേവിനെ പിന്നിലാക്കി ഈ വമ്പൻ റെക്കോർഡ് പന്ത് സ്വന്തമാക്കിയത്.

( Picture Source : BCCI )

മത്സരത്തിലെ രണ്ടാം ഇന്നിങ്സിൽ 31 പന്തിൽ നിന്നും 7 ഫോറും രണ്ട് സിക്സുമടക്കം 50 റൺസ് നേടിയാണ് പന്ത് പുറത്തായത്. വെറും 28 പന്തുകളിൽ നിന്നാണ് റിഷഭ് പന്ത് ഫിഫ്റ്റി പൂർത്തിയാക്കിയത്. ഇതോടെ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ ഫിഫ്റ്റി നേടുന്ന ഇന്ത്യൻ ബാറ്റ്സ്മാനെന്ന ചരിത്ര റെക്കോർഡ് റിഷഭ് പന്ത് സ്വന്തമാക്കി.

( Picture Source : BCCI )

1982 ൽ പാകിസ്ഥാനെതിരെ കറാച്ചിയിൽ 30 പന്തിൽ ഫിഫ്റ്റി നേടിയ സാക്ഷാൽ കപിൽ ദേവിൻ്റെ റെക്കോർഡാണ് റിഷഭ് പന്ത് തകർത്തത്. കഴിഞ്ഞ വർഷം ഇംഗ്ലണ്ടിനെതിരെ ഓവലിൽ 31 പന്തിൽ ഫിഫ്റ്റി നേടിയ ഷാർദുൽ താക്കൂർ, 2008 ൽ ചെന്നൈയിൽ ഇംഗ്ലണ്ടിനെതിരെ 32 പന്തിൽ ഫിഫ്റ്റി നേടിയ വീരേന്ദർ സെവാഗ് എന്നിവരാണ് ഈ നേട്ടത്തിൽ മൂന്നാം സ്ഥാനത്തും നാലാം സ്ഥാനത്തുമുള്ളത്.

( Picture Source : BCCI )

നേരത്തേ ആദ്യ ഇന്നിങ്സിൽ 26 പന്തിൽ 39 റൺസ് നേടിയാണ് പന്ത് പുറത്തായത്. മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ ശ്രീലങ്കയെ 109 റൺസിൽ ഒതുക്കിയ ഇന്ത്യ 143 റൺസിൻ്റെ ലീഡ് സ്വന്തമാക്കിയിരുന്നു. അഞ്ച് വിക്കറ്റ് നേടിയ ജസ്പ്രീത് ബുംറയാണ് ശ്രീലങ്കൻ നിരയെ തകർത്തത്. രവിചന്ദ്രൻ അശ്വിനും മൊഹമ്മദ് ഷാമിയും രണ്ട് വിക്കറ്റ് വീതവും അക്ഷർ പട്ടേൽ ഒരു വിക്കറ്റും നേടി. നേരത്തേ ആദ്യ ഇന്നിങ്സിൽ 92 റൺസ് നേടിയ ശ്രേയസ് അയ്യരുടെ മികവിലാണ് ഇന്ത്യ 252 റൺസ് നേടിയത്.

( Picture Source : BCCI )