ഗ്രൗണ്ടിലെത്തി കോഹ്ലിയ്ക്കൊപ്പം സെൽഫിയെടുത്ത് ആരാധകർ, വീഡിയോ കാണാം

ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞിട്ടും കൂടാതെ തൻ്റെ കരിയറിലെ മോശം ഫോമിലൂടെ കടന്നുപോയിട്ടും വിരാട് കോഹ്ലിയുടെ ആരാധകപിന്തുണയിൽ യാതൊരു കുറവും വന്നിട്ടില്ല. കോഹ്ലിയുടെ ആരാധകപിന്തുണ എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു ബാംഗ്ലൂരിൽ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഡേ നൈറ്റ് ടെസ്റ്റ്. കഴിഞ്ഞ ദിവസം ബാറ്റിങിൽ ഫോമാകുവാൻ സാധിച്ചില്ലയെങ്കിലും തൻ്റേതായ മാനറിസം കൊണ്ട് കോഹ്ലി കാണികളെ ആവേശത്തിലാക്കിയിരുന്നു.

ഇപ്പോഴിതാ രണ്ടാം ദിനത്തിൽ കോഹ്ലിയെ കാണുവാൻ സുരക്ഷാജീവനക്കാരുടെ കണ്ണുവെട്ടിച്ച് കോഹ്ലിയ്ക്കരിലേക്ക് എത്തിയിരിക്കുകയാണ് ചില ആരാധകർ. ആരാധകരുടെ ആഗ്രഹപ്രകാരം അവർക്കൊത്ത് സെൽഫിയ്ക്ക് വിരാട് കോഹ്ലി പോസ് ചെയ്യുകയും ചെയ്തു.

ആരാധകരെ പിടിച്ചുമാറ്റാൻ എത്തിയ സുരക്ഷാ ഉദ്യോഗസ്ഥരോട് അവരെ ഉപദ്രവിക്കരുതെന്ന് കോഹ്ലി അഭ്യർത്ഥിക്കുകയും ചെയ്തു.

വീഡിയോ ;

മത്സരത്തിൽ ഇന്ത്യ വിജയത്തിലേക്ക് നീങ്ങുകയാണ്. 447 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക രണ്ടാം ദിനം അവസാനിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 28 റൺസ് നേടിയിട്ടുണ്ട്. ക്യാപ്റ്റൻ ദിമുത് കരുണരത്നെയും കുശാൽ മെൻഡിസുമാണ് ക്രീസിലുള്ളത്.

ആദ്യ ഇന്നിങ്സിൽ 143 റൺസിൻ്റെ ലീഡുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയ ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തിൽ 303 റൺസ് നേടി ഡിക്ലയർ ചെയ്തു. ഇന്ത്യയ്ക്ക് വേണ്ടി ശ്രേയസ് അയ്യർ 87 പന്തിൽ 67 റൺസും റിഷഭ് പന്ത് 31 പന്തിൽ 50 റൺസും നേടി. ഹനുമാ വിഹാരി 35 റൺസും ക്യാപ്റ്റൻ രോഹിത് ശർമ്മ 46 റൺസും നേടി പുറത്തായി.

നേരത്തെ ആദ്യ ഇന്നിങ്സിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ബുംറയുടെ മികവിലാണ് ശ്രീലങ്കയെ 109 റൺസിൽ ഇന്ത്യ ചുരുക്കികെട്ടിയത്. അശ്വിനും ഷാമിയും രണ്ട് വിക്കറ്റ് വീതം നേടി ബുംറയ്ക്ക് മികച്ച പിന്തുണ നൽകി. മൂന്ന് ബാറ്റ്സ്മാന്മാർ മാത്രമാണ് ശ്രീലങ്കൻ നിരയിൽ രണ്ടക്കം കടന്നത്.