Skip to content

ഇന്ത്യൻ മണ്ണിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി ബുംറ, ശ്രീലങ്ക 109 റൺസിന് പുറത്ത്

ഇന്ത്യയ്ക്കെതിരായ ഡേ നൈറ്റ് ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ശ്രീലങ്ക 109 റൺസിന് പുറത്ത്. ജസ്പ്രീത് ബുംറയുടെ തകർപ്പൻ ബൗളിങ് മികവിലാണ് ശ്രീലങ്കയെ കുറഞ്ഞ സ്കോറിൽ ഒതുക്കിയ ഇന്ത്യ 143 റൺസിൻ്റെ ലീഡ് സ്വന്തമാക്കിയത്. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്ക്കെതിരായ ശ്രീലങ്കയുടെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ സ്കോറാണിത്.

( Picture Source : BCCI )

43 റൺസ് നേടിയ എഞ്ചലോ മാത്യൂസ്, 21 റൺസ് നേടിയ ഡിക്വെല്ല, 10 റൺസ് നേടിയ ഡി സിൽവ എന്നിവർ മാത്രമാണ് ശ്രീലങ്കൻ നിരയിൽ രണ്ടക്കം കടന്നത്. ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ 24 റൺസ് വഴങ്ങി അഞ്ച് വിക്കറ്റും രവിചന്ദ്രൻ അശ്വിൻ, മൊഹമ്മദ് ഷാമി എന്നിവർ രണ്ട് വിക്കറ്റ് വീതവും അക്ഷർ പട്ടേൽ ഒരു വിക്കറ്റും നേടി.

( Picture Source : BCCI )

ടെസ്റ്റിൽ ഇന്ത്യൻ മണ്ണിലെ തൻ്റെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടമാണ് ബുംറ നേടിയത്. ടെസ്റ്റ് ക്രിക്കറ്റിലെ ബുംറയുടെ എട്ടാമത്തെ അഞ്ച് വിക്കറ്റ് നേട്ടം കൂടിയാണിത്. കൂടാതെ ഈ പ്രകടനത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ 300 വിക്കറ്റും ജസ്പ്രീത് ബുംറ പൂർത്തിയാക്കി.

( Picture Source : BCCI )

അന്താരാഷ്ട്ര ക്രിക്കറ്റിൽ 300 വിക്കറ്റ് നേടുന്ന എട്ടാമത്തെ ഇന്ത്യൻ പേസറാണ് ബുംറ. കപിൽ ദേവ്, സഹീർ ഖാൻ, ജവഹർ ശ്രീനാഥ്, ഇഷാന്ത് ശർമ്മ, മൊഹമ്മദ് ഷാമി, അജിത് അഗാർക്കർ, ഇർഫാൻ പത്താൻ എന്നിവരാണ് ഇതിനുമുൻപ് അന്താരാഷ്ട്ര ക്രിക്കറ്റിൽ 300 ലധികം വിക്കറ്റ് നേടിയിട്ടുള്ള ഇന്ത്യൻ പേസർമാർ.

നേരത്തേ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 98 പന്തിൽ 92 റൺസ് നേടിയ ശ്രേയസ് അയ്യരുടെ തകർപ്പൻ ബാറ്റിങ് മികവിലാണ് മികച്ച സ്കോർ സ്വന്തമാക്കിയത്. റിഷഭ് പന്ത് 26 പന്തിൽ 39 റൺസ് നേടി പുറത്തായി.

( Picture Source : BCCI )