Skip to content

ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആർസിബി…ആർസിബി ആർപ്പുവിളിയുമായി ആരാധകർ ; ചുവന്ന ഇന്നർ കാണിച്ച് കോഹ്ലിയുടെ പ്രതികരണം – വീഡിയോ

ശ്രീലങ്കയ്ക്കെതിരായ ഇന്ത്യയുടെ രണ്ടാം ടെസ്റ്റ് മത്സരം അരങ്ങേറിയത് ചിന്നസ്വാമി സ്റ്റേഡിയത്തിലായിരുന്നു. ഇന്ത്യയുടെ മത്സരമായിരുന്നിട്ട് പോലും ഐപിഎലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഹോം ഗ്രൗണ്ട് ആയ ചിന്നസ്വാമിയിൽ ഉയർന്ന് കേട്ടത് ആർസിബി…ആർസിബി എന്ന ആരവമായിരുന്നു. ഇന്ത്യയുടെ ഫീൽഡിങ്ങിനിടെ കോഹ്ലിയുടെ ശ്രദ്ധ പിടിച്ചു പറ്റാനായിരുന്നു ആർപ്പുവിളിയുമായി ആരാധകർ എത്തിയത്. ശ്രമം വിജയകരമാവുകയും ചെയ്തു.

ആരാധകരുടെ ആർപ്പുവിളിക്ക് ചിരിയോടെ പ്രതികരിച്ച കോഹ്ലി ലൗവ് സിംബൽ കാണിക്കുകയും ഒപ്പം ധരിച്ചിരുന്ന ചുവന്ന ഇന്നർവയർ കാണിച്ച് പ്രതികരിക്കുകയായിരുന്നു. കോഹ്ലി ബാറ്റിങ്ങിന് ഇറങ്ങുന്ന സമയത്തും വൻ വരവേൽപ്പാണ് ആരാധകർ നൽകിയത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ നേരെത്തെ വൈറലായിരുന്നു.

അതേസമയം മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍  252 റണ്‍സിന് പുറത്തായി.  59.1 ഓവറില്‍ 252 റണ്‍സിനാണ് പുറത്തായത്. ഒറ്റയ്ക്കു പൊരുതി സെഞ്ചുറിക്ക് തൊട്ടടുതെത്തിയ ശ്രേയസ് അയ്യര്‍ പുറത്തായത് ആരാധാകരെ നിരാശയിലാക്കി.
അര്‍ധ സെഞ്ചുറിയുമായി പൊരുതിനിന്ന അയ്യരാണ് ഇന്ത്യയെ 250 കടത്തിയത്. 98 പന്തില്‍ 10 ഫോറും നാലു സിക്‌സും സഹിതം 92 റണ്‍സെടുത്താണ് അദ്ദേഹം പുറത്തായത്.

ഹനുമ വിഹാരി (81 പന്തില്‍ 31), വിരാട് കോഹ്ലി (48 പന്തില്‍ 23), റിഷഭ് പന്ത് (26 പന്തില്‍ 39) എന്നിവരും ഇന്ത്യയ്ക്കായി ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചു. അതേസമയം ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് 25 പന്തില്‍ 15 റണ്‍സ് മാത്രമാണ് നേടാനായത്. ഓപ്പണര്‍ മയാങ്ക് അഗര്‍വാള്‍ ഏഴു പന്തില്‍ നാല് റണ്ണും എടുത്തു. കഴിഞ്ഞ മത്സരത്തിലെ വിജയശില്‍പി രവീന്ദ്ര ജഡേജ (14 പന്തില്‍ നാല്), രവിചന്ദ്രന്‍ അശ്വിന്‍ (33 പന്തില്‍ 13), അക്ഷര്‍ പട്ടേല്‍ (ഏഴു പന്തില്‍ ഒന്‍പത്), മുഹമ്മദ് ഷമി (എട്ടു പന്തില്‍ അഞ്ച്) എന്നിവരില്‍ നിന്നും നിരാശപ്പെടുത്തുന്ന പ്രകടനമാണുണ്ടായത്.

ജസ്പ്രീത് ബുമ്ര (0) പുറത്താകാതെ നിന്നു. ഇന്ത്യയ്ക്ക് നഷ്ടമായ പത്തില്‍ എട്ടു വിക്കറ്റുകളും ശ്രീലങ്കന്‍ സ്പിന്നര്‍മാര്‍ സ്വന്തമാക്കി. 24 ഓവറില്‍ 94 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് പിഴുത ലസിത് എംബുല്‍ദെനിയ, 17.1 ഓവറില്‍ 81 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് പിഴുത പ്രവീണ്‍ ജയവിക്രമ എന്നിവരാണ് ശ്രീലങ്കയുടെ വിക്കറ്റ് വേട്ടക്കാരില്‍ മുമ്ബന്‍മാര്‍. ധനഞ്ജയ ഡിസില്‍വ രണ്ടു വിക്കറ്റ് വീഴ്ത്തി. പേസ് ബോളര്‍ സുരംഗ ലക്മലിന് ഒരു വിക്കറ്റ് ലഭിച്ചു. ഒരാള്‍ റണ്ണൗട്ടായി.