Skip to content

നിങ്ങളായിരിക്കും എന്നുമെൻ്റെ ഹീറോ, കറാച്ചി ടെസ്റ്റിൽ കോഹ്ലിയുടെ പോസ്റ്ററുമായി ആരാധകൻ

ഇന്ത്യയിൽ മാത്രമല്ല ലോകമെമ്പാടും ആരാധകരുള്ള ക്രിക്കറ്റ് താരമാണ് മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞുവെങ്കിലും കോഹ്ലിയുടെ ആരാധകപിന്തുണയിൽ യാതൊരു കുറവും സംഭവിച്ചിട്ടില്ല. ഒരു ഭാഗത്ത് ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഡേ നൈറ്റ് ടെസ്റ്റിൽ കാണികൾ കോഹ്ലിയ്ക്ക് വേണ്ടി ആർത്തുവിളിക്കുമ്പോൾ ഓസ്ട്രേലിയയും പാകിസ്ഥാനും തമ്മിൽ നടക്കുന്ന കറാച്ചി ടെസ്റ്റിൽ കോഹ്ലിയുടെ പോസ്റ്ററുമായി എത്തിയിരിക്കുകയാണ് ഒരു പാക് കോഹ്ലി ആരാധകൻ.

ശ്രീലങ്കയ്ക്കെതിരായ ഡേ നൈറ്റ് ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ 48 പന്തിൽ 23 റൺസ് നേടിയാണ് കോഹ്ലി പുറത്തായത്. സെഞ്ചുറിയ്ക്ക് വേണ്ടിയുള്ള കോഹ്ലിയുടെ കാത്തിരിപ്പ് നീലുമ്പോഴും കോഹ്ലിയോടുള്ള ആരാധനയിൽ യാതൊരു കുറവും വന്നിട്ടില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു ബാംഗ്ലൂർ ടെസ്റ്റിലെയും ഒപ്പം കറാച്ചി ടെസ്റ്റിലെയും ഈ രംഗങ്ങൾ.

” പ്രിയപെട്ട വിരാട്, തങ്കളിനി സെഞ്ചുറി നേടിയാലും ഇല്ലയെങ്കിലും നിങ്ങളായിരിക്കും എല്ലായ്പ്പോഴും എൻ്റെ ഹീറോ ” എന്നെഴുതിയ പോസ്റ്ററുമായി പ്രത്യക്ഷപെട്ട കോഹ്ലി ആരാധകൻ്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറാലാവുകയും ചെയ്തു.

കറാച്ചി ടെസ്റ്റിൽ മാത്രമല്ല ഇതിനുമുൻപ് റാവൽപിണ്ടിയിൽ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തിനിടയിലും കോഹ്ലിയുടെ പോസ്റ്ററുകളുമായി ആരാധകർ എത്തിയിരുന്നു.

കറാച്ചി ടെസ്റ്റിൽ ഓസ്ട്രേലിയ മികച്ച സ്കോറിലേക്ക് നീങ്ങികൊണ്ടിരിക്കുകയാണ്. ആദ്യ ദിനം കളി അവസാനിക്കുമ്പോൾ ഓസ്ട്രേലിയ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 251 റൺസ് നേടിയിട്ടുണ്ട്. 266 പന്തിൽ 127 റൺസ് നേടിയ ഉസ്മാൻ ഖവാജയും നേതൻ ലയണുമാണ് ക്രീസിലുള്ളത്. ഒപ്പണർ ഡേവിഡ് വാർണർ 36 റൺസും സ്റ്റീവ് സ്മിത്ത് 72 റൺസും നേടി പുറത്തായപ്പോൾ മാർനസ് ലാബുഷെയ്ന് റണ്ണൊന്നും നേടാൻ സാധിച്ചില്ല.