ശ്രീലങ്കയ്ക്കെതിരായ ഡേ നൈറ്റ് ടെസ്റ്റിലെ ആദ്യ ദിനത്തിൽ മേധാവിത്വം പുലർത്തി ഇന്ത്യ. ആദ്യ ദിനം അവസാനിക്കുമ്പോൾ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 252 റൺസിന് മറുപടിയുമായി ഇറങ്ങിയ ശ്രീലങ്കയ്ക്ക് 86 റൺസ് എടുക്കുന്നതിനിടെ 6 വിക്കറ്റുകൾ നഷ്ടമായി.

15 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ ജസ്പ്രീത് ബുംറയും 18 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് നേടിയ മൊഹമ്മദ് ഷാമിയുമാണ് ശ്രീലങ്കൻ ബാറ്റിങ് നിരയെ തകർത്തത്. അക്ഷർ പട്ടേൽ ഒരു വിക്കറ്റ് നേടി. 85 പന്തിൽ 43 റൺസ് നേടിയ എഞ്ചലോ മാത്യൂസ് മാത്രമാണ് ശ്രീലങ്കൻ നിരയിൽ അൽപ്പമെങ്കിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.

നേരത്തേ ആദ്യ ഇന്നിങ്സിൽ ശ്രേയസ് അയ്യരുടെ തകർപ്പൻ ബാറ്റിങ് മികവിലാണ് ഇന്ത്യ മികച്ച സ്കോർ സ്വന്തമാക്കിയത്. ഒരു ഘട്ടത്തിൽ 148 റൺസിന് 6 വിക്കറ്റുകൾ ഇന്ത്യയ്ക്ക് നഷ്ടപെട്ടിരുന്നു. തുടർന്ന് 98 പന്തിൽ 10 ഫോറും 4 സിക്സുമടക്കം 92 റൺസ് നേടിയ അയ്യരുടെ മികവിലാണ് ഇന്ത്യ ആദ്യ ഇന്നിങ്സിൽ 252 റൺസ് നേടിയത്. റിഷഭ് പന്ത് 26 പന്തിൽ 39 റൺസ് നേടി പുറത്തായപ്പോൾ ഹനുമാ വിഹാരി 31 റൺസും കോഹ്ലി 23 റൺസും നേടി പുറത്തായി.

ക്യാപ്റ്റൻ രോഹിത് ശർമ്മ 15 റൺസും മായങ്ക് അഗർവാൾ 4 റൺസും രവീന്ദ്ര ജഡേജ 4 റൺസും രവിചന്ദ്രൻ അശ്വിൻ 13 റൺസും നേടി പുറത്തായി. ശ്രീലങ്കയ്ക്ക് വേണ്ടി എംബുൽഡനിയ, ജയവിക്രമ എന്നിവർ മൂന്ന് വിക്കറ്റ് വീതം നേടി. നേരത്തേ മൊഹാലിയിൽ നടന്ന ആദ്യ മത്സരത്തിൽ ഇന്ത്യ വമ്പൻ വിജയം നേടിയിരുന്നു.
