Skip to content

ഇനി യുവതാരങ്ങൾ കളിക്കട്ടെ ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റിൽ നിന്നും വിരമിച്ച് എസ് ശ്രീശാന്ത്

ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റിൽ നിന്നും ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ച് മുൻ ഇന്ത്യൻ താരം എസ് ശ്രീശാന്ത്. മലയാളികൾക്ക് നന്ദി പറഞ്ഞുകൊണ്ടാണ് ശ്രീശാന്ത് ഇന്ത്യൻ ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. ക്രിക്കറ്റിൽ നിന്നും പൂർണമായി പിന്മാറുന്നില്ലയെന്നും ശ്രീശാന്ത് വ്യക്തമാക്കി.

യുവതാരങ്ങൾക്ക് അവസരം നൽകുന്നതിനായാണ് ശ്രീശാന്ത് ഇന്ത്യൻ ക്രിക്കറ്റിൽ നിന്നും വിരമിച്ചിരിക്കുന്നത്. തൻ്റെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ശ്രീശാന്ത് ഇക്കാര്യം ആരാധകരുമായി പങ്കിട്ടത്.

” വളരെയധികം സന്തോഷവും അഭിമാനവും തോന്നുന്നു. വർഷങ്ങളായി ഇന്ത്യയ്ക്ക് വേണ്ടി കളിക്കാൻ പറ്റി. ഇന്നെനിക്ക് വൈകാരികമായ ദിവസമാണ്. എല്ലാ മലയാളികൾക്കും വിനീതമായ കൂപ്പുകൈ. നിങ്ങളുടെ ഏവരുടെയും പ്രാർത്ഥനയും അനുഗ്രഹവും കൊണ്ടാണ് മലയാളി എന്ന നിലയിൽ ഇന്ത്യയ്ക്ക് വേണ്ടി എനിക്ക് കളിക്കാനായത്. വളരെയധികം സന്തോഷം. ”

” ഞാൻ ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റിൽ നിന്നും ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ നിന്നും വിരമിക്കുകയാണ്. നല്ല ഫിറ്റാണ് നല്ലതുപോലെ ബൗൾ ചെയ്യാനും പറ്റുന്നുണ്ട്. പക്ഷേ വളരെയധികം യുവതാരങ്ങൾ വന്നിട്ടുണ്ട്. സീനിയർ താരങ്ങൾ വിരമിച്ചതുകൊണ്ടാണ് ചെറുപ്പത്തിൽ എനിക്കും അവസരങ്ങൾ ലഭിച്ചത്. ക്രിക്കറ്റിൽ നിന്നും ഞാൻ പൂർണമായി പിന്മാറുന്നില്ല. ” ഇൻസ്റ്റ ലൈവിൽ ശ്രീശാന്ത് പറഞ്ഞു.

2005 ൽ ശ്രീലങ്കയ്ക്കെതിരെയാണ് ശ്രീശാന്ത് ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചത്. ഏകദിന ക്രിക്കറ്റിലെ ഇന്ത്യയ്ക്ക് വേണ്ടി 53 മത്സരങ്ങൾ കളിച്ച ശ്രീശാന്ത് 75 വിക്കറ്റും 27 ടെസ്റ്റ് മത്സരങ്ങളിൽ നിന്നും 87 വിക്കറ്റും ഇന്ത്യയ്ക്കായി നേടിയിട്ടുണ്ട്. 44 ഐ പി എൽ മത്സരങ്ങളിൽ നിന്നും 40 വിക്കറ്റും ശ്രീശാന്ത് നേടിയിട്ടുണ്ട്. 74 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ചിട്ടുള്ള ശ്രീശാന്ത് 213 വിക്കറ്റും നേടിയിട്ടുണ്ട്.