മങ്കാദിങ് ഇനി ചതിയോ അധാർമികമോ അല്ല , ക്രിക്കറ്റ് നിയമങ്ങളിൽ വമ്പൻ മാറ്റവുമായി എം സി സി

ക്രിക്കറ്റ് നിയമങ്ങളിൽ വമ്പൻ പരിഷ്കാരങ്ങളുമായി മാരിൽബോൺ ക്രിക്കറ്റ് ക്ലബ്. ക്രിക്കറ്റ് മത്സരങ്ങളുടെ ഗതിയെ തന്നെ സ്വാധീനിക്കാവുന്ന മാറ്റങ്ങളാണ് എം സി സി വരുത്തിയിട്ടുള്ളത്. ക്യാച്ച് ഔട്ടിൽ നിർണായക മാറ്റം വരുത്തിയ എം സി സി പന്തിൽ ഉമിനീർ ഉപയോഗിക്കുന്നതും വിലക്കി. ഒക്ടോബർ ഒന്ന് മുതലാണ് ഈ നിയമങ്ങൾ പ്രാബല്യത്തിൽ വരിക. ക്രീസ് വിട്ട് പുറത്തിറങ്ങുന്ന നോൺ സ്ട്രൈക്കർ ബാറ്റ്സ്മാനെ പുറത്താക്കുന്ന മങ്കാദിങിലും എം സി സി മാറ്റങ്ങൾ വരുത്തി.

ക്രിക്കറ്റ് നിയമത്തിൽ അനുവദനീയമാണെങ്കിലും മങ്കാദിങ് ക്രിക്കറ്റിൻ്റെ മാന്യതയ്ക്ക് നിരക്കാത്ത പ്രവൃത്തിയായാണ് വിലയിരുത്തപെടുന്നത്. 1948 ൽ മുൻ ഇന്ത്യൻ താരം വിനൂ മങ്കാദ് ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ ബിൽ ബ്രൗണിനെ നോൺ സ്ട്രൈക്കർ എൻഡിൽ കൂടുതൽ ബാക്കപ്പ് ചെയ്തതിന് പുറത്താക്കിയതോടെയാണ് ഇത്തരത്തിലുള്ള പുറത്താക്കലിന് മങ്കാദിങ് എന്ന പേര് വീണത്. എല്ലായ്പ്പോഴും ബൗളർമാരെ വില്ലന്മാരായി കണക്കാക്കുന്ന രീതിയ്ക്ക് ഒടുവിൽ അന്ത്യം കുറിച്ചിരിക്കുകയാണ് എം സി സി.

ഇതുവരെ അൺഫെയർ കളിയെ സൂചിപ്പിക്കുന്ന 41 ആം നിയമത്തിൽ ഉൾപ്പെട്ടിരുന്ന മങ്കാദിങ് റണ്ണൗട്ടിനെ കുറിച്ച് പരാമർശിക്കുന്ന 38 ആം നിയമത്തിലേക്ക് എം സി സി മാറ്റി. ഇനി ഏതൊരു ബാറ്റ്സ്മാനെയും മങ്കാദിങിലൂടെ പുറത്താക്കുന്നത് റണ്ണൗട്ടായാണ് കണക്കാക്കുക. ചുരുക്കിപറഞ്ഞാൽ ഇനി ക്രീസ് വിട്ടിറങ്ങുമ്പോൾ ബാറ്റ്സ്മാൻ കൂടുതൽ സൂക്ഷിക്കേണ്ടിവരും. പഴയതുപോലെ മുന്നറിയിപ്പും കിട്ടിയെന്ന് വരില്ല.

ക്യാച്ച് ഔട്ടിന് ശേഷമുളള സ്ട്രൈക്ക് റോട്ടേഷനിലാണ് മറ്റൊരു പ്രധാന മാറ്റം എം സി സി വരുത്തിയിരിക്കുന്നത്. ഇനിമുതൽ ബാറ്റർ ക്യാച്ച് ഔട്ടായാൽ പുതുതായി വരുന്ന ബാറ്ററായിരിക്കും അടുത്ത പന്ത് നേരിടേണ്ടത്. മുൻപ് ഫീൽഡർ പന്ത് പിടിക്കും ബാറ്റർമാർ തമ്മിൽ ക്രോസ് ചെയ്താൽ പുതിയ ബാറ്റർ നോൺ സ്ട്രൈക്കർ എൻഡിലാണ് ഇറങ്ങേണ്ടിയിരുന്നത്. ഈ നിയമങ്ങൾ ഇനി ഐസിസി അംഗീകരിക്കുമോ ഇല്ലയോ എന്ന് കണ്ടുതന്നെയറിയണം.