ഇന്ത്യൻ ടീമിലെ കുഞ്ഞാവ!
ദ്രാവിഡിന്റെ മുമ്പിൽ വെച്ച് ‘കുട്ടിക്കളി’യുമായി റിഷഭ് പന്ത് – വീഡിയോ

ഇന്ത്യൻ ടീമിൽ കുസൃതി ഒപ്പിക്കുന്നതിൽ മുമ്പിലാണ് 24ക്കാരൻ റിഷഭ് പന്ത്. അതിനാൽ തന്നെ കുഞ്ഞാവ എന്ന വിളിപ്പേരും റിഷഭ് പന്തിനുണ്ട്. ശ്രീലങ്കയ്ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് മത്സരത്തിലും തന്റെ കുട്ടിക്കളിയിലൂടെ ആരാധകരെ ചിരിപ്പിച്ചിരിക്കുകയാണ് റിഷഭ് പന്ത്. ഇത്തവണ റിഷഭ് പന്തിന്റെ കുസൃതിക്ക് ഇരയായത് ഇന്ത്യൻ ടീമിൽ അനലിസ്റ്റ് ആണ്.

ഇന്ത്യയുടെ ആദ്യ ഇന്നിങ്സിനിടെയായിരുന്നു ഈ സംഭവം. ഡ്രസ്സിംഗ് റൂമിൽ ഉണ്ടായിരുന്ന റിഷഭ് പന്ത്  കണ്ണിൽ  നാരങ്ങ നീര് തെറിപ്പിച്ച് കൊണ്ടായിരുന്നു കുസൃതി ഒപ്പിച്ചത്. തൊട്ടടുത്ത് കോച്ച് ദ്രാവിഡും മുൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി ഉള്ളതൊന്നും വകവെയ്ക്കാതെയാണ് തന്റെ കുട്ടിക്കളിയുമായി റിഷഭ് മുന്നോട്ട് പോയത്. ഏതായാലും റിഷഭ് പന്തിന്റെ ഈ വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

അതേസമയം മത്സരത്തിൽ ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സ് സ്‌കോറായ 574 റൺസിന് മറുപടിയായി ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക മൂന്നാം ദിനം പുരോഗമിക്കുമ്പോൾ 4 വിക്കറ്റിന് 146 റൺസ് നേടിയിട്ടുണ്ട്. അർധ സെഞ്ചുറിയുമായി നിസ്സങ്കയും 16 റൺസുമായി അസലങ്കയുമാണ് ക്രീസിൽ. മൂന്നാം ദിനം ശ്രീലങ്കയ്ക്ക് ഇതുവരെ വിക്കറ്റ് ഒന്നും നഷ്ട്ടപ്പെട്ടിട്ടില്ല.
കരുണരത്ന (28), തിരിമന്നെ (17), മാത്യൂസ് (22), ഡി സിൽവ (1) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ട്ടമായത്.

നേരെത്തെ രവീന്ദ്ര ജഡേജയുടെ തകർപ്പൻ സെഞ്ചുറി മികവിൽ ആദ്യ ഇന്നിങ്സിൽ  ഇന്ത്യ കൂറ്റൻ സ്കോർ നേടിയത്. രണ്ടാം ദിനം 357 റൺസിന് 6 എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തിൽ 574 റൺസ് നേടി ഇന്നിങ്സ് ഡിക്ലയർ ചെയ്തു.
228 പന്തിൽ 17 ഫോറും 3 സിക്സുമടക്കം പുറത്താകാതെ 175 റൺസ് നേടിയ രവീന്ദ്ര ജഡേജയാണ് ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്.

ആറാം വിക്കറ്റിൽ റിഷഭ് പന്തിനൊപ്പം 104 റൺസും, ഏഴാം വിക്കറ്റിൽ രവിചന്ദ്രൻ അശ്വിനൊപ്പം 130 റൺസും ഒമ്പതാം വിക്കറ്റിൽ മൊഹമദ് ഷാമിയ്ക്കൊപ്പം 103 റൺസും ജഡേജ കൂട്ടിച്ചേർത്തു. രവിചന്ദ്രൻ അശ്വിൻ 61 റൺസും റിഷഭ് പന്ത് 97 പന്തിൽ 96 റൺസും ഹനുമാ വിഹാരി 58 റൺസും നേടി മികച്ച പ്രകടനം പുറത്തെടുത്തു. തൻ്റെ നൂറാം ടെസ്റ്റ് മത്സരത്തിനിറങ്ങിയ കോഹ്ലി 45 റൺസും ടെസ്റ്റ് ക്യാപ്റ്റനായി അരങ്ങേറ്റം കുറിച്ച രോഹിത് ശർമ്മ 29 റൺസും നേടി പുറത്തായി.