54 വർഷങ്ങൾക്ക് ശേഷം ഇതാദ്യം, തകർപ്പൻ പ്രകടനത്തോടെ ചരിത്രനേട്ടം കുറിച്ച് രവീന്ദ്ര ജഡേജ

ശ്രീലങ്കയ്ക്കെതിരായ മൊഹാലി ടെസ്റ്റിലെ തകർപ്പൻ ഓൾറൗണ്ടർ പ്രകടനത്തോടെ ചരിത്രനേട്ടം കുറിച്ച് രവീന്ദ്ര ജഡേജ. ആദ്യ ഇന്നിങ്സിൽ സെഞ്ചുറി നേടിയ ജഡേജ മറുപടി ബാറ്റിങിനിറങ്ങിയ ശ്രീലങ്കയ്ക്കെതിരെ 5 വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. ഇതോടെയാണ് ഈ വമ്പൻ റെക്കോർഡ് രവീന്ദ്ര ജഡേജ സ്വന്തമാക്കിയത്.

( Picture Source : BCCI )

ആദ്യ ഇന്നിങ്സിൽ 228 പന്തിൽ പുറത്താകാതെ 175 റൺസ് നേടി ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ സമ്മാനിച്ച ജഡേജ മറുപടി ബാറ്റിങിനിറങ്ങിയ ശ്രീലങ്കയ്ക്കെതിരെ 13 ഓവറിൽ 41 റൺസ് വഴങ്ങി അഞ്ച് വിക്കറ്റുകൾ വീഴ്ത്തി. ജഡേജയുടെ തകർപ്പൻ ബൗളിങ് മികവിൽ ശ്രീലങ്കയെ 174 റൺസിൽ ചുരുക്കികെട്ടിയ ഇന്ത്യ 400 റൺസിൻ്റെ ലീഡ് സ്വന്തമാക്കുകയും ശ്രീലങ്കയെ ഫോളോ ഓൺ ചെയ്യിപ്പിക്കുകയും ചെയ്തു.

( Picture Source : BCCI )

ഈ പ്രകടനത്തോടെ ഒരു ടെസ്റ്റ് മത്സരത്തിൽ ടീമിൻ്റെ ആദ്യ ഇന്നിങ്സിൽ 150 ലധികം റൺസ് നേടുകയും 5 വിക്കറ്റ് വീഴ്ത്തുകയും ചെയ്യുന്ന രണ്ടാമത്തെ പ്ലേയറെന്ന റെക്കോർഡ് ജഡേജ സ്വന്തമാക്കി. 1966 ൽ ഇംഗ്ലണ്ടിനെതിരെ ആദ്യ ഇന്നിങ്സിൽ 174 റൺസ് നേടുകയും 41 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത വെസ്റ്റിൻഡീസ് ഇതിഹാസം ഗാരി സോബേഴ്സാണ് ഇതിനു മുൻപ് ഈ അപൂർവ്വ നേട്ടം സ്വന്തമാക്കിയത്.

( Picture Source : BCCI )

നേരത്തെ ആദ്യ ഇന്നിങ്സിലെ തകർപ്പൻ സെഞ്ചുറിയോടെ ടെസ്റ്റ് ക്രിക്കറ്റിൽ ഏഴാമനായി ഏറ്റവും ഉയർന്ന സ്കോർ നേടിയ ഇന്ത്യൻ ബാറ്റ്സ്മാനെന്ന റെക്കോർഡ് ജഡേജ സ്വന്തമാക്കിയിരുന്നു. 1986 ൽ ശ്രീലങ്കയ്ക്കെതിരെ 163 റൺസ് നേടിയ സാക്ഷാൽ കപിൽ ദേവിൻ്റെ റെക്കോർഡാണ് രവീന്ദ്ര ജഡേജ തകർത്തത്.

( Picture Source : BCCI )