Skip to content

അത് ഓസീസ് ടീമിൻ്റെ പുറത്തറിയാത്ത രഹസ്യമായിരുന്നു, ഷെയ്ൻ വോണിനെതിരെ കളിച്ചതിൻ്റെ ഓർമകൾ പങ്കുവെച്ച് അനിൽ കുംബ്ലെ

ഓസ്ട്രേലിയൻ ഇതിഹാസം ഷെയ്ൻ വോണുമായുള്ള സൗഹൃദത്തെ കുറിച്ച് മനസ്സുതുറന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ അനിൽ കുംബ്ലെ. ഷെയ്ൻ വോണിന് ആദരസൂചകമായി ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൊഹാലി ടെസ്റ്റിലെ രണ്ടാം ദിനത്തിൽ സ്റ്റാർ സ്പോർട്സ് സംഘടിപ്പിച്ച പ്രത്യേക സെഗ്മെൻ്റിൽ സംസാരിക്കവെയാണ് ഷെയ്ൻ വോണുമായുള്ള സൗഹൃദത്തെ കുറിച്ചും വോണിനെതിരെ കളിച്ചതിൻ്റെ അനുഭവങ്ങളും കുംബ്ലെ പങ്കുവെച്ചു. വോണിൻ്റെ കാലഘട്ടത്തിലെ ഓസ്ട്രേലിയൻ ടീമിൻ്റെ പുറത്തറിയാത്ത രഹസ്യവും അനിൽ കുംബ്ലെ വെളിപ്പെടുത്തി.

” അദ്ദേഹത്തിൻ്റെ മഹത്വത്തെ എത്രത്തോളം പ്രശംസിച്ചാലും മതിയാകില്ല, ഇന്ത്യയ്ക്കെതിരെ നന്നായി അദ്ദേഹം കളിച്ചിരുന്നു. സ്പിന്നിനെതിരെ ഞങ്ങൾ നന്നായി കളിക്കുന്നതിനാൽ എല്ലായ്പ്പോഴും ഇന്ത്യയ്ക്കെതിരെ മികച്ച പ്രകടനം പുറത്തെടുക്കാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നു. 1998 ൽ സച്ചിനും വോണും തമ്മിലുള്ള പോരാട്ടത്തെ കുറിച്ച് ഏവരും സംസാരിച്ചിരുന്ന പരമ്പര നടന്നിരുന്നു. അന്ന് ആദ്യ ഇന്നിങ്സിൽ സച്ചിനെതിരെ വോൺ മേൽക്കൈ നേടിയപ്പോൾ രണ്ടാം ഇന്നിങ്സിൽ വോണിനെതിരെ സച്ചിൻ മേൽക്കൈ നേടി. ” അനിൽ കുംബ്ലെ പറഞ്ഞു.

” ഓസ്ട്രേലിയൻ ടീമിനെ കുറിച്ച് ആരും പറയാത്ത ഒരു രഹസ്യമുണ്ടായിരുന്നു. നിങ്ങൾ ഷെയ്ൻ വോണുമായി സൗഹൃദത്തിലാണെങ്കിൽ അവർ ആ കളിക്കാരനെ സ്ലെഡ്ജ് ചെയ്യില്ല. അതുകൊണ്ട് തന്നെ ബാറ്റ് ചെയ്യാനെത്തുമ്പോൾ നിങ്ങൾ വോണിൻ്റെ ചങ്ങാതിയാണെങ്കിൽ യാതൊരു പരിഹാസവും അവരുടെ ഭാഗത്തുനിന്നും ഉണ്ടാകില്ല. അതിനാൽ ഞാൻ ബാറ്റ് ചെയ്യാൻ എത്തുമ്പോൾ എന്നെ അസ്വസ്ഥമാക്കാൻ ഓസീസ് കളിക്കാർ യാതൊന്നും ചെയ്തിരുന്നില്ല. അതായിരുന്നു ഷെയ്ൻ വോൺ, അതരത്തിലായിരുന്നു അദ്ദേഹം തൻ്റെ സുഹൃത്തക്കളെ പരിചരിച്ചിരുന്നത്. ” അനിൽ കുംബ്ലെ പറഞ്ഞു.

ടെസ്റ്റ് ക്രിക്കറ്റിൽ 700 വിക്കറ്റുകൾ നേടിയ ആദ്യ ബൗളറാണ് ഷെയ്ൻ വോൺ. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബൗളറായാണ് വോൺ വിരമിച്ചത്. അതിനുശേഷമാണ് മുത്തയ്യ മുരളീധരൻ ഷെയ്ൻ വോണിനെ പിന്നിലാക്കിയത്.