Skip to content

നന്നായി കളിച്ചു, ഒടുവിൽ ക്ലീൻ ബൗൾഡ്, കോഹ്ലി പുറത്തായതിൽ നിരാശനായി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ, വീഡിയോ കാണാം

തൻ്റെ നൂറാം ടെസ്റ്റിൽ വിരാട് കോഹ്ലി പുറത്തായതിൽ ആരാധകരെ പോലെ നിരാശനായി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. നന്നായി കളിച്ചുതുടങ്ങിയ വിരാട് കോഹ്ലി അർധ സെഞ്ചുറിയ്ക്ക് 5 റൺ അകലെ 45 റൺസ് നേടിയാണ് പുറത്തായത്. കോഹ്ലി ക്ലീൻ ബൗൾഡായതിന് പുറകെയുള്ള ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ റിയാക്ഷൻ സോഷ്യൽ മീഡിയയിൽ വൈറലായികഴിഞ്ഞു.

( Picture Source : Twitter )

മായങ്ക് അഗർവാൾ പുറത്തായ ശേഷം ക്രീസിലെത്തിയ കോഹ്ലി ഹനുമാ വിഹാരിയ്ക്കൊപ്പം മൂന്നാം വിക്കറ്റിൽ 90 റൺസ് കൂട്ടിച്ചേർത്തിരുന്നു. ഒരു ഘട്ടത്തിൽ സെഞ്ചുറിയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പ് കോഹ്ലി അവാനിപ്പിക്കുമെന്ന് പ്രതീക്ഷിച്ചുവെങ്കിലും വില്ലനായി ലസിത് എംബുൾഡനിയ അവതരിക്കുകയായിരുന്നു. 76 പന്തിൽ 5 ബൗണ്ടറിയടക്കം 45 റൺസ് നേടിയാണ് കോഹ്ലി പുറത്തായത്.

( Picture Source : Twitter )

കോഹ്ലിയുടെ വിക്കറ്റിൽ തലയിൽ കൈവച്ചുകൊണ്ട് നിരാശനായാണ് രോഹിത് ശർമ്മ പ്രതികരിച്ചത്. ഡ്രസിങ് റൂമിലുണ്ടായിരുന്ന എല്ലാവരും കോഹ്ലിയുടെ അർധസെഞ്ചുറിയ്ക്ക് വേണ്ടി കാത്തിരിക്കവെയാണ് 45 റൺസിൽ താരം പുറത്തായത്.

വീഡിയോ ;

ആദ്യ ഇന്നിങ്സിലെ പ്രകടനത്തോടെ ടെസ്റ്റ് ക്രിക്കറ്റിൽ 8000 റൺസ് വിരാട് കോഹ്ലി പൂർത്തിയാക്കി. ടെസ്റ്റിൽ 8000 റൺസ് നേടുന്ന ആറാമത്തെ ഇന്ത്യൻ ബാറ്റ്സ്മാനാണ് വിരാട് കോഹ്ലി. സച്ചിൻ തെണ്ടുൽക്കർ, സുനിൽ ഗവാസ്കർ, രാഹുൽ ദ്രാവിഡ്, വി വി എസ് ലക്ഷ്മൺ, വീരേന്ദർ സെവാഗ് എന്നിവരാണ് ഇതിനുമുൻപ് ടെസ്റ്റിൽ 8000 റൺസ് നേടിയിട്ടുള്ള ഇന്ത്യൻ ബാറ്റ്സ്മാന്മാർ.

( Picture Source : Twitter )

മത്സരത്തോടെ ടെസ്റ്റ് ക്രിക്കറ്റിൽ 100 മത്സരങ്ങൾ കളിക്കുന്ന പന്ത്രണ്ടാമത്തെ ഇന്ത്യൻ താരമെന്ന നേട്ടവും വിരാട് കോഹ്ലി സ്വന്തമാക്കി. സച്ചിൻ ടെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്, വി വി എസ് ലക്ഷ്മൺ, അനിൽ കുംബ്ലെ, കപിൽ ദേവ്, സുനിൽ ഗവാസ്കർ, ദിലിപ് വെങ്സർക്കാർ, സൗരവ് ഗാംഗുലി, വീരേന്ദർ സെവാഗ്, ഹർഭജൻ സിങ്, ഇഷാന്ത് ശർമ്മ എന്നിവരാണ് ഇതിനുമുൻപ് ടെസ്റ്റിൽ 100 മത്സരങ്ങൾ കളിച്ചിട്ടുള്ള ഇന്ത്യൻ താരങ്ങൾ.

( Picture Source : Twitter )