Skip to content

നൂറാം ടെസ്റ്റിൽ തകർപ്പൻ നേട്ടം കുറിച്ച് വിരാട് കോഹ്ലി, ഇന്ത്യൻ താരങ്ങളിൽ ആറാമൻ

ടെസ്റ്റ് ക്രിക്കറ്റിലെ തൻ്റെ നൂറാം മത്സരത്തിൽ തകർപ്പൻ നേട്ടം സ്വന്തമാക്കി മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. മത്സരത്തിൽ 38 റൺസ് പിന്നിട്ടതോടെയാണ് ഈ തകർപ്പൻ നേട്ടം വിരാട് കോഹ്ലി കൈവരിച്ചത്.

( Picture Source : BCCI )

മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ 80 റൺസിൽ നിൽക്കെ ഓപ്പണർ മായങ്ക് അഗർവാളിനെ നഷ്ടപെട്ടതോടെയാണ് തൻ്റെ നൂറാം മത്സരത്തിൽ കോഹ്ലി ബാറ്റിങിനിറങ്ങിയത്. തുടർന്ന് മൂന്നാം വിക്കറ്റിൽ ഹനുമാ വിഹാരിയ്ക്കൊപ്പം 90 റൺസ് കൂട്ടിച്ചേർത്ത കോഹ്ലി ഫിഫ്റ്റിയ്ക്ക് 5 റൺ അകലെ 45 റൺസ് നേടിയാണ് പുറത്തായത്.

( Picture Source : BCCI )

ഈ പ്രകടനത്തോടെ ടെസ്റ്റ് ക്രിക്കറ്റിൽ 8000 റൺസ് വിരാട് കോഹ്ലി പൂർത്തിയാക്കി. ഇന്നിങ്സിൽ 38 റൺസ് പിന്നിട്ടതോടെയാണ് ഈ നാഴികക്കല്ല് കോഹ്ലി പിന്നിട്ടത്. ടെസ്റ്റിൽ 8000 റൺസ് പൂർത്തിയാക്കുന്ന ആറാമത്തെ ഇന്ത്യൻ ബാറ്റ്സ്മാനാണ് വിരാട് കോഹ്ലി.

15921 റൺസ് നേടിയ സച്ചിൻ ടെണ്ടുൽക്കർ, 13265 റൺസ് നേടിയ രാഹുൽ ദ്രാവിഡ്, 10122 റൺസ് നേടിയ സുനിൽ ഗവാസ്കർ, 8781 റൺസ് നേടിയിട്ടുള്ള വി വി എസ് ലക്ഷ്മൺ, 8503 റൺസ് നേടിയിട്ടുള്ള വീരേന്ദർ സെവാഗ് എന്നിവരാണ് കോഹ്ലിയ്ക്ക് മുൻപ് ടെസ്റ്റിൽ 8000 റൺസ് നേടിയിട്ടുള്ള ഇന്ത്യൻ ബാറ്റ്സ്മാൻമാർ.

( Picture Source : BCCI )

ലോകത്തിൽ ടെസ്റ്റിൽ 8000 റൺസ് നേടുന്ന 32 ആം ബാറ്റ്സ്മാനാണ് കോഹ്ലി. 169 ഇന്നിങ്സിൽ നിന്നും ഈ നാഴികക്കല്ല് പൂർത്തിയാക്കിയ കോഹ്ലി ഏറ്റവും വേഗത്തിൽ 8000 റൺസ് നേടുന്ന പതിനാലാമത്തെ ബാറ്റ്സ്മാനാണ്. 152 ഇന്നിങ്സിൽ നിന്നും 8000 റൺസ് നേടിയ മുൻ ശ്രീലങ്കൻ താരം കുമാർ സംഗക്കാരയാണ് ഈ നേട്ടത്തിൽ ഒന്നാം സ്ഥാനത്തുള്ളത്. 154 ഇന്നിങ്സിൽ 8000 റൺസ് നേടിയ സച്ചിൻ ടെണ്ടുൽക്കറാണ് സംഗക്കാരയ്ക്ക് പിന്നിലുള്ളത്.

( Picture Source : BCCI )