Skip to content

ചരിത്രനിമിഷം, ടെസ്റ്റിൽ 100 മത്സരങ്ങൾ പൂർത്തിയാക്കി വിരാട് കോഹ്ലി, ക്യാപ് നൽകി ആദരിച്ച് ഇന്ത്യൻ കോച്ച് രാഹുൽ ദ്രാവിഡ്

ടെസ്റ്റ് ക്രിക്കറ്റിൽ 100 മത്സരങ്ങൾ പൂർത്തിയാക്കിയ മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ ആദരിച്ച് ഇന്ത്യൻ ടീം. മൊഹാലിയിൽ നടക്കുന്ന ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തോടെയാണ് 100 ടെസ്റ്റ് മത്സരങ്ങളെന്ന നാഴികക്കല്ല് വിരാട് കോഹ്ലി പിന്നിട്ടത്. മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ ടീമംഗങ്ങളും സപ്പോർട്ട് സ്റ്റാഫും ഇന്ത്യയുടെ ചാമ്പ്യൻ ക്രിക്കറ്ററെ ആദരിച്ചു, ഹെഡ് കോച്ചും കോഹ്ലിയുടെ ബാല്യകാല ഹീറോകളിൽ ഒരാളും കൂടിയായ രാഹുൽ ദ്രാവിഡാണ് കോഹ്ലിയ്ക്ക് 100 ആം ക്യാപ് നൽകിയത്.

ടെസ്റ്റ് ക്രിക്കറ്റിൽ 100 മത്സരങ്ങൾ പൂർത്തിയാക്കുന്ന പന്ത്രണ്ടാമത്തെ ഇന്ത്യൻ താരമാണ് വിരാട് കോഹ്ലി.  സച്ചിൻ ടെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്, വി വി എസ് ലക്ഷ്മൺ, അനിൽ കുംബ്ലെ, കപിൽ ദേവ്, സുനിൽ ഗവാസ്കർ, ദിലിപ് വെങ്സർക്കാർ, സൗരവ് ഗാംഗുലി, വീരേന്ദർ സെവാഗ്, ഹർഭജൻ സിങ്, ഇഷാന്ത് ശർമ്മ എന്നിവരാണ് കോഹ്ലിയ്ക്ക് മുൻപ് ഈ നാഴികക്കല്ല് പിനിട്ടിട്ടുള്ള ഇന്ത്യൻ താരങ്ങൾ.

2011 ൽ വെസ്റ്റിൻഡീസിനെതിരെയാണ് വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. ടെസ്റ്റ് ക്രിക്കറ്റിൽ ഇതുവരെ 50.39 ശരാശരിയിൽ 27 സെഞ്ചുറിയടക്കം 7962 റൺസ് വിരാട് കോഹ്ലി നേടിയിട്ടുണ്ട്.

2014 ൽ ഇന്ത്യൻ ടെസ്റ്റ് ടീമിൻ്റെ ക്യാപ്റ്റനായ വിരാട് കോഹ്ലി ഇന്ത്യയെ ഏറ്റവും കൂടുതൽ ടെസ്റ്റ് മത്സരങ്ങളിൽ വിജയിപ്പിച്ച ക്യാപ്റ്റൻ കൂടിയാണ്.

” ഇത് എന്നെ സംബന്ധിച്ച് പ്രത്യേക നിമിഷമാണ്, എൻ്റെ ഭാര്യയും സഹോദരനും ഇവിടെയുണ്ട്, എല്ലാവരും ഈ നിമിഷത്തിൽ അഭിമാനിക്കുന്നു, ഇത് തീര്ച്ചയായും ഒരു ടീം ഗെയിമാണ്. നിങ്ങളില്ലാതെ ഇത് സാധ്യമാകുമായിരുന്നില്ല. ബിസിസിഐയ്ക്കും നന്ദി, ഇന്നത്തെ കാലത്ത് മൂന്ന് ഫോർമാറ്റിലും കളിക്കുന്ന മത്സരങ്ങളുടെ എണ്ണവും ഐ പി എല്ലും കണക്കിലെടുത്താലും പുതിയ തലമുറയ്ക്ക് എന്നിൽ നിന്നെടുക്കാവുന്ന ഒരു കാര്യം ഞാൻ ക്രിക്കറ്റിലെ യഥാർത്ഥ ഫോർമാറ്റിൽ 100 മത്സരങ്ങൾ കളിച്ചുവെന്നതാണ്. ” മത്സരത്തിന് മുന്നോടിയായി വിരാട് കോഹ്ലി പറഞ്ഞു.