Skip to content

നൂറാം ടെസ്റ്റിൽ വിരാട് കോഹ്ലിയെ കാത്തിരിക്കുന്നത് വമ്പൻ റെക്കോർഡ്

മൊഹാലിയിൽ നടക്കുന്ന ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തോടെ ടെസ്റ്റ് ക്രിക്കറ്റിൽ 100 മത്സരങ്ങൾ പൂർത്തിയാക്കുകയാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഈ ചരിത്രമുഹൂർത്തത്തിൽ വമ്പൻ റെക്കോർഡാണ് വിരാട് കോഹ്ലിയെ കാത്തിരിക്കുന്നത്.

മൊഹാലി ടെസ്റ്റോടെ ടെസ്റ്റ് ക്രിക്കറ്റിൽ 100 മത്സരങ്ങൾ കളിക്കുന്ന പന്ത്രണ്ടാമത്തെ ഇന്ത്യൻ താരമായി കോഹ്ലി മാറും. ഇതിനുമുൻപ് 11 ഇന്ത്യൻ താരങ്ങളാണ് ടെസ്റ്റ് ക്രിക്കറ്റിൽ 100 ലധികം മത്സരങ്ങൾ കളിച്ചിട്ടുള്ളത്.

ടെസ്റ്റ് ക്രിക്കറ്റിൽ 99 മത്സരങ്ങളിൽ നിന്നും 7962 റൺസ് വിരാട് കോഹ്ലി നേടിയിട്ടുണ്ട്. മത്സരത്തിൽ 28 റൺസ് കൂടെ നേടാൻ സാധിച്ചാൽ ടെസ്റ്റ് ക്രിക്കറ്റിൽ 8000 റൺസെന്ന നാഴികക്കല്ല് വിരാട് കോഹ്ലി പിന്നിടും. ഇതിനുമുൻപ് അഞ്ച് ഇന്ത്യൻ ബാറ്റ്സ്മാൻമാർ മാത്രമാണ് ടെസ്റ്റിൽ 8000 തിലധികം റൺസ് നേടിയിട്ടുള്ളത്.

15921 റൺസ് നേടിയ സച്ചിൻ ടെണ്ടുൽക്കർ, 13265 റൺസ് നേടിയ രാഹുൽ ദ്രാവിഡ്, 10122 റൺസ് നേടിയ സുനിൽ ഗവാസ്കർ, 8781 റൺസ് നേടിയ വി വി എസ് ലക്ഷ്മൺ, 8503 റൺസ് നേടിയ വീരേന്ദർ സെവാഗ് എന്നിവരാണ് ഇതിനുമുൻപ് ടെസ്റ്റ് ക്രിക്കറ്റിൽ 8000 റൺസ് നേടിയിട്ടുള്ള ഇന്ത്യൻ ബാറ്റ്സ്മാന്മാർ.

മാർച്ച് നാലിനാണ് മത്സരം ആരംഭിക്കുന്നത്. ഇന്ത്യൻ ടെസ്റ്റ് ടീമിൻ്റെ ക്യാപ്റ്റനായുള്ള രോഹിത് ശർമ്മയുടെ ആദ്യ മത്സരം കൂടിയാണിത്. ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ സാധ്യതകൾ നിലനിർത്താൻ ഈ പരമ്പരയിൽ ഇന്ത്യക്ക് വിജയം അനിവാര്യമാണ്. കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ ഇന്ത്യ നിലവിൽ പോയിൻ്റ് ടേബിളിൽ അഞ്ചാം സ്ഥാനത്താണുള്ളത്.