Skip to content

ചരിത്രമുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ ആരാധകരുണ്ടാകും, മൊഹാലി ടെസ്റ്റിൽ കാണികളെ അനുവദിച്ച് ബിസിസിഐ

മൊഹാലിയിൽ നടക്കുന്ന ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റിൽ കാണികളെ അനുവദിച്ച് ബിസിസിഐ. മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ നൂറാം ടെസ്റ്റ് മത്സരമാണ് മൊഹാലിയിൽ നടക്കുന്നത്. നേരത്തേ കാണികളെ അനുവദിക്കാത്ത ബിസിസിഐയുടെ തീരുമാനത്തിനെതിരെ ആരാധകർ രംഗത്തെത്തിയിരുന്നു. മൊഹാലിയിൽ കോവിഡ് സാഹചര്യങ്ങൾ മെച്ചപെട്ടതിനെ തുടർന്നാണ് കാണികളെ അനുവദിക്കാൻ ബിസിസിഐ തീരുമാനിച്ചത്.

” മൊഹാലിയിൽ നടക്കുന്ന ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ടെസ്റ്റ് അടച്ചിട്ട സ്റ്റേഡിയത്തിലായിരിക്കില്ല നടക്കുന്നത്, ഗ്രൗണ്ടിലേക്ക് കാണികളെ അനുവദിക്കാനുള്ള തീരുമാനം നിലവിലെ സാഹചര്യങ്ങളെ കണക്കിലെടുത്ത് സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ എടുത്തതാണ്. ഞാൻ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികളുമായി സംസാരിച്ചു. വിരാട് കോഹ്ലി തൻ്റെ നൂറാം ടെസ്റ്റ് മത്സരം കളിക്കുന്ന ചരിത്രമുഹൂർത്തത്തിന് ആരാധകർക്ക് സാക്ഷ്യം വഹിക്കാൻ സാധിക്കുമെന്ന് അവർ സ്ഥിരീകരിച്ചു. ” ഔദ്യോഗിക പ്രസ്താവനയിൽ ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞു.

” വിരാട് കോഹ്ലിയുടെ നൂറാം ടെസ്റ്റിനായി ഞാൻ കാത്തിരിക്കുകയാണ്. ഞങ്ങളുടെ ചാമ്പ്യൻ ക്രിക്കറ്റർക്ക് ആശംസകൾ നേരുന്നു. ഇത് ആരാധകർക്ക് ആസ്വദിക്കാനുള്ള അവസരമാണ്. ഇനിയും ഒരുപാട് മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ കോഹ്ലിയ്ക്ക് സാധിക്കട്ടെ ” ജയ് ഷാ കൂട്ടിച്ചേർത്തു.

സച്ചിൻ ടെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്, വി വി എസ് ലക്ഷ്മൺ, അനിൽ കുംബ്ലെ, കപിൽ ദേവ്, സുനിൽ ഗവാസ്‌കർ, വെങ്സർക്കാർ, സൗരവ് ഗാംഗുലി, ഇഷാന്ത് ശർമ്മ, ഹർഭജൻ സിങ്, വീരേന്ദർ സെവാഗ് എന്നിവരാണ് ടെസ്റ്റ് ക്രിക്കറ്റിൽ 100 മത്സരങ്ങൾ കളിച്ചിട്ടുള്ള ഇന്ത്യൻ താരങ്ങൾ. മൊഹാലി ടെസ്റ്റോടെ ടെസ്റ്റിൽ 100 മത്സരങ്ങൾ കളിക്കുന്ന പന്ത്രണ്ടാമത്തെ ഇന്ത്യൻ താരമായി കോഹ്ലി മാറും. 99 മത്സരങ്ങളിൽ നിന്നും ഇതുവരെ 50.39 ശരാശരിയിൽ 27 സെഞ്ചുറിയടക്കം 7962 റൺസ് കോഹ്ലി നേടിയിട്ടുണ്ട്.