Skip to content

റൺസും സ്കോർ ചെയ്യൂ, വിക്കറ്റ് വീഴ്ത്തു, എങ്കിൽ നിങ്ങൾക്ക് ഇന്ത്യയ്ക്ക് വേണ്ടി കളിക്കാം, സീനിയർ താരങ്ങളെ ഒഴിവാക്കിയതിനെ കുറിച്ച് ചീഫ് സെലക്ടർ

ഒരുപാട് ആലോചനകൾക്കും ചർച്ചകൾക്കും ശേഷമാണ് ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്നും ഇന്ത്യൻ സീനിയർ താരങ്ങളായ അജിങ്ക്യ രഹാനെ, ചേതേശ്വർ പുജാര, ഇഷാന്ത് ശർമ്മ, വൃദ്ധിമാൻ സാഹ എന്നിവരെ ഒഴിവാക്കിയതെന്ന് ഇന്ത്യൻ ചീഫ് സെലക്ടർ ചേതൻ ശർമ്മ. ടീമിൽ നിന്നും ഒഴിവാക്കിയെങ്കിലും ഇനിയും തിരിച്ചെത്താനുള്ള അവസരങ്ങൾ സീനിയർ താരങ്ങൾക്ക് നൽകുമെന്നും ചീഫ് സെലക്ടർ വ്യക്തമാക്കി.

നീണ്ട കാലമായി മോശം പ്രകടമാണ് ഈ നാല് താരങ്ങളും ഇന്ത്യയ്ക്കായി കാഴ്ച്ചവെച്ചത്. കഴിഞ്ഞ ഓസ്ട്രേലിയൻ പര്യടനത്തിൽ മെൽബണിൽ അവസാന സെഞ്ചുറി നേടിയ രഹാനെയുടെ കഴിഞ്ഞ വർഷത്തെ ബാറ്റിങ് ശരാശരി 21 ലും താഴെയാണ്. മറുഭാഗത്ത് 2019 തുടക്കത്തിൽ തൻ്റെ അവസാന സെഞ്ചുറി നേടിയ ചേതേശ്വർ പുജാരയുടെ കഴിഞ്ഞ വർഷത്തെ ബാറ്റിങ് ശരാശരി 28 ലും താഴെയാണ്.

” വളരെയേറെ ആലോചിച്ച ശേഷമാണ് സെലക്ടർമാർ ഈ തീരുമാനമെടുത്തത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയ്ക്ക് ശേഷം ഞങ്ങൾ അവരോട് സംസാരിച്ചിരുന്നു. ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ അവരെ പരിഗണിക്കുകയില്ലെന്നും എന്നിരുന്നാലും ഇന്ത്യൻ ടീമിലേക്കുള്ള വാതിലുകൾ അവർക്ക് മുൻപിൽ തുറന്നിരിക്കുമെന്നും അവരോട് പറഞ്ഞു. ഇവിടെ പ്രശ്നങ്ങൾ ഒന്നും തന്നെയല്ല, അവരോട് രഞ്ജി ട്രോഫി കളിക്കാനും ഞങ്ങൾ ആവശ്യപെട്ടു. ” ചീഫ് സെലക്ടർ പറഞ്ഞു.

” ആരുടെയും അവസരങ്ങൾ തടയാൻ ഞങ്ങൾ ആരുമല്ല. റൺസ് സ്കോർ ചെയ്യൂ, വിക്കറ്റുകൾ വീഴ്ത്തൂ, എങ്കിൽ നിങ്ങൾക്ക് രാജ്യത്തിന് വേണ്ടി കളിക്കാം. അതാണ് ഏറ്റവും പ്രധാനപ്പെട്ട വശം. ഒരു കളിക്കാരന് ഇടവേള നൽകുമ്പോൾ അവന് ഒരു സമയപരിധിയും ഞങ്ങൾ നൽകുന്നു. അവർ നാലുപേരോടും രഞ്ജി ട്രോഫി കളിക്കാൻ ഞാൻ അഭ്യർത്ഥിച്ചിട്ടുണ്ട്. അഭ്യന്തര ക്രിക്കറ്റിലും രഞ്ജി ട്രോഫിയിലും സെലക്ടർമാർ വളരെയധികം ശ്രദ്ധിക്കുന്നുണ്ട്. വളരെ കാലത്തിന് ശേഷമാണ് ഇപ്പോൾ രഞ്ജി ട്രോഫി നടക്കുന്നത്. അതിൽ മികച്ച പ്രകടനം അവർക്ക് പുറത്തെടുക്കാൻ സാധിച്ചാൽ അത് നന്നായിരിക്കും. ” ചീഫ് സെലക്ടർ കൂട്ടിച്ചേർത്തു.

രഞ്ജി ട്രോഫിയിലെ ആദ്യ മത്സരത്തിൽ സെഞ്ചുറി നേടി മികച്ച പ്രകടനം രഹാനെ പുറത്തെടുത്തപ്പോൾ അതേ മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ റണ്ണൊന്നും നേടാതെയാണ് പുജാര പുറത്തായത് രണ്ടാം ഇന്നിങ്സിൽ 83 പന്തിൽ 91 റൺസ് താരം നേടി .