Skip to content

ദ്രാവിഡ് വിരമിക്കാൻ ആവശ്യപ്പെട്ടു, ഗാംഗുലി അക്കാര്യത്തിൽ ചതിച്ചു ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സാഹ

അടുത്ത മാസം ആരംഭിക്കുന്ന ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ കഴിഞ്ഞ ദിവസം ചീഫ് സെലക്ടർ ചേതൻ ശർമ്മ പ്രഖ്യാപിച്ചിരുന്നു. ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ, സാഹ, ഇഷാന്ത് ശർമ്മ എന്നിവരെ 15 അംഗ സ്ക്വാഡിൽ നിന്ന് ഒഴിവാക്കിയത് ശ്രേദ്ധേയമായിരുന്നു. നാലു പേരോടും രഞ്ജി ട്രോഫിയിൽ കളിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ് ചേതൻ ശർമ്മ.

ടീമിൽ ഒഴിവാക്കിയതിന് പിന്നാലെ സാഹ ചില വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ്. സൗത്ത് ആഫ്രിക്കൻ പര്യടനത്തിന് പിന്നാലെ കോച്ച് രാഹുൽ ദ്രാവിഡ് തന്നോട് വിരമിക്കാൻ ആവശ്യപ്പെട്ടിരുന്നതായി സാഹ പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റിൽ വിക്കറ്റ് കീപ്പർ റോളിൽ റിഷഭ് പന്തിനെയും കെഎസ് ഭരതിനെയും വളർത്തി കൊണ്ടു വരാനാണ് ദ്രാവിഡിന്റെ തീരുമാനം.

“ഇത് നിങ്ങളോട് എങ്ങനെ പറയണമെന്ന് എനിക്കറിയില്ല, പക്ഷേ കുറച്ച് കാലമായി, കുറച്ച് സെലക്ടർമാരും ടീം മാനേജ്‌മെന്റും ഒരു പുതിയ കീപ്പറെ പരീക്ഷിക്കാൻ ആലോചിക്കുകയാണ്.  ഇത് എന്റെ പ്രായം കാരണമാണോ അതോ ഫിറ്റ്‌നസ് കൊണ്ടാണോ എന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു, എന്നാൽ ഇത് പ്രായമോ പ്രകടനമോ നോക്കിയിട്ട് അല്ലെന്ന് രാഹുൽ ഭായ് എന്നോട് പറഞ്ഞു.  അവർ പ്രായം കുറഞ്ഞ പ്രതിഭകളെ വളർത്തി കൊണ്ടുവരാനാണ് തീരുമാനിച്ചിരിക്കുന്നത്, നിങ്ങൾ ഫൈനൽ ഇലവനിൽ കളിക്കാത്തതിനാൽ, മറ്റ് പ്രതിഭകളെ നോക്കാൻ ഞങ്ങൾ ചിന്തിച്ചു. ” സാഹ വെളിപ്പെടുത്തി.

ന്യുസിലാൻഡിനെതിരായ കാൻപൂർ മത്സരത്തിലെ പ്രകടനത്തിന് പിന്നാലെ വാട്‌സ്ആപ്പിൽ ഗാംഗുലി അഭിനന്ദനങ്ങൾ അറിയിച്ചിരുന്നുവെന്നും താൻ ബിസിസിഐ പ്രസിഡന്റ് ആയിരിക്കുന്നോളം കാലം  ഇന്ത്യൻ ടീമിലെ സ്ഥാനത്തിൽ ആശങ്ക വേണ്ടെന്ന് ഗാംഗുലി ഉറപ്പ് നൽകിയിരുന്നതായി സാഹ പറഞ്ഞു.

” കാൺപൂരിൽ ന്യൂസിലൻഡിനെതിരെ 61 റൺസ് നേടിയ ശേഷം, ഗാംഗുലി എന്നെ വാട്ട്‌സ്ആപ്പിലൂടെ അഭിനന്ദിക്കുകയും ‘ഞാൻ ഇവിടെയുള്ളിടത്തോളം  നിങ്ങൾ ടീമിലുണ്ടാകുമെന്ന്’ ഉറപ്പ് നൽകുകയും ചെയ്തു.  ബിസിസിഐ പ്രസിഡന്റിന്റെ അത്തരമൊരു സന്ദേശം എന്റെ ആത്മവിശ്വാസം വർധിപ്പിച്ചു. കാര്യങ്ങൾ എങ്ങനെയാണ് ഇത്ര പെട്ടെന്ന് മാറി മറിഞ്ഞതെന്ന് മനസ്സിലാക്കാൻ പാടുപെടുകയാണ് ഞാൻ. ” സാഹ കൂട്ടിച്ചേർത്തു

“ഇംഗ്ലണ്ടിലും പുറത്തും ടീമിന്റെ അടുത്ത ടെസ്റ്റ് മത്സരങ്ങളിലേക്ക് എന്നെ പരിഗണിക്കുമോ എന്ന് ഞാൻ അദ്ദേഹത്തോട് (ചേതൻ ശർമ്മ) ചോദിച്ചു.  ഇനി മുതൽ എന്നെ പരിഗണിക്കില്ലെന്ന്  അദ്ദേഹം വ്യക്തമാക്കി.  ശേഷം അദ്ദേഹം പറഞ്ഞു, ആരെയെങ്കിലും തിരഞ്ഞെടുത്താൽ, അവനെ ഉടൻ ടീമിൽ നിന്ന് പുറത്താക്കാൻ കഴിയില്ല.  ‘നിങ്ങൾ രഞ്ജി ട്രോഫി കളിക്കണം, പക്ഷേ തീരുമാനം നിങ്ങളുടേതാണ്’ എന്നും അദ്ദേഹം എന്നോട് പറഞ്ഞു.  എന്റെ പ്രകടനവും പ്രായവും ഘടകങ്ങളാണോ എന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു, അതിന് നെഗറ്റീവ് മറുപടിയാണ് ലഭിച്ചത് ” സാഹ പറഞ്ഞു