അവനാണ് ഇന്ത്യയിലെ നമ്പർ വൺ ക്രിക്കറ്റർ, പുതിയ ക്യാപ്റ്റനെ രോഹിത് ശർമ്മയ്ക്ക് കീഴിൽ വളർത്തിയെടുക്കും, ഇന്ത്യൻ ചീഫ് സെലക്ടർ

രോഹിത് ശർമ്മയുടെ ഫിറ്റ്നസിൽ സെലക്ഷൻ കമ്മിറ്റിയ്ക്ക് ആശങ്കകളില്ലയെന്ന് ഇന്ത്യൻ ചീഫ് സെലക്ടർ ചേതൻ ശർമ്മ. പരിചയസമ്പന്നനായ രോഹിത് ശർമ്മ ടെസ്റ്റ് ടീമിൻ്റെ ക്യാപ്റ്റനാകുന്നത് ടീമിന് ഗുണകരമാകുമെന്നും പുതിയ ലീഡർമാരെ രോഹിത് ശർമ്മയ്ക്ക് കീഴിൽ വളർത്തിയെടുക്കുമെന്നും ചീഫ് സെലക്ടർ പറഞ്ഞു.

ശ്രീലങ്കയ്ക്കെതിരായ പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചതിനൊപ്പമാണ് പുതിയ ടെസ്റ്റ് ക്യാപ്റ്റനായി രോഹിത് ശർമ്മയുടെ ബിസിസിഐ നിയമിച്ചത്. ഇനി മൂന്ന് ഫോർമാറ്റിലും രോഹിത് ശർമ്മയായിരിക്കും ഇന്ത്യയെ നയിക്കുക. ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയെ വൈസ് ക്യാപ്റ്റനായും സെലക്ടർമാർ തിരഞ്ഞെടുത്തു.

” രോഹിത് ശർമ്മ നമ്മുടെ രാജ്യത്തെ നമ്പർ വൺ ക്രിക്കറ്ററാണ്. അവൻ മൂന്ന് ഫോർമാറ്റിലും ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നു. രോഹിതിനെ ഞങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതിനാണ് പ്രാധാന്യം. ക്രിക്കറ്റ് താരങ്ങൾ പ്രൊഫഷണലുകളാണ്. അവർക്ക് അവരുടെ ശരീരത്തെ കുറിച്ച് അറിയാം. രോഹിത് പൂർണമായും സുഖമായിരിക്കുന്നു, പക്ഷേ ഇടക്കിയ്ക്കിടെ അവനുമായി ഞങ്ങൾ ചർച്ചകൾ നടത്തും. സെലക്ഷൻ കമ്മിറ്റിയ്ക്ക് അറിയാവുന്നിടത്തോളം അവൻ പൂർണമായും ഫിറ്റാണ്, ഇന്ത്യൻ ടെസ്റ്റ് ടീമിൻ്റെ നായകസ്ഥാനം ഏറ്റെടുക്കാൻ അവൻ തയ്യാറാണ്. “

( Picture Source : Twitter )

” രോഹിതിനെ പോലെ ഇത്രയും പരിചയസമ്പന്നനായ ഒരു താരം ക്യാപ്റ്റനായാൽ അത് ഞങ്ങൾക്ക് വലിയ കാര്യമാണ്. അവനുകീഴിൽ പുതിയ ലീഡർമാരെ വളർത്തിയെടുക്കാൻ ഞങ്ങൾക്ക് കഴിയും, അതാണ് സെലക്ഷൻ കമ്മിറ്റിയും ആഗ്രഹിക്കുന്നത്. ” ചേതൻ ശർമ്മ പറഞ്ഞു.

” കെ എൽ രാഹുൽ ദക്ഷിണാഫ്രിക്കയിൽ ക്യാപ്റ്റനായി. അതേ പരമ്പരയിൽ ബുംറയായിരുന്നു വൈസ് ക്യാപ്റ്റൻ. ഈ പരമ്പരയിൽ റിഷഭ് പന്തായിരുന്നു വൈസ് ക്യാപ്റ്റൻ. ഞാൻ മുൻപ് പറഞ്ഞ പോലെ രോഹിതിന് കീഴിൽ കളിക്കാരെ ക്യാപ്റ്റനായി വളർത്തിയെടുക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ആരാകും അടുത്ത ക്യാപ്റ്റൻ എന്നുപറയാൻ പ്രയാസമാണ്. എന്നാൽ ഒരു പേര് ഉടലെടുക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. ” ഇന്ത്യൻ ചീഫ് സെലക്ടർ പറഞ്ഞു.

( Picture Source : Twitter )