Skip to content

സ്റ്റംപ് തെറിപ്പിച്ച് വിക്കറ്റ് ആഘോഷിക്കാൻ ഓടി ദഹാനി ; പിന്നാലെ രസകരമായ ഇടപെടലുമായി അമ്പയർ അലീം ദാർ – വീഡിയോ

ക്രിക്കറ്റ് ലോകത്ത് ബൗളർമാരുടെ വ്യത്യസ്തവും വിചിത്രവുമായ വിക്കറ്റ് ആഘോഷങ്ങൾ പലപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. കഴിഞ്ഞ ദിവസവും അത്തരത്തിൽ ഒന്ന് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പാകിസ്ഥാൻ സൂപ്പർ ലീഗിലെ വിക്കറ്റ് ആഘോഷമാണ് ക്രിക്കറ്റ് പ്രേമികളുടെ ശ്രദ്ധ പിടിച്ചു പറ്റിയത്.  ബൗളറുടെ ആഘോഷ മാത്രം അല്ല അമ്പയറുടെ രസകരമായ ഇടപെടലാണ് ഈ സംഭവം പെട്ടെന്ന് ശ്രദ്ധ നേടിയത്.

മുൾട്ടാൻ സുൽത്താൻ – ക്വറ്റ ഗ്ലാഡിയേറ്റർ തമ്മിലുള്ള മത്സരത്തിനിടെയാണ് ഈ സംഭവം. 2 റൺസ് നേടി ക്രീസിൽ ഉണ്ടായിരുന്ന നസീം ഷായുടെ കുറ്റി തെറിപ്പിച്ചതിന് പിന്നാലെ ഒരു കൈ ഉയർത്തി ഓടി കൊണ്ടായിരുന്നു ആഘോഷത്തിന് തുടക്കമിട്ടത്. എന്നാൽ ഇതിനിടെ ഏവരെയും ആശ്ചര്യപ്പെടുത്തി ദഹാനിയെ തടഞ്ഞ് ഓണ്ഫീല്ഡ് അമ്പയർ അലിം ദാർ രംഗത്തെത്തി.

ഒരു നിമിഷം എല്ലാവരെയും ആശയക്കുഴപ്പത്തിലാക്കിയെങ്കിലും അലീം ദാറിന്റെ ചിരിച്ച് കൊണ്ടുള്ള തടയൽ എല്ലാവരിലും ചിരിപ്പടർത്തി. ഗ്യാലറിയിൽ ഉണ്ടായിരുന്ന ഇതിഹാസ താരം വിവിയൻ റിച്ചാർഡ്സിന് മുന്നിൽ ആദരവോടെ തലകുനിച്ച് വിക്കറ്റ് സമ്മാനിക്കാനായിരുന്നു മുൾട്ടാന്റെ ബൗളർ ദഹാനി ഓടിയത്. 

നേരത്തെ, ആദ്യം ബാറ്റ് ചെയ്ത മുൾട്ടാൻ സുൽത്താൻ ക്യാപ്റ്റൻ മുഹമ്മദ് റിസ്‌വാന്റെ ( 83* ) ഈ സീസണിലെ അഞ്ചാം അർധസെഞ്ചുറിയുടെയും റിലീ റോസോവിന്റെ 26 പന്തിൽ 71 തകർപ്പൻ ഇന്നിംഗ്സസിന്റെയും ബലത്തിൽ 245 എന്ന കൂറ്റൻ സ്‌കോർ നേടുകയായിരുന്നു. റിസ്‌വാൻ ടോസ് നേടിയ ശേഷം ബാറ്റ് ചെയ്ത മുൾട്ടാൻ പിഎസ്‌എല്ലിലെ എക്കാലത്തെയും ഉയർന്ന രണ്ടാമത്തെ സ്‌കോറാണ് നേടിയത്.

കഴിഞ്ഞ വർഷം അബുദാബിയിൽ പെഷവാർ സാൽമിക്കെതിരെ ഇസ്‌ലാമാബാദ് യുണൈറ്റഡ് നേടിയ
247-2 സ്‌കോറാണ് റെക്കോർഡ് ലിസ്റ്റിൽ മുന്നിൽ. 245 പിന്തുടർന്ന് ഇറങ്ങിയ ക്വറ്റയെ 16ആം ഓവറിലെ രണ്ടാം പന്തിൽ തന്നെ ഓൾ ഔട്ട് ആക്കുകയായിരുന്നു. 128 മാത്രമാണ് നേടാനായത്. 23 പന്തിൽ 50 റൺസ് നേടിയ ഉമർ അക്മൽ മാത്രമാണ് മികച്ച പ്രകടനം പുറത്തെടുത്തത്.