Skip to content

ഒരു ഘട്ടത്തിൽ എനിക്ക് വേണ്ടിയുള്ള ലേലംവിളി അവസാനിക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു, ചെന്നൈ സൂപ്പർ കിങ്സിൽ തിരിച്ചെത്തിയതിൽ സന്തോഷമറിയിച്ച് ദീപക് ചഹാർ

ഐ പി എൽ താരലേലത്തിൽ വമ്പൻ വിലയ്ക്ക് ചെന്നൈ സൂപ്പർ കിങ്സിൽ തിരിച്ചെത്തിയതിനെ കുറിച്ച് മനസ്സുതുറന്ന് ഇന്ത്യൻ പേസർ ദീപക് ചഹാർ. താരലേലത്തിൽ 14 കോടിയ്ക്കാണ് ദീപക് ചഹാറിനെ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സ് സ്വന്തമാക്കിയത്. ഒരു ഘട്ടത്തിൽ ലേലംവിളി അവാനിക്കണമെന്ന് താൻ ആഗ്രഹിച്ചിരുന്നുവെന്നും 13 കോടി പിന്നിട്ടപ്പോൾ ചെന്നൈ സൂപ്പർ കിങ്സ് പിന്മാറുമോയെന്ന് താൻ ഭയപെട്ടിരുന്നുവെന്നും ദീപക് ചഹാർ വെളിപ്പെടുത്തി.

ഡൽഹി ക്യാപിറ്റൽസും രാജസ്ഥാൻ റോയൽസും ഏറെ ശ്രമിച്ചുവെങ്കിലും ചഹാറിനെ വിട്ടുകൊടുക്കാൻ സി എസ് കെ തയ്യാറായില്ല. ഐ പി എൽ ലേല ചരിത്രത്തിൽ ചെന്നൈ സൂപ്പർ കിങ്സ് സ്വന്തമാക്കുന്ന എറ്റവും വിലയേറിയ താരം കൂടിയാണ് ദീപക് ചഹാർ. 2018 ൽ 80 ലക്ഷത്തിനാണ് ചഹാരിനെ സി എസ് കെ ടീമിലെത്തിച്ചത്. ടീമിന് വേണ്ടി 58 മത്സരങ്ങളിൽ നിന്നും 58 വിക്കറ്റ് താരം നേടിയിട്ടുണ്ട്.

” അഹമ്മദാബാദിൽ നിന്നും കൊൽക്കത്തയിലേക്ക് പോവുകയായതിനാൽ ബസ്സിൽ വെച്ചാണ് ഞങ്ങൾ ലേലം കണ്ടുകൊണ്ടിരുന്നത്. മുഴുവൻ ടീമംഗങ്ങളും ലേലം കാണുന്നുണ്ടായിരുന്നു. ബിഡ്ഡിങ് എത്രത്തോളമായി എന്നറിയാൻ അവർക്കും ആകാംക്ഷയുണ്ടായിരുന്നു. ബിഡ്ഡിങ് 14 കോടി വരെയെത്തിയപ്പോൾ ഇതിൽ കൂടുതൽ പോകരുതെന്ന് ഞാൻ ആഗ്രഹിച്ചു, കാരണം ഇപ്പോൾ ചെന്നൈ സൂപ്പർ കിങ്സ് പിൻമാറിയാൽ എനിക്ക് വളരെ സങ്കടമാകും. ”

” എനിക്ക് സി എസ് കെയ്ക്ക് വേണ്ടി കളിക്കാൻ തന്നെയായിരുന്നു ആഗ്രഹം, കാരണം മറ്റൊരു ടീമിന് വേണ്ടി കളിക്കുന്നതിനെ കുറിച്ച് ഞാൻ ചിന്തിച്ചിട്ട് പോലുമില്ല. ഒരു ഘട്ടത്തിൽ എനിക്ക് വേണ്ടിയുള്ള ലേലംവിളി വളരെ കൂടുതലായി എനിക്ക് തോന്നിയിരുന്നു, 13 കോടിയ്ക്ക് ബിഡ്ഡിങ് നിർത്തണമെന്ന് ഞാൻ ആഗ്രഹിച്ചു, കാരണം അപ്പോൾ എനിക്ക് ചെന്നൈയ്ക്ക് വേണ്ടി കളിക്കുകയും ചെയ്യാം ഒപ്പം ടീമിന് മറ്റു താരങ്ങളെ സ്വന്തമാക്കുകയും ചെയ്യാം. ” ദീപക് ചഹാർ പറഞ്ഞു.

ഐ പി എൽ 2022 ചെന്നൈ സൂപ്പർ കിങ്സ് ടീം ;

രവീന്ദ്ര ജഡേജ, എംഎസ് ധോണി, റുതുരാജ് ഗെയ്‌ക്‌വാദ്, മൊയിൻ അലി, റോബിൻ ഉത്തപ്പ, അമ്പാട്ടി റായിഡു, ദീപക് ചഹാർ, കെ എം ആസിഫ്, ഡ്വെയ്‌ൻ ബ്രാവോ, ഡെവൺ കോൺവേ, സുബ്രംശു സേനാപതി, തുഷാർ ദേശ്പാണ്ഡെ, ശിവം ദുബെ, മഹേഷ് തീക്ഷണ, രാജ്വർധൻ ഹംഗാർഗെ, ഡ്വെയ്ൻ പ്രെട്ടോറിയസ്, മിച്ചൽ സാൻ്റ്‌നേർ, പ്രശാന്ത് സോളങ്കി, സി ഹരി നിശാന്ത്, എൻ ജഗദീശൻ, ക്രിസ് ജോർദാൻ, കെ ഭഗത് വർമ, മുകേഷ് ചൗധരി, സിമർജീത് സിംഗ്, ആദം മിൽനെ