Skip to content

“ഞാൻ ചെയ്തതിന് ചിലർ ക്രെഡിറ്റ് നേടിയെടുത്തു” രഹാനെയുടെ ഒളിയമ്പ് രവിശാസ്ത്രിക്കും കോഹ്ലിക്കും നേർക്കോ?

ഇക്കഴിഞ്ഞ സൗത്ത് ആഫ്രിക്കൻ പര്യടനത്തിൽ ടെസ്റ്റ് സീരീസിലും മോശം ഫോം തുടർന്നതോടെ അജിൻക്യ രഹാനെയുടെ ടെസ്റ്റ് ടീമിലെ സ്ഥാനം ഏറെക്കുറെ നഷ്ട്ടമായിരിക്കുകയാണ്. ഇനി രഞ്ജി ട്രോഫിയിൽ ഫോം തെളിയിച്ചാൽ മാത്രമേ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചു വരവ് നടത്താനാകു. 2020ൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ അഭാവത്തിൽ നിരവധി പരിക്കിലൂടെ ശോഷിച്ച ടീമിനെ ബോർഡർ ഗാവസ്‌കർ ട്രോഫിയിൽ രഹാനെ എത്തിച്ചിരുന്നു. 2 വർഷങ്ങൾക്ക് ഇപ്പുറം രഹാനെയുടെ ടീമിലെ സ്ഥാനം തന്നെ നഷ്ട്ടപ്പെട്ടിരിക്കുകയാണ്.

കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി രഹാനെയുടെ ബാറ്റിങ് പ്രകടനം വളരെ മോശമാണ്. നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് മാത്രം പരിഗണിക്കപ്പെടുന്ന രഹാനെയുടെ ആ സ്ഥാനം കൂടി നഷ്ട്ടപ്പെട്ട അവസ്ഥയാണ്. എ ഗ്രേഡ് കരാറില്‍ നിന്നും താഴോട്ട് പോകാനും സാധ്യതയുണ്ട്. നിലവില്‍ വൈസ് ക്യാപ്റ്റന്‍ സ്ഥാനവും നഷ്ടപ്പെട്ട രഹാനെക്ക് പൂര്‍ണ്ണമായും തഴയപ്പെടാതിരിക്കാന്‍ ബാറ്റിങ് മികവ് കാട്ടേണ്ടതായുണ്ട്.

ഇപ്പോഴിതാ തന്റെ മോശം ഫോമിനെ കുറിച്ചും ഓസ്‌ട്രേലിയയിലെ ടെസ്റ്റ് സീരീസ് ജയത്തെ കുറിച്ചും രഹാനെ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ മനസ്സ് തുറന്നിരിക്കുകയാണ്.
“എന്റെ കരിയർ അവസാനിച്ചുവെന്ന് ആളുകൾ പറയുമ്പോൾ ഞാൻ പുഞ്ചിരികാറാണ്, സ്‌പോർട്‌സ് അറിയുന്ന ആളുകൾ അങ്ങനെ സംസാരിക്കില്ല. ഓസ്‌ട്രേലിയയിൽ എന്താണ് സംഭവിച്ചതെന്ന് എല്ലാവർക്കും അറിയാം, ടെസ്റ്റ് ക്രിക്കറ്റിൽ  എന്റെ സംഭാവനയും. ക്രിക്കറ്റ് ഇഷ്‌ടമുള്ളവർ വിവേകത്തോടെ സംസാരിക്കും. ” ബാക്ക്സ്റ്റേജ് വിത് ബോറിയ എന്ന പരിപാടിയിൽ രഹാനെ പറഞ്ഞു.

അതേസമയം ഓസ്‌ട്രേലിയയിൽ തന്റെ വിജയകരമായ തീരുമാനത്തിൽ മറ്റൊരാൾ ക്രെഡിറ്റ് തട്ടിയെടുത്തതിനെ കുറിച്ചും രഹാനെ തന്റെ അഭിപ്രായം വ്യക്തമാക്കി. ആരാണെന്ന് വെളിപ്പെടുത്താതെയായിരുന്നു ഈ വിമർശനം. ” ഓസ്‌ട്രേലിയൻ സീരീസിൽ ഞാൻ എന്താണ് ചെയ്തതെന്ന് എനിക്കറിയാം, അതിനൊക്കെ ക്രെഡിറ്റുകൾ എടുക്കുന്നത് എന്റെ സ്വഭാവമല്ല. അതെ, കുറച്ച് തീരുമാനങ്ങൾ ഞാൻ എടുത്തിരുന്നു, പക്ഷേ മറ്റാരോ അതിന് ക്രെഡിറ്റ് എടുത്തു. എനിക്ക് പ്രധാന ലക്ഷ്യം പരമ്പര ജയിക്കുക എന്നതായിരുന്നു” രഹാനെ പറഞ്ഞു.

രവിശാസ്ത്രിയ്ക്ക് നേരെയാണോ രഹാനെയുടെ ഈ വിമർശനങ്ങൾ എന്ന് സോഷ്യൽ മീഡിയയിൽ ആരാധകരുടെ ചോദ്യമുയരുകയാണ്. ടെസ്റ്റ് സീരീസ് ജയിച്ചതിന് പിന്നാലെ ഈ ടീം കോഹ്ലി പടുത്തുയർത്തിയതാണെന്നും രവി ശാസ്ത്രി അന്ന് പറഞ്ഞിരുന്നു. “നിങ്ങൾ വിരാട് കോലിക്ക് ക്രെഡിറ്റ് നൽകണം.  അവൻ ഇവിടെ ഇല്ലായിരിക്കാം.  അവൻ നാട്ടിലേക്ക് തിരിച്ചു പോയിരിക്കുന്നു.  എന്നാൽ അദ്ദേഹത്തിന്റെ സ്വഭാവവും വ്യക്തിത്വവും ഈ ടീമിൽ എല്ലാവർക്കും കാണാനുണ്ട്. ” വിജയത്തിന് പിന്നാലെയുള്ള പ്രെസ് കോണ്ഫറന്സിൽ രവിശാസ്ത്രി പറഞ്ഞത്.