Skip to content

പരസ്പരം പഴിച്ച് രാഹുലും സൂര്യകുമാർ യാദവും ; കെഎൽ രാഹുലിന്റെ തകർപ്പൻ ഇന്നിങ്സിന് ദയനീയ അന്ത്യം – വീഡിയോ

വെസ്റ്റ്ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ടോസ് നഷ്ട്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 34 ഓവർ പിന്നിട്ടപ്പോൾ 4 വിക്കറ്റ് നഷ്ട്ടത്തിൽ 155 റൺസ് നേടിയിട്ടുണ്ട്. സൂര്യകുമാർ യാദവ് (67 പന്തിൽ 48) വാഷിങ്ടൺ സുന്ദർ (18 പന്തിൽ 12) എന്നിവരാണ് ക്രീസിൽ. ഇഷൻ കിഷൻ പകരം കെഎൽ രാഹുലിനെ ടീമിൽ ഉൾപ്പെടുത്തി കൊണ്ടാണ് ഇന്ത്യ രണ്ടാം മത്സരത്തിന് ഇറങ്ങിയത്. ടീമിൽ തിരിച്ചെത്തിയ രാഹുൽ ഓപ്പണിങ് ഇറങ്ങുമെന്ന് കരുതിയെങ്കിലും വമ്പൻ മാറ്റവുമായാണ് എത്തിയത്.

ഇത്തവണ രോഹിതിന് ഒപ്പം റിഷഭ് പന്താണ് ഓപ്പണിങ്ങിൽ ഇറങ്ങിയത്.
മൂന്നാം ഓവറിലെ അവസാന പന്തിൽ തന്നെ ക്യാപ്റ്റൻ രോഹിതിനെ പുറത്താക്കി വെസ്റ്റ് ഇൻഡീസ് ഓപ്പണിങ് കൂട്ടുകെട്ട് തകർത്തിരുന്നു. റോച്ചിന് ആയിരുന്നു വിക്കറ്റ്. പിന്നാലെ റിഷഭും കോഹ്‌ലിയും ചേർന്ന് ഇന്ത്യൻ സ്‌കോർ ഉയർത്തുന്നതിനിടെ 39ൽ വെച്ച് പുതിയ പൊസിഷനിൽ എത്തിയ റിഷഭ് പന്തിനെ നഷ്ടമായി. 34 പന്തിൽ നിന്ന് 18 റൺസ് നേടി അനാവശ്യ ഷോട്ട് കളിച്ചായിരുന്നു പുറത്തായത്.

അതേ ഓവറിലെ അവസാന പന്തിൽ കോഹ്ലിയും കീപ്പറിന് ക്യാച്ച് നൽകി മടങ്ങി. വെറും 18 റൺസ് മാത്രമാണ് നേടാനായത്. ഇതോടെ 43 റൺസിന് 3 വിക്കറ്റ് എന്ന നിലയിലേക്ക് ഇന്ത്യ കൂപ്പുകുത്തി. ശേഷം രാഹുലും സൂര്യകുമാർ യാദവും ചേർന്ന് രക്ഷാദൗത്യം ഏറ്റെടുക്കുകയായിരുന്നു. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 91 റൺസ് കൂട്ടിച്ചേർത്തു.

49 റൺസിൽ നിൽക്കേ റൺ ഔട്ടിലൂടെ രാഹുൽ പുറത്തായതോടെ മികച്ച കൂട്ടുകെട്ടിന് അവസാനമായി. രണ്ടാം റൺസിനായി ഓടാൻ ശ്രമിക്കുന്നതിനിടെയാണ് സ്‌ട്രൈക് എൻഡിൽ രാഹുൽ റൺ ഔട്ട് ആയത്. രണ്ടാം റൺസിനായി പകുതി ഓടി എത്തിയപ്പോൾ പൂർത്തിയാക്കാൻ പറ്റില്ലെന്ന് മനസ്സിലാക്കിയതോടെ തിരിച്ചോടാൻ ശ്രമം നടത്തിയെങ്കിലും അതിനുള്ള അവസരം ഉണ്ടായിരുന്നില്ല.

ഇന്ത്യൻ സ്‌കോർ അതിവേഗത്തിൽ രാഹുൽ ഉയർത്താൻ ശ്രമിക്കുന്നതിനിടെയായിരുന്നു ഇങ്ങനെയൊരു പുറത്താകൽ. 48 പന്തിൽ 4 ഫോറും 2 സിക്‌സും സഹിതം 49 റൺസ് നേടിയിരുന്നു. ആദ്യ മത്സരത്തിൽ ജയിച്ച ഇന്ത്യയ്ക്ക് ഇന്നത്തെ മത്സരത്തിൽ ജയിക്കാനായാൽ പരമ്പര നേടാനാകും. 11നാണ് ഈ സീരീസിലെ മൂന്നാം മത്സരം.