Skip to content

ക്രിക്കറ്റ് നിർത്തി അച്ഛനൊപ്പം പോയി ഓട്ടോ ഓടിക്കൂ, താൻ ഏറ്റുവാങ്ങിയ വിമർശനങ്ങളെ കുറിച്ച് മൊഹമ്മദ് സിറാജ്

2019 ഐ പി എൽ സീസണിലെ മോശം പ്രകടനത്തോടെ തൻ്റെ കരിയർ അവസാനിച്ചുവെന്ന് കരുതിയിരുന്നതായി ഇന്ത്യൻ പേസർ മൊഹമ്മദ് സിറാജ്. സീസണിലെ മോശം പ്രകടനത്തിന് ശേഷം രൂക്ഷമായ വിമർശനങ്ങളാണ് താൻ ഏറ്റുവാങ്ങിയതെന്നും അന്ന് എം എസ് ധോണി നൽകിയ വാക്കുകൾ തന്നെയേറെ സഹായിച്ചുവെന്നും സിറാജ് പറഞ്ഞു.

2019 സീസണിൽ ഏഴ് വിക്കറ്റ് മാത്രമായിരുന്നു സിറാജ് നേടിയത്. കൊൽക്കത്തയ്ക്കെതിരായ മത്സരത്തിൽ രണ്ട് ബീമറുകൾ എറിഞ്ഞതിനെ തുടർന്ന് താരത്തിന് തൻ്റെ ഓവർ പൂർത്തീകരിക്കാൻ സാധിച്ചില്ല. 2.2 ഓവറിൽ 36 റൺസാണ് മത്സരത്തിൽ സിറാജ് വഴങ്ങിയത്.

” 2019 ൽ ആർ സി ബിയ്ക്ക് വേണ്ടിയുള്ള എൻ്റെ പ്രകടനം വളരെ മോശമായിരുന്നു. എൻ്റെ ഐ പി എൽ കരിയർ അവസാനിച്ചുവെന്ന് ഞാൻ കരുതി. എന്നാൽ ഇനിയും എനിക്കേറെ സമയുമുണ്ടെന്ന് ഞാൻ മനസ്സിലാക്കുകയും എന്നിൽ വിശ്വാസമർപ്പിക്കുകയും ചെയ്തു. ആർ സി ബി മാനേജ്മെൻ്റ് എന്നെ പിന്തുണയ്ക്കുകയും ചെയ്തു. ”

” അത്തരത്തിലുള്ള ബൗളിങ് പ്രകടനം കാഴ്ച്ചവെച്ചാൽ മറ്റേതൊരു ഫ്രാഞ്ചൈസിയും ആ ബൗളറെ ഒഴിവാക്കും, പക്ഷേ അവരെന്നെ പിന്തുണച്ചു. തുടർന്ന് കെ കെ ആറിനെതിരായ മത്സരം എൻ്റെ ജീവിതം മാറ്റിമറിക്കുകയായിരുന്നു. ആ മത്സരത്തിൽ ഞാൻ രണ്ട് ബീമറുകൾ എറിഞ്ഞ ശേഷം എന്നോട് ക്രിക്കറ്റ് ഉപേക്ഷിച്ച് അച്ഛനോടൊപ്പം ഓട്ടോ ഓടിക്കാൻ ആവശ്യപെട്ടു, ഇത്തരത്തിൽ വ്യക്തിപരമായ ആക്ഷേപങ്ങൾ ഞാൻ നേരിട്ടു. എന്നാൽ ഇതിൻ്റെയെല്ലാം പിന്നിലുള്ള പോരാട്ടവും കഷ്ടപാടുകളും ആളുകൾ കാണുന്നില്ല. ” സിറാജ് പറഞ്ഞു.

” ആദ്യമായി സെലക്ഷൻ ലഭിച്ച ശേഷം എം എസ് ധോണി എന്നോട് പറഞ്ഞ കാര്യം ഞാൻ ഓർക്കുന്നു. ആളുകൾ എന്നെകുറിച്ച് പറയുന്നതെല്ലാം കേൾക്കേണ്ടതില്ലെന്ന് അദ്ദേഹം എന്നോട് പറഞ്ഞിരുന്നു. ‘ ഇന്ന് നിങ്ങൾ നല്ല പ്രകടനം കാഴ്ച്ചവെച്ചാൽ അവർ നിങ്ങളെ പ്രശംസിക്കും, നിങ്ങൾക്കതിന് സാധിച്ചില്ലെങ്കിൽ അതേ ആളുകൾ നിങ്ങളെ അധിക്ഷേപിക്കും. അതുകൊണ്ട് അവർ പറയുന്നതൊന്നും ഗൗരവമായി എടുക്കരുത്. ‘ അദ്ദേഹമെന്നോട് പറഞ്ഞു. അതുകൊണ്ട് തന്നെ എനിക്ക് ആരുടെയും അഭിപ്രായം വേണ്ട, ഞാൻ പഴയ സിറാജ് തന്നെയാണ്. ” ഇന്ത്യൻ പേസർ കൂട്ടിച്ചേർത്തു.