Skip to content

ഇന്ത്യയ്ക്കെതിരായ സെഞ്ചുറി, തകർപ്പൻ നേട്ടത്തിൽ സാക്ഷാൽ ആദം ഗിൽക്രിസ്റ്റിനെ പിന്നിലാക്കി ക്വിൻ്റൻ ഡീകോക്ക്

തകർപ്പൻ പ്രകടനമാണ് ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ക്വിൻ്റൺ ഡീകോക്ക് കാഴ്ച്ചവെച്ചത്. ദക്ഷിണാഫ്രിക്ക നാല് റൺസിന് വിജയിച്ച മത്സരത്തിൽ 130 പന്തിൽ 12 ഫോറും 2 സിക്സുമടക്കം 124 റൺസ് നേടിയാണ് ഡീകോക്ക് പുറത്തായത്. മത്സരത്തിലെ ഈ സെഞ്ചുറിയോടെ തകർപ്പൻ റെക്കോർഡ് കുറിച്ചിരിക്കുകയാണ് ഈ ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ. ഓസ്ട്രേലിയൻ ഇതിഹാസം ആദം ഗിൽക്രിസ്റ്റിനെയാണ് തകർപ്പൻ നേട്ടത്തിൽ ഡീകോക്ക് പിന്നിലാക്കിയത്.

( Picture Source : Twitter )

മത്സരത്തിൽ നാല് റൺസിന് വിജയിച്ച ദക്ഷിണാഫ്രിക്ക പരമ്പര 3-0 ന് തൂത്തുവാരിയിരുന്നു. മത്സരത്തിൽ ദക്ഷിണാഫ്രിക്ക ഉയർത്തിയ 288 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് 49.2 ഓവറിൽ 283 റൺസ് എടുക്കുന്നതിടെ എല്ലാ വിക്കറ്റും നഷ്ടമായി. മൂന്ന് മത്സരങ്ങളിൽ നിന്നും 76.33 ശരാശരിയിൽ 229 റൺസ് നേടിയ ഡീകോക്കാണ് പ്ലേയർ ഓഫ് ദി മാച്ചും പ്ലേയർ ഓഫ് ദി സിരീസും.

( Picture Source : BCCI )

ഏകദിന കരിയറിലെ പതിനേഴാം സെഞ്ചുറിയാണ് മത്സരത്തിൽ ഡീകോക്ക് കുറിച്ചത്. ഇതോടെ ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന രണ്ടാമത്തെ വിക്കറ്റ് കീപ്പറെന്ന ചരിത്രനേട്ടം ഡീകോക്ക് സ്വന്തമാക്കി. 16 സെഞ്ചുറി നേടിയിട്ടുള്ള മുൻ ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ ആദം ഗിൽക്രിസ്റ്റിനെ പിന്തള്ളിയാണ് ഈ പട്ടികയിൽ ഡീകോക്ക് രണ്ടാം സ്ഥാനത്തെത്തിയത്.

( Picture Source : Twitter )

274 ഇന്നിങ്സുകളിൽ നിന്നാണ് ആദം ഗിൽക്രിസ്റ്റ് ഏകദിന ക്രിക്കറ്റിൽ 16 സെഞ്ചുറി നേടിയത്. മറുഭാഗത്ത് വെറും 124 ഇന്നിങ്സിൽ നിന്നും 17 സെഞ്ചുറി നേടികൊണ്ടാണ് ഓസ്ട്രേലിയൻ ഇതിഹാസത്തെ ഡീകോക്ക് പിന്നിലാക്കിയത്.

340 ഇന്നിങ്സിൽ നിന്നും 23 സെഞ്ചുറി നേടിയിട്ടുള്ള ശ്രീലങ്കൻ ഇതിഹാസം കുമാർ സംഗക്കാരയാണ് ഈ നേട്ടത്തിൽ ഇനി ഡീകോക്കിന് മുൻപിലുള്ളത്.

( Picture Source : Twitter )