Skip to content

കോഹ്ലി ക്യാപ്റ്റനായിരുന്നെങ്കിലും അവർ കേട്ടിരുന്നത് അദ്ദേഹത്തിൻ്റെ വാക്കുകളാണ്, കുൽദീപ് – ചഹാൽ കൂട്ടുകെട്ടിന് പിന്നിലെ ധോണിയുടെ പങ്കിനെ കുറിച്ച് ദിനേശ് കാർത്തിക്

ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ഇന്ത്യൻ ടീമിൻ്റെ തുറപ്പുചീട്ടായിരുന്നു കുൽദീപ് – ചഹാൽ കോംബോ. 2017 ചാമ്പ്യൻസ് ട്രോഫി ഫൈനലിന് ശേഷം ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ മധ്യഓവറുകളിലടക്കം വിക്കറ്റ് വീഴ്ത്തികൊണ്ട് ഒരുപാട് മത്സരങ്ങളിൽ ഈ കോംബോ ഇന്ത്യൻ ടീമിനെ വിജയത്തിൽ എത്തിച്ചിരുന്നു. എന്നാൽ ഇന്ത്യൻ ടീമിൽ നിന്നും എം എസ് ധോണി വിടവാങ്ങിയതോടെ കുൽചാ കോംബോയുടെ പതനം ആരംഭിക്കുകയായിരുന്നു.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യ മധ്യഓവറുകളിൽ വിക്കറ്റ് നേടാൻ വിഷമിക്കുമ്പോൾ കുൽച്ചാ കോംബോയും അവരുടെ വിജയത്തിൽ എം എസ് ധോണി വഹിച്ച പങ്കിനെ കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ ദേശീയ താരം ദിനേശ് കാർത്തിക്. വിരാട് കോഹ്ലിയായിരുന്നു ക്യാപ്റ്റനെങ്കിലും കുൽദീപ് യാദവും യുസ്വേന്ദ്ര ചഹാലും കാതോർത്തിരുന്നത് എം എസ് ധോണിയുടെ വാക്കുകൾക്ക് വേണ്ടിയായിരുന്നുവെന്നും ദിനേശ് കാർത്തിക് പറഞ്ഞു.

” തീർച്ചയായും എം എസ് ധോണിയെ പോലെ ഒരാളുടെ അഭാവമാണ് അവരുടേ ബൗളിങിൻ്റെ ശക്തി ക്ഷയിപ്പിച്ചത്. ”

” കാരണം ധോണി എത്രമാത്രം അവരെ സഹായിച്ചിട്ടുണ്ടെന്ന് ഞാൻ കണ്ടിട്ടുള്ളതാണ്. നന്നായി പന്തെറിയുമ്പോൾ അവർക്ക് സഹായം ആവശ്യമില്ല. എന്നാൽ ആരെങ്കിലും റിവേഴ്സ് സ്വീപ് ചെയ്യുമ്പോഴോ സ്ലോഗ് സ്വീപ് ചെയ്യുമ്പോഴോ വളരെയധികം പരിചയസമ്പത്തുള്ള നിങ്ങൾ ഒരുപാട് സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു മനുഷ്യനിൽ നിന്നും വിവേകപൂർണമായ വാക്കുകൾ നിങ്ങൾക്ക് ലഭിക്കും. ധോണിയുടെ വാക്കുകൾ അവർ സ്വർണത്തേക്കാൾ വിലമതിക്കുകയും ധോണിയെ പൂർണമായി വിശ്വസിക്കുകയും ചെയ്യുന്നു. ” ദിനേശ് കാർത്തിക് പറഞ്ഞു.

” ആ മത്സരങ്ങളിൽ എല്ലാം തന്നെ കോഹ്ലിയായിരുന്നു ക്യാപ്റ്റൻ. പക്ഷേ അവർ ആരെയാണ് കേട്ടുകൊണ്ടിരുന്നത് ? സത്യസന്ധമായി പറഞ്ഞാൽ അത് എം എസ് ധോണിയെയാണ്. ഫീൽഡ് എങ്ങനെ സെറ്റ് ചെയ്യണം, ഏത് ലൈനിൽ പന്തെറിയണം, ബാറ്റ്സ്മാൻ എന്തായിരിക്കും ചിന്തിക്കുന്നത്, ഈ മൂന്ന് ചോദ്യങ്ങളാണ് അവരുടെ മനസ്സിൽ അലയടിക്കുന്നത്. ഈ മൂന്ന് ചോദ്യങ്ങൾക്കും ഏറ്റവും മികച്ച ഉത്തരം നൽകാനാകുന്നത് വിക്കറ്റ് കീപ്പർക്കായിരിക്കും. അത് എം എസ് ധോണിയായിരുന്നു. അവരെ നന്നായി നയിക്കാൻ ധോണിയ്ക്ക് സാധിച്ചിട്ടുണ്ട്. ”

” ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി സ്പിന്നർമാർ എത്രത്തോളം മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നതെന്ന് നോക്കൂ. അതിനൊരു കാരണം ഉണ്ടാകില്ലേ ? രവീന്ദ്ര ജഡേജ അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിക്കുമ്പോൾ വൈറ്റ് ബോൾ ക്രിക്കറ്റിൽ വിവിധ സമയങ്ങളിൽ ബുദ്ധിമുട്ടുന്നു. എന്നാൽ സി എസ് കെ യിലേക്ക് മടങ്ങുമ്പോൾ അവൻ മികച്ച പ്രകടനം പുറത്തെടുക്കുന്നു. മിച്ചൽ സാൻ്റ്നർ ചെന്നൈയ്ക്ക് വേണ്ടി തിളങ്ങി, ഇമ്രാൻ താഹിർ അവരുടെ മാച്ച് വിന്നറായിരുന്നു. ” ദിനേശ് കാർത്തിക് കൂട്ടിച്ചേർത്തു.