Skip to content

ഏകദിന പരമ്പരയിലെ സമ്പൂർണ പരാജയം, നാണക്കേടിൻ്റെ റെക്കോർഡ് സ്വന്തമാക്കി കെ എൽ രാഹുൽ

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യ സമ്പൂർണ പരാജയം ഏറ്റുവാങ്ങിയതിന് പുറകെ നാണക്കേടിൻ്റെ റെക്കോർഡ് സ്വന്തമാക്കി കെ എൽ രാഹുൽ. രോഹിത് ശർമ്മയുടെ അഭാവത്തിൽ കെ എൽ രാഹുലായിരുന്നു പരമ്പരയിൽ ഇന്ത്യയെ നയിച്ചത്. പരമ്പരയിലെ മൂന്നാം മത്സരത്തിലും ഇന്ത്യ അടിയറവ് പറഞ്ഞതോടെയാണ് ഈ മോശം റെക്കോർഡ് കെ എൽ രാഹുൽ സ്വന്തമാക്കിയത്.

( Picture Source : BCCI )

മൂന്നാം ഏകദിനത്തിൽ നാല് റൺസിനാണ് ഇന്ത്യ പരാജയപെട്ടത്. ദക്ഷിണാഫ്രിക്ക ഉയർത്തിയ 288 റൺസിൻ്റെ വിജലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് 49.2 ഓവറിൽ 283 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ട്ടമായി. ഇന്ത്യയ്ക്ക് വേണ്ടി വിരാട് കോഹ്ലി 84 പന്തിൽ 65 റൺസും ശിഖാർ ധവാൻ 73 പന്തിൽ 61 റൺസും നേടി പുറത്തായി. 34 പന്തിൽ 54 റൺസ് നേടിയ ദീപക് ചഹാർ അവസാന ഓവറുകളിൽ ഇന്ത്യക്കായി പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല.

( Picture Source : BCCI )

മത്സരത്തിലെ പരാജയത്തോടെ ഏകദിന ക്രിക്കറ്റിൽ ആദ്യ മൂന്ന് മത്സരങ്ങളും പരാജയപെടുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റനെന്ന മോശം റെക്കോർഡ് കെ എൽ രാഹുൽ സ്വന്തമാക്കി. ഇതിനുമുൻപ് നാല് ഇന്ത്യൻ ക്യാപ്റ്റന്മാർ നായകനായുള്ള ആദ്യ രണ്ട് ഏകദിനങ്ങളിൽ പരാജയപെട്ടിട്ടുണ്ടെങ്കിലും ആരും തന്നെ ആദ്യ മൂന്ന് ഏകദിന മത്സരങ്ങളിൽ പരാജയപെട്ടിട്ടില്ല.

( Picture Source : BCCI )

ഐ പി എല്ലിൽ പഞ്ചാബ് കിങ്സിൻ്റെ ക്യാപ്റ്റൻ ആയിരുന്നുവെങ്കിലും ലിസ്റ്റ് എ ക്രിക്കറ്റിൽ ഇതിനുമുൻപ് കെ എൽ രാഹുൽ ടീമിനെ നയിച്ചിട്ടില്ലായിരുന്നു. ക്യാപ്റ്റൻസിയിലെ കുറഞ്ഞ പരിചയസമ്പത്ത് താരത്തിന് തിരിച്ചടിയായത് ഒപ്പം അനാവശ്യ റെക്കോർഡും കെ എൽ രാഹുൽ സ്വന്തം പേരിൽ കുറിച്ചു.

പരമ്പരയിൽ ബാറ്റിങിലും മികവ് പുലർത്തുവാൻ കെ എൽ രാഹുലിന് സാധിച്ചില്ല. ആദ്യ മത്സരത്തിൽ 17 പന്തിൽ 12 റൺസ് നേടി പുറത്തായ താരം രണ്ടാം മത്സരത്തിൽ 79 പന്തിൽ 55 റൺസും മൂന്നാം മത്സരത്തിൽ 10 പന്തിൽ 9 റൺസും നേടി പുറത്തായി.

( Picture Source : BCCI )