അവൻ്റെ ബൗളിങിന് പഴയ മൂർച്ചയില്ല, ഇന്ത്യൻ ബൗളിങ് നിരയുടെ പോരായ്മകൾ ചൂണ്ടിക്കാട്ടി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തിലെ പരാജയത്തിന് പുറകെ ഇന്ത്യൻ ബൗളിങ് നിരയുടെ പോരായ്മകൾ ചൂണ്ടികാട്ടി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഇന്ത്യ 31 റൺസിന് പരാജയപെട്ട മത്സരത്തിൽ ജസ്പ്രീത് ബുംറ മാത്രമാണ് മികച്ച പ്രകടനം കാഴ്ച്ചവെച്ചത്. മത്സരത്തിലെ ഭുവനേശ്വർ കുമാറിൻ്റെയും സ്പിന്നർമാരുടെയും പ്രകടനത്തെ വിലയിരുത്തിയ ആകാശ് ചോപ്ര ഭുവനേശ്വർ കുമാറിൻ്റെ ബൗളിങിന് പഴയ മൂർച്ചയില്ലയെന്നും കൂട്ടിചേർത്തു.

( Picture Source : BCCI )

മത്സരത്തിൽ പത്തോവറിൽ 64 റൺസ് ഭുവനേശ്വർ കുമാർ വഴങ്ങിയിരുന്നു. വിക്കറ്റൊന്നും നേടാൻ ഇന്ത്യയുടെ സീനിയർ ബൗളർക്ക് സാധിച്ചില്ല. അശ്വിൻ 53 റൺസ് വഴങ്ങി ഒരു വിക്കറ്റ് നേടിയപ്പോൾ ടീമിൽ തിരിച്ചെത്തിയ ചഹാലിന് വിക്കറ്റൊന്നും നേടുവാൻ സാധിച്ചില്ല. ബാറ്റിങ് എന്ന പോലെ മധ്യനിരയിൽ മികവ് പുലർത്താൻ ഇന്ത്യൻ ബൗളർമാർക്ക് സാധിച്ചില്ല. അരങ്ങേറ്റം കുറിച്ച ഓൾ റൗണ്ടർ വെങ്കടേഷ് അയ്യർക്ക് ക്യാപ്റ്റൻ കെ എൽ രാഹുൽ ബൗളിങ് നൽകിയതുമില്ല.

( Picture Source : BCCI )

” ന്യൂ ബോളിൽ മലാനെ പുറത്താക്കുവാൻ ബുംറയ്ക്ക് സാധിച്ചു. അത് നല്ലൊരു ഡെലിവറിയായിരുന്നു. ഭുവനേശ്വർ കുമാർ തുടക്കത്തിൽ കുഴപ്പമില്ലാതെ പന്തെറിഞ്ഞു. എന്നാൽ പിന്നീട് അവൻ്റെ ബൗളിങിന് മൂർച്ചയില്ലായിരുന്നു. ഇത് സ്ഥിരമായ പ്രശ്നമായി മാറിയിരിക്കുന്നു. ”

” ഇതിപ്പോൾ ഉണ്ടായ പ്രശ്നമല്ല. കഴിഞ്ഞ 12 – 15 മാസമായി ഇത് കാണുന്നു. ഈ കാലയളവിൽ അവൻ്റെ മികച്ച പ്രകടനം നമ്മൾ കണ്ടിട്ടില്ല. ഇതൽപ്പം നിരാശപ്പെടുത്തുന്ന കാര്യമാണ്. ഷാർദുൽ താക്കൂർ അവൻ്റെ പരമാവധി ശ്രമിച്ചെങ്കിലും ഒന്നും ചെയ്യാൻ സാധിച്ചില്ല. ” ആകാശ് ചോപ്ര പറഞ്ഞു.

( Picture Source : BCCI )

” മധ്യ ഓവറുകളിൽ നിങ്ങൾക്ക് വിക്കറ്റ് നേടുവാൻ സാധിക്കുന്നില്ല. ഇത് ഇന്ത്യൻ ടീമിൻ്റെ പ്രശ്നമാണ്. അശ്വിൻ റൺസ് അധികം വഴങ്ങിയില്ല, രണ്ടു സ്പിന്നർമാരും പത്തോവറിൽ 53 റൺസാണ് വഴങ്ങിയത്. എന്നാൽ വിക്കറ്റ് നേടിയില്ലയെങ്കിൽ അതുകൊണ്ട് എന്താണ് പ്രയോജനം. നിങ്ങൾ 72 റൺസ് വഴങ്ങിയാലും മൂന്ന് വിക്കറ്റ് നേടിയാൽ ഞാൻ തൃപ്തനാണ്. ”

( Picture Source : BCCI )

” അധിക ബൗളിങ് ഓപ്ഷനായാണ് വെങ്കടെഷ് അയ്യരെ ടീമിൽ ഉൾപ്പെടുത്തിയത്. എന്നാൽ അവന് നിങ്ങൾ ബൗളിങ് നൽകിയില്ല. ബൗളിങ് നൽകുന്നില്ലയെങ്കിൽ പിന്നെയെന്തിനാണ് അവനെ കളിപ്പിക്കുന്നത്. ആറാം നമ്പറിൽ ബാറ്റ് ചെയ്യാൻ വേണ്ടി മാത്രമോ ? ” ആകാശ് ചോപ്ര കൂട്ടിചേർത്തു.

( Picture Source : BCCI )