Skip to content

കഴിഞ്ഞ വർഷത്തെ മികച്ച ടെസ്റ്റ് ടീമിനെ തിരഞ്ഞെടുത്ത് ഐസിസി, ടീമിൽ മൂന്ന് ഇന്ത്യൻ താരങ്ങൾ

കഴിഞ്ഞ വർഷം ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെച്ച താരങ്ങളെ ഉൾപെടുത്തി 2021 ലെ ടെസ്റ്റ് ഇലവൻ പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. ഏകദിന ടീമിലും ടി20 ടീമിലും ഇന്ത്യൻ താരങ്ങൾക്ക് ഇടം നേടാൻ സാധിച്ചില്ലയെങ്കിലും 2021 ലെ ടെസ്റ്റ് ടീമിൽ ഇടം നേടുവാൻ മൂന്ന് ഇന്ത്യൻ താരങ്ങൾക്ക് സാധിച്ചു.

ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസനെയാണ് ക്യാപ്റ്റനായി ഐസിസി ടീമിൽ ഉൾപെടുത്തിയിരിക്കുന്നത്. പ്രഥമ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ന്യൂസിലാൻഡിനെ വിജയത്തിലെത്തിച്ച വില്യംസൺ നാല് മത്സരങ്ങളിൽ നിന്നും 65.83 ശരാശരിയിൽ 395 റൺസ് കഴിഞ്ഞ വർഷം നേടിയിരുന്നു.

( Picture Source : Twitter )

രോഹിത് ശർമ്മയ്ക്കൊപ്പം റിഷഭ് പന്തും രവിചന്ദ്രൻ അശ്വിനുമാണ് ടീമിൽ ഇടം നേടിയ ഇന്ത്യൻ താരങ്ങൾ. കഴിഞ്ഞ വർഷം ടെസ്റ്റിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയത് രോഹിത് ശർമ്മയായിരുന്നു. 47.68 ശരാശരിയിൽ രണ്ട് സെഞ്ചുറിയടക്കം 906 റൺസ് ഹിറ്റ്മാൻ കഴിഞ്ഞ വർഷം നേടിയിരുന്നു. ജോ റൂട്ടിന് ശേഷം കഴിഞ്ഞ വർഷം ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയത് രോഹിത് ശർമ്മയായിരുന്നു.

ടീമിലെ വിക്കറ്റ് കീപ്പറായാണ് റിഷഭ് പന്ത് സ്ഥാനം നേടിയത്. കഴിഞ്ഞ വർഷം ടെസ്റ്റിൽ ഇന്ത്യയ്ക്കായി തകർപ്പൻ പ്രകടനമാണ് താരം കാഴ്ച്ചവെച്ചത്. 12 മത്സരങ്ങളിൽ നിന്നും 39.36 ശരാശരിയിൽ 748 റൺസ് പന്ത് കഴിഞ്ഞ വർഷം നേടിയിരുന്നു.

കഴിഞ്ഞ വർഷം ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയത് രവിചന്ദ്രൻ അശ്വിനായിരുന്നു. 9 മത്സരങ്ങളിൽ നിന്നും 54 വിക്കറ്റ് അശ്വിൻ ഇന്ത്യയ്ക്കായി വീഴ്ത്തി. ബൗളിങിൽ മാത്രമല്ല ബാറ്റിങിലും മികച്ച പ്രകടമാണ് അശ്വിൻ കാഴ്ച്ചവെച്ചത്. ഒരു സെഞ്ചുറിയടക്കം 25.35 ശരാശരിയിൽ 355 റൺസ് കഴിഞ്ഞ വർഷം അശ്വിൻ നേടിയിരുന്നു.

രവിചന്ദ്രൻ അശ്വിനൊപ്പം കെയ്ൽ ജാമിൻസൻ, ഹസൻ അലി, ഷഹീൻ അഫ്രീദി എന്നിവരെയാണ് ബൗളർമാരായി ടീമിൽ ഉൾപെടുത്തിയിരിക്കുന്നത്. രോഹിത് ശർമ്മ, ശ്രീലങ്കൻ ബാറ്റർ ധിമുത് കരുണരത്നെ, ഓസ്ട്രേലിയൻ യുവതാരവും ഒന്നാം നമ്പർ ടെസ്റ്റ് ബാറ്റ്സ്മാനുമായ മാർനസ് ലാബുഷെയ്ൻ, കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ റൺസ് നേടിയ ജോ റൂട്ട്, ക്യാപ്റ്റൻ കെയ്ൻ വില്യംസൻ, ഫവാദ് അലം എന്നിവരാണ് ടീമിലെ ബാറ്റ്സ്മാൻമാർ.

ടെസ്റ്റ് ടീം ഓഫ് ദി ഇയർ 2021 ; ധിമുത് കരുണരത്നെ, രോഹിത് ശർമ്മ, മാർനസ് ലാബുഷെയ്ൻ, ജോ റൂട്ട്, കെയ്ൻ വില്യംസൻ (c), ഫവാദ് അലം, റിഷഭ് പന്ത് (wk), രവിചന്ദ്രൻ അശ്വിൻ, കെയ്ൽ ജാമിൻസൻ, ഹസൻ അലി, ഷഹീൻ അഫ്രീദി.