Skip to content

പത്താൻ ബ്രദേഴ്സ് തിളങ്ങി, ലെജൻഡ്സ് ക്രിക്കറ്റ് ലീഗിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ മഹാരാജാസിന് തകർപ്പൻ വിജയം

ഇതിഹാസ താരങ്ങൾ മാറ്റുരയ്ക്കുന്ന ലെജൻഡ്സ് ലീഗ് ക്രിക്കറ്റിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ മഹാരാജാസിന് തകർപ്പൻ വിജയം. പാകിസ്ഥാൻ താരങ്ങളും ശ്രീലങ്കൻ താരങ്ങളും അണിനിരന്ന ഏഷ്യൻ ലയൺസിനെതിരായ മത്സരത്തിൽ 6 വിക്കറ്റിനായിരുന്നു ഇന്ത്യൻ മഹാരാജാസിൻ്റെ വിജയം. മത്സരത്തിൽ ഏഷ്യൻ ലയൺസ് ഉയർത്തിയ 176 റൺസിൻ്റെ വിജയലക്ഷ്യം 19.1 ഓവറിൽ നാല് വിക്കറ്റ് ഇന്ത്യൻ മഹാരാജാസ് മറികടന്നു. യൂസഫ് പത്താൻ്റെയും സഹോദരൻ ഇർഫാൻ പത്താൻ്റെയും തകർപ്പൻ പ്രകടനമാണ് ഇന്ത്യൻ മഹാരാജാസിന് വിജയം സമ്മാനിച്ചത്.

വിജയലക്ഷ്യം പിന്തുടരുന്നതിനിടെ ഒരു ഘട്ടത്തിൽ 34 റൺസിന് മൂന്ന് വിക്കറ്റ് ഇന്ത്യൻ മഹാരാജാസിന് നഷ്ടപെട്ടിരുന്നു. തുടർന്ന് നാലാം വിക്കറ്റിൽ 117 റൺസ് കൂട്ടിചേർത്ത ക്യാപ്റ്റൻ മൊഹമ്മദ് കൈഫും യൂസഫ് പത്താനുമാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. 40 പന്തിൽ 9 ഫോറും 5 സിക്സും ഉൾപ്പടെ 80 റൺസ് നേടിയാണ് യൂസഫ് പത്താൻ പുറത്തായത്. ശേഷം ക്രീസിലെത്തിയ ഇർഫാൻ പത്താൻ 10 പന്തിൽ പുറത്താകാതെ 21 റൺസ് നേടി അതിവേഗം ടീമിനെ വിജയത്തിലെത്തിച്ചു. മൊഹമ്മദ് കൈഫ് 37 പന്തിൽ പുറത്താകാതെ 42 റൺസ് നേടി.

നാലോവറിൽ 21 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് നേടിയ ഷൊഹൈബ് അക്തറാണ് ഏഷ്യൻ ലയൺസിന് വേണ്ടി മികച്ച ബൗളിങ് പ്രകടനം കാഴ്ച്ചവെച്ചത്.

നേരത്തേ ആദ്യം ബാറ്റ് ചെയ്ത ഏഷ്യൻ ലയൺസ് 46 പന്തിൽ 66 റൺസ് നേടിയ ഉപുൽ തരംഗയുടെയും 30 പന്തിൽ 44 റൺസ് നേടിയ മിസ്ബ ഉൾ ഹഖിൻ്റെയും മികവിലാണ് മികച്ച സ്കോർ നേടിയത്. ഇന്ത്യൻ മഹാരാജാസിന് വേണ്ടി ഗോണി മൂന്ന് വിക്കറ്റും ഇർഫാൻ പത്താൻ 22 റൺസ് വഴങ്ങി 2 വിക്കറ്റും നേടി.

( Picture Source : Twitter )