ഇനി ക്രിക്കറ്റ് ആസ്വദിക്കാനുള്ള സമയം, ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞ കോഹ്ലിയുടെ തീരുമാനത്തെ പിന്തുണച്ച് ഷാഹിദ് അഫ്രീദി

ഇന്ത്യൻ ടെസ്റ്റ് ടീമിൻ്റെ ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞ വിരാട് കോഹ്ലിയുടെ തീരുമാനത്തെ പിന്തുണച്ച് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി. വിരാട് കോഹ്ലിയുടെ തീരുമാനം തീർത്തും ശരിയാണെന്ന് പറഞ്ഞ അഫ്രീദി തൻ്റെ അഭിപ്രായത്തിന് പിന്നിലെ കാരണവും വെളിപ്പെടുത്തി.

കേപ് ടൗൺ ടെസ്റ്റിലെ പരാജയത്തിന് പുറകെ ഇന്ത്യൻ ടെസ്റ്റ് ടീമിൻ്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞുകൊണ്ട് കോഹ്ലി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്. ഇന്ത്യയെ നയിക്കാൻ അവസരം നൽകിയ ബിസിസിഐയ്ക്കും ഇന്ത്യയെ മുന്നോട്ട് നയിക്കാൻ തന്നെ തിരഞ്ഞെടുത്ത എം എസ് ധോണിയ്ക്കും നന്ദി പറഞ്ഞുകൊണ്ടാണ് ഏഴ് വർഷത്തിന് ശേഷം കോഹ്ലി ഇന്ത്യൻ ടെസ്റ്റ് ടീമിൻ്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞത്.

” എൻ്റെ അഭിപ്രായത്തിൽ ഇത് നല്ല തീരുമാനമാണ്, വിരാട് വേണ്ടത്ര ക്രിക്കറ്റ് കളിക്കുകയും വളരെ നല്ല രീതിയിൽ ഇന്ത്യൻ ടീമിനെ നയിക്കുകയും ചെയ്തിട്ടുണ്ട്. ഇത് ശരിയായ തീരുമാനമാണെന്ന് ഞാൻ വിശ്വസിക്കുന്നു. സമ്മർദ്ദം നേരിടാൻ കഴിയാത്ത ഒരു ഘട്ടമുണ്ടാകും, അത് നിങ്ങളുടെ വ്യക്തിഗത പ്രകടനത്തെയും ബാധിക്കും. വളരെ കാലം ഉയർന്ന തലത്തിൽ തന്നെ കോഹ്ലി ക്യാപ്റ്റായിട്ടുണ്ട്. ഒരു ബാറ്റ്സ്മാൻ എന്ന നിലയിൽ ഇനി അവന് ക്രിക്കറ്റ് ആസ്വദിക്കാനുള്ള സമയമാണ് ” ഒരു പാകിസ്ഥാൻ മാധ്യമത്തിൽ അഫ്രീദി പറഞ്ഞു.

” അഫ്രീദി പറഞ്ഞതുപോലെ ഒരാൾ ആസ്വദിക്കുന്നിടത്തോളം അവർക്ക് തുടരാം. കോഹ്ലി ടീമിനെ നയിച്ച രീതിയും ടീമിൽ കൊണ്ടുവന്ന ഫിറ്റ്നസ് സംസ്കാരവും കഴിഞ്ഞ എഴ് വർഷം കൊണ്ട് ക്യാപ്റ്റനെന്ന നിലയിൽ നേടിയതെല്ലാം ഇന്ത്യൻ ടീമിന് വളരെ വലുതാണ്. അവൻ്റെ തീരുമാനത്തെ എല്ലാവരും മാനിക്കുന്നു. ഒരുപക്ഷേ ഇനി ക്രിക്കറ്റ് ആസ്വദിക്കാൻ അവൻ തീരുമാനിച്ചിട്ടുണ്ടാകും, അതിൽ ക്യാപ്റ്റൻസി ഒരു ഭാരമാണെങ്കിൽ അതിൽ നിന്നും പിന്മാറാം. ” ചർച്ചയിൽ അഫ്രീദിയ്ക്കൊപ്പമുണ്ടായിരുന്ന അഫ്ഗാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാൻ പറഞ്ഞു.

ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റനായാണ് കോഹ്ലി തൻ്റെ സ്ഥാനം ഒഴിഞ്ഞത്. നയിച്ച 68 മത്സരങ്ങളിൽ 40 മത്സരങ്ങളിലും ഇന്ത്യയെ വിജയത്തിലെത്തിച്ച കോഹ്ലി ഓസ്ട്രേലിയയിൽ ആദ്യമായി ഇന്ത്യയ്ക്ക് ടെസ്റ്റ് പരമ്പരയും നേടികൊടുത്തു. ലോകോത്തര പേസ് നിരയെ ഇന്ത്യയ്ക്ക് സന്നനിച്ചതിൽ പ്രാധാനപങ്കും വഹിച്ചത് കോഹ്ലിയായിരുന്നു. ടെസ്റ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറിയും റൺസും നേടിയ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയാണ് കോഹ്ലി.