Skip to content

ഇന്ത്യയ്ക്ക് പുറത്തുപോയി ഏതൊരു ടീമിനെയും തോൽപ്പിക്കാൻ പഠിപ്പിച്ചത് അവനാണ്, കോഹ്ലിയുടെ ക്യാപ്റ്റൻസിയെ കുറിച്ച് കെ എൽ രാഹുൽ

വിദേശത്ത് മറ്റു ടീമുകളെ തോൽപ്പിക്കാൻ ഇന്ത്യയെ പഠിപ്പിച്ചത് വിരാട് കോഹ്ലിയാണെന്ന് ഇന്ത്യൻ സ്റ്റാൻഡ് ഇൻ ക്യാപ്റ്റൻ കെ എൽ രാഹുൽ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്ക് മുൻപായി നടന്ന പ്രസ്സ് കോൺഫ്രൻസിലാണ് കെ രാഹുൽ വിരാട് കോഹ്ലിയുടെ ക്യാപ്റ്റൻസിയെ കുറിച്ച് മനസ്സുതുറന്നത്. വിരാട് കോഹ്ലിയുടെ ക്യാപ്റ്റൻസിയിൽ നിന്നും താൻ പഠിച്ച കാര്യങ്ങളും കെ എൽ രാഹുൽ തുറന്നുപറഞ്ഞു.

 

ഏകദിനത്തിൽ ഇതാദ്യമായാണ് കെ എൽ രാഹുൽ ഇന്ത്യയെ നയിക്കുന്നത്. പരിക്ക് മൂലം രോഹിത് ശർമ്മയ്ക്ക് പര്യടനം നഷ്ടപെട്ടതോടെയാണ് കെ എൽ രാഹുലിനെ ബിസിസിഐ ക്യാപ്റ്റനായി നിയമിച്ചത്. നേരത്തേ ദക്ഷിണാഫ്രക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തോടെയാണ് ക്യാപ്റ്റൻസിയിൽ കെ രാഹുൽ അരങ്ങേറ്റം കുറിച്ചത്. ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയാണ് പരമ്പരയിൽ ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ.


( Picture Source : BCCI )

” കോഹ്ലിയ്ക്ക് കീഴിൽ അത്ഭുതകരമായ പ്രകടനം ഇന്ത്യ കാഴ്ച്ചവെച്ചിട്ടുണ്ട്. ഇന്ത്യയ്ക്ക് പുറത്ത് പരമ്പരകൾ നേടാൻ ഞങ്ങൾക്ക് സാധിച്ചു, അതിനുമുൻപ് ഇന്ത്യയ്ക്കതിന് സാധിച്ചിരുന്നില്ല. എല്ലാ രാജ്യങ്ങളിൽ പോകുവാനും പരമ്പരകൾ വിജയിക്കാനും ഞങ്ങൾക്ക് സാധിച്ചു. ഒരുപാട് കാര്യങ്ങൾ കോഹ്ലി ശരിയായി നടപ്പിലാക്കി, ഞങ്ങൾക്ക് എല്ലാവർക്കും ഒപ്പം ടീം ഇന്ത്യയ്ക്കും ഇതിനകം ഒരു മാനദണ്ഡം സജ്ജമാക്കുവാൻ കോഹ്ലിക്ക് സാധിച്ചു. മുൻപോട്ട് പോകുമ്പോൾ എൻ്റെയോ ടീമിൻ്റെയോ ജോലിയെന്നത് അവൻ പാകിയ അടിത്തറയിൽ കെട്ടിപടുക്കുകയെന്നതാണ്. “

( Picture Source : BCCI )

” ഒരു ചാമ്പ്യൻ ടീമാകാൻ വേണ്ടത്തെന്താണെന്ന് ഞങ്ങൾക്കറിയാം. നേതൃത്വത്തിൻ്റെ കാര്യമെടുത്താൽ എല്ലാവരിൽ നിന്നും മികച്ച പ്രകടനം പുറത്തെടുപ്പിക്കാനുള്ള കഴിവ് കോഹ്ലിയ്ക്ക് ഉണ്ടായിരുന്നു. അവൻ ഞങ്ങളെ പ്രോത്സാഹിപ്പിക്കുകയും അസാധാരണ ചെയ്യാൻ സാധിക്കുമെന്ന വിശ്വാസവും ഞങ്ങൾക്ക് നൽകി. ഞാൻ അവനിൽ പഠിച്ച കാര്യങ്ങൾ ഇതെല്ലാമാണ്. ടീമിനൊപ്പം എനിക്കത് ചെയ്യാനാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ” കെ എൽ രാഹുൽ പറഞ്ഞു.

( Picture Source : BCCI )

” ടെസ്റ്റ് ക്രിക്കറ്റിനോടും പൊതുവേ ക്രിക്കറ്റിനോടും കോഹ്ലി എത്രമാത്രം പാഷനേറ്റ് ആണെന്ന് എല്ലാവർക്കുമറിയാം. അവൻ ടീമിനെ മുന്നിൽ നിന്ന് നയിച്ചു, ടീമിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവന്നു. ഇപ്പോൾ ടീമിൽ നിലനിൽക്കുന്ന വിജയിക്കുമെന്ന വിശ്വാസത്തിന് കാരണം കോഹ്ലിയെന്ന നേതാവാണ്. ഇന്ത്യയ്ക്ക് പുറത്തുപോയി ഏതൊരു ടീമിനെയും തോൽപിക്കാമെന്ന വിശ്വാസം ഞങ്ങളിൽ ഉണ്ടാക്കിയത് കോഹ്ലിയാണ്. അത് തുടരാനും അതിൽ കെട്ടിപ്പടുക്കാനും ഒരു ടീമെന്ന നിലയിൽ മെച്ചപ്പെടാനുമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ” കെ എൽ രാഹുൽ കൂട്ടിചേർത്തു.

( Picture Source : BCCI )