Skip to content

എൻ്റെ സൂപ്പർഹീറോ, നിങ്ങളാണ് എല്ലായ്പ്പോഴും എൻ്റെ ക്യാപ്റ്റൻ, വിരാട് കോഹ്ലിയെ കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് മൊഹമ്മദ് സിറാജ്

ഇന്ത്യൻ ടെസ്റ്റ് ടീമിൻ്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ വിരാട് കോഹ്ലിയ്ക്ക് ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് ഇന്ത്യൻ പേസർ മൊഹമ്മദ് സിറാജ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ കേപ് ടൗൺ ടെസ്റ്റിന് പുറകെയാണ് കോഹ്ലി അപ്രതീക്ഷിതമായി ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞത്.

2014 ലെ ഓസ്ട്രേലിയൻ പര്യടത്തിലാണ് കോഹ്ലി ഇന്ത്യൻ ടെസ്റ്റ് ടീമിൻ്റെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തത്. കോഹ്ലിയുടെ ക്യാപ്റ്റൻസിയിൽ കഴിഞ്ഞ 6 വർഷം മുതൽ ഐസിസി ടെസ്റ്റ് റാങ്കിങിൽ ഇന്ത്യ ഒന്നാം സ്ഥാനത്താണുള്ളത്. ഇന്ത്യയെ ഏറ്റവും കൂടുതൽ ടെസ്റ്റ് മത്സരങ്ങളിൽ വിജയത്തിലെത്തിച്ച കോഹ്ലി പ്രഥമ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ടീമിനെ ഫൈനലിൽ എത്തിക്കുകയും ചെയ്തു.

” എൻ്റെ സൂപ്പർഹീറോയോട്, നിങ്ങളിൽ നിന്നും ലഭിക്കുന്ന പിന്തുണയ്ക്കും പ്രോത്സാഹനത്തിനും എനിക്ക് വേണ്ടത്ര നന്ദി പറയാനാകില്ല, നിങ്ങൾ എല്ലായ്പ്പോഴും എനിക്ക് ഒരു നല്ല സഹോദരനായിരുന്നു. ഈ വർഷങ്ങളിലെല്ലാം എന്നെ പിന്തുണച്ചതിനും വിശ്വസിച്ചതിനും നന്ദി. നിങ്ങളായിരിക്കും എപ്പോഴും എൻ്റെ ക്യാപ്റ്റൻ കിങ് കോഹ്ലി. “. മൊഹമ്മദ് സിറാജ് കുറിച്ചു.

ഏകദിനത്തിലും അന്താരാഷ്ട്ര ടി20യിലും കോഹ്ലിയുടെ കീഴിലാണ് സിറാജ് ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചത്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൽ കോഹ്ലിയുടെ സഹതാരം കൂടിയായിരുന്ന മൊഹമ്മദ് സിറാജ് കോഹ്ലിയ്ക്ക് കീഴിൽ എട്ട് ടെസ്റ്റ് മത്സരങ്ങൾ കളിക്കുകയും 23 വിക്കറ്റുകൾ നേടുകയും ചെയ്തിട്ടുണ്ട്.

ടെസ്റ്റ് ക്രിക്കറ്റിലെ തകർപ്പൻ പ്രകടനത്തോടെ ഒരിടവേളയ്ക്ക് ശേഷം ഇന്ത്യൻ ഏകദിന ടീമിൽ തിരിച്ചെത്തിയിരിക്കുകയാണ് സിറാജ്. 2019 ൽ അഡ്ലെയ്‌ഡിൽ ഓസ്ട്രേലിയക്കെതിരെ അരങ്ങേറ്റം കുറിച്ച സിറാജിന് പിന്നീട് ഏകദിന ടീമിൽ അവസരം ലഭിച്ചിട്ടില്ല. മത്സരത്തിൽ 10 ഓവറിൽ നിന്നും 76 റൺസ് വഴങ്ങി മോശം പ്രകടനമായിരുന്നു സിറാജ് കാഴ്ച്ചവെച്ചത്. ഇക്കുറി ടീമിൽ തിരികെയെത്തുമ്പോൾ മികച്ച പ്രകടനമാണ് സിറാജിൽ നിന്നും ടീം പ്രതീക്ഷിക്കുന്നത്.