ക്യാപ്റ്റൻസി ആരുടെയും ജന്മാവകാശമല്ല, റൺസ് നേടാനാണ് ഇനി കോഹ്ലി നോക്കേണ്ടത്, മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ

ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞുവെങ്കിലും ഇന്ത്യൻ ടീമിലെ കോഹ്ലിയുടെ ഉത്തരവാദിത്വങ്ങളിൽ മാറ്റമുണ്ടാകില്ലയെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതോടെ മൂന്ന് ഫോർമാറ്റിലും ഇനി പ്ലേയറായിട്ടായിരിക്കും കോഹ്ലി ഇന്ത്യയ്ക്ക് വേണ്ടി കളിക്കുക. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പര വർഷങ്ങൾക്ക് ശേഷം പ്ലേയറായിട്ടുള്ള കോഹ്ലിയുടെ ആദ്യ പരമ്പര കൂടിയാണ്.

( Picture Source : BCCI )

ടി20 ക്യാപ്റ്റൻ സ്ഥാനവും ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനവും കോഹ്ലി സ്വയം ഒഴിഞ്ഞപ്പോൾ ഏകദിന ക്യാപ്റ്റൻസിയിൽ നിന്നും കോഹ്ലിയെ ഒഴിവാക്കികൊണ്ടാണ് ബിസിസിഐ രോഹിത് ശർമ്മയെ ക്യാപ്റ്റനായി നിയമിച്ചത്. പരിക്ക് മൂലം രോഹിത് ശർമ്മയ്ക്ക് കളിക്കാൻ സാധിക്കാത്തതിനാൽ കെ എൽ രാഹുലാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യയെ നയിക്കുന്നത്.

” ക്യാപ്റ്റൻ സ്ഥാനം ആരുടെയും ജന്മാവകാശമല്ല. വിരാട് കോഹ്ലിയ്ക്ക് ക്യാപ്റ്റൻ സ്ഥാനം കൈമാറിയ ശേഷവും കോഹ്ലിയ്ക്ക് കീഴിൽ എം എസ് ധോണി കളിച്ചിട്ടുണ്ട്. മൂന്ന് ഐസിസി ട്രോഫികളും ഐ പി എൽ ട്രോഫികളും നേടിയിട്ടുള്ള ക്യാപ്റ്റനായിരുന്നു എം എസ് ധോണി. “

( Picture Source : BCCI )

” റൺസ് സ്കോർ ചെയ്യാനാണ് കോഹ്ലിയിനി നോക്കേണ്ടത്, അതാണ് പ്രധാനമെന്ന് ഞാൻ കരുതുന്നു. ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നത് സ്വപ്നം കാണുമ്പോൾ ക്യാപ്റ്റനാകുന്നതിനെ കുറിച്ച് നമ്മൾ സ്വപ്നം കാണില്ല. ഇന്ത്യയ്ക്കായി മത്സരങ്ങൾ വിജയിക്കണമെന്ന് മാത്രമായിരിക്കും നിങ്ങൾ സ്വപ്നം കാണുക. ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞാലും ടോസ് ചെയ്യകയും ഫീൽഡ് സജ്ജീകരിക്കുകയും ചെയ്യുന്നില്ല എന്നതൊഴിച്ചാൽ യാതൊരു മാറ്റവും ഉണ്ടാകുന്നില്ല. പക്ഷേ നിങ്ങളുടെ എനർജിയും തീക്ഷ്ണതയും അതേപടി നിലിർത്തണം. കാരണം രാജ്യത്തിന് വേണ്ടി കളിക്കുന്നത് എല്ലായ്പ്പോഴും അഭിമാനമാണ്. ” ഗൗതം ഗംഭീർ പറഞ്ഞു. .

( Picture Source : BCCI )

” ക്യാപ്റ്റനായിരുന്നപ്പോൾ ഉണ്ടായിരുന്ന അതേ ഉത്തരവാദിത്വമാണ് അവനുള്ളത്. മൂന്നാമനായി ബാറ്റ് ചെയ്ത് ധാരാളം റൺസ് നേടുക, ഇന്നിങ്സ് നിയന്ത്രിക്കുക. ടോപ്പ് ഓർഡറിൽ കെ എൽ രാഹുലിനൊപ്പം രോഹിത് ശർമ്മയെത്തുമ്പോൾ കോഹ്ലിയുടെ റോളിൽ ഒരു മാറ്റവുമുണ്ടാകില്ല. ” ഗംഭീർ കൂട്ടിച്ചേർത്തു.

( Picture Source : BCCI )