Skip to content

ജോഹന്നാസ്ബർഗിൽ ആദ്യമായി ഇന്ത്യയെ പരാജയപെടുത്തി സൗത്താഫ്രിക്ക, വിജയശില്പിയായി ക്യാപ്റ്റൻ ഡീൻ എൽഗർ

ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ആതിഥേയായ ദക്ഷിണാഫ്രിക്കയ്ക്ക് തകർപ്പൻ വിജയം. ജോഹന്നാസ്ബർഗിൽ നടന്ന മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ പരാജയപെടുത്തിയത്. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 240 റൺസിൻ്റെ വിജലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ സൗത്താഫ്രിക്ക മറികടന്നു. ക്യാപ്റ്റൻ ഡീൻ എൽഗറുടെ തകർപ്പൻ ബാറ്റിങ് മികവിലാണ് ദക്ഷിണാഫ്രിക്ക വിജയം നേടിയത്.

( Picture Source : Twitter )

നാലാം ദിനം ആദ്യ രണ്ട് സെഷനുകൾ മഴമൂലം ഉപേക്ഷിച്ചതിന് ശേഷം മൂന്നാം സെഷനിലായിരുന്നു ദക്ഷിണാഫ്രിക്ക വിജയം നേടിയത്. ആതിഥേയർക്ക് വേണ്ടി ക്യാപ്റ്റൻ ഡീൻ എൽഗർ 188 പന്തിൽ പുറത്താകാതെ 96 റൺസും ബാവുമ പുറത്താകാതെ 45 പന്തിൽ 23 റൺസും നേടി. 92 പന്തിൽ 40 റൺസ് നേടിയ വാൻഡർ ഡസ്സൻ്റെ വിക്കറ്റ് മാത്രമാണ് നാലാം ദിനം സൗത്താഫ്രിക്കയ്ക്ക് നഷ്ടമായത്.

( Picture Source : Twitter )

മത്സരത്തിൽ ടീമിലെ പ്രധാന ബൗളർമാരായ ഷാമിയും ബുംറയും സിറാജും നിറംമങ്ങിയപ്പോൾ ആദ്യ ഇന്നിങ്സിൽ ഏഴ് വിക്കറ്റ് വീഴ്ത്തിയ ഷാർദുൽ താക്കൂർ മാത്രമാണ് ഇന്ത്യൻ ബൗളർമാരിൽ മികവ് പുലർത്തിയത്. ഷാമി മത്സരത്തിൽ മൂന്ന് വിക്കറ്റ് നേടിയപ്പോൾ ഒരു വിക്കറ്റ് മാത്രമാണ് ബുംറയ്ക്ക് നേടാനായത്. സിറാജിനാകട്ടെ വിക്കറ്റൊന്നും നേടുവാൻ സാധിച്ചില്ല.

( Picture Source : BCCI )

ജോഹന്നാസ്ബർഗിൽ ഇന്ത്യ ഏറ്റുവാങ്ങുന്ന ആദ്യ പരാജയം കൂടിയാണിത്. ഇതിനുമുൻപ് ഇവിടെ നടന്ന അഞ്ച് മത്സരങ്ങളിൽ രണ്ട് മത്സരങ്ങളിൽ ഇന്ത്യ വിജയച്ചപ്പോൾ മൂന്ന് മത്സരങ്ങൾ സമനിലയിൽ കലാശിച്ചു.

നേരത്തെ ആദ്യ ഇന്നിങ്സിൽ 27 റൺസിൻ്റെ ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ 266 റൺസ് നേടിയിരുന്നു. 53 റൺസ് നേടിയ ചേതേശ്വർ പുജാരയും 58 റൺസ് നേടിയ അജിങ്ക്യ രഹാനെയും 40 റൺസ് നേടിയ ഹനുമാ വിഹാരിയുമാണ് രണ്ടാം ഇന്നിങ്സിൽ ഇന്ത്യയ്ക്കായി തിളങ്ങിയത്. മൂന്ന് വിക്കറ്റ് വീതം നേടിയ കഗിസോ റബാഡ, ലുങ്കി എങ്കിഡി, മാർക്കോ ജാൻസൻ എന്നിവരാണ് വിജയലക്ഷ്യം 240 റൺസിനുള്ളിൽ ഒതുക്കിയത്.

( Picture Source : BCCI )

മത്സരത്തിലെ വിജയത്തോടെ സൗത്താഫ്രിക്ക 1-1 ന് പരമ്പരയിൽ ഇന്ത്യക്കൊപ്പമെത്തി. നേരത്തെ സെഞ്ചൂറിയനിൽ നടന്ന ആദ്യ മത്സരത്തിൽ ഇന്ത്യ 113 റൺസിന് വിജയിച്ചിരുന്നു. ജനുവരി 11 ന് കേപ് ടൗണിലാണ് പരമ്പരയിലെ അവസാന മത്സരം. പരിക്ക് മൂലം ഈ മത്സരം നഷ്ടമായ ക്യാപ്റ്റൻ വിരാട് കോഹ്ലി മൂന്നാം മത്സരത്തോടെ ടീമിൽ തിരിച്ചെത്തും.

( Picture Source : BCCI )